നവദമ്പതികളുടെ കൊലപാതകം: ശാസ്ത്രീയ രീതിയിലുള്ള അന്വേഷണം പുരോഗമിക്കുന്നു- ഐ ജി

Posted on: July 10, 2018 10:28 am | Last updated: July 10, 2018 at 10:28 am
SHARE

മാനന്തവാടി: നവദമ്പതികള്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണ പുരോഗതി വിലയിരുത്തുന്നതിന് കണ്ണൂര്‍ റെയ്ഞ്ച് ഐ ജി. ബല്‍റാം കുമാര്‍ ഉപാധ്യായ സംഭവസ്ഥലം സന്ദര്‍ശിച്ചു. പത്ത് മിനുട്ടോളം വീട്ടില്‍ ചെലവഴിച്ച ശേഷം കോറോം പോലീസ് സ്റ്റേഷനായി നിര്‍മിച്ച കെട്ടിടത്തിലും ഐ ജിയും സംഘവുമെത്തി. ജില്ലാ പോലീസ് മേധാവി കറുപ്പ സ്വാമി, അന്വേഷണ ഉദ്യോഗസ്ഥനായ മാനന്തവാടി ഡി വൈ എസ് പി. കെ എം ദേവസ്യ, കല്‍പ്പറ്റ ഡി വൈ എസ് പി. പ്രിന്‍സ് അബ്രഹാം, രഹസ്യാന്വേഷണ വിഭാഗം ഡി വൈ എസ് പി. ബിജോ അലക്‌സാണ്ടര്‍, സി ഐമാരായ പി കെ മണി, എം ഡി സുനില്‍ എന്നിവര്‍ക്കു പുറമെ എസ് ഐമാര്‍ ഉള്‍പ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരും ഐ ജി വിളിച്ചുചേര്‍ത്ത മണിക്കൂറുകളോളം നീണ്ട യോഗത്തില്‍ പങ്കെടുത്തു.

ശാസ്ത്രീയമായ രീതിയിലുള്ള അന്വേഷണം പുരോഗമിക്കുന്നതായി ഐ ജി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അന്വേഷണ പരിധിയിലുള്ള കാര്യമായതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കില്ല. എല്ലാ മേഖലകളിലും സമഗ്ര രീതിയില്‍ അന്വേഷണം നടത്തും. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന കാര്യങ്ങളില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട. സോഷ്യല്‍ മീഡിയ വഴി തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. ഇത്തരം കാര്യങ്ങള്‍ പോലീസ് പ്രത്യേകം നിരീക്ഷിക്കും. ജനങ്ങള്‍ക്ക് എന്തു പരാതിയുണ്ടെങ്കിലും പോലീസുമായി ബന്ധപ്പെടാം. സ്‌റ്റേഷനിലെത്തി കാര്യങ്ങള്‍ ധരിപ്പിക്കാം.
അതിനിടെ, കൊലപാതകം നടന്ന വീട് ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോ. പ്രസന്നന്റെ നേതൃത്വത്തിലാണ് നാല് പേരടങ്ങുന്ന സംഘം പരിശോധന നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here