Connect with us

Kerala

ജി എന്‍ പി സി ഗ്രൂപ്പ് ഡിലിറ്റ് ചെയ്യാന്‍ ഫേസ്ബുക്കിന് നിര്‍ദേശം

Published

|

Last Updated

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് എക്‌സൈസ് വകുപ്പ് കണ്ടെത്തിയ സോഷ്യല്‍ മീഡിയയിലെ ഏറ്റവും വലിയ മലയാളി രഹസ്യ ഗ്രൂപ്പായ ജി എന്‍ പി സി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) ക്കെതിരെ കര്‍ശന നിലപാടുമായി എക്‌സൈസ് വകുപ്പ്. നടപടികളുടെ ഭാഗമായി ഗ്രൂപ്പ് ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്ക് അധികൃതര്‍ക്ക് എക്‌സൈസ് വകുപ്പ് കത്ത് നല്‍കിയിട്ടുണ്ട്. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗാണ് ഇതുസംബന്ധിച്ച് ഫേസ്ബുക്കിന് കത്ത് നല്‍കിയത്.
ഗ്രൂപ്പ് അഡ്മിനായ അജിത്ത് കുമാറിനെ കഴിഞ്ഞ ദിവസം രാത്രി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നേമം കാരയ്ക്കാമണ്ഡപത്തെ വീട്ടില്‍ എക്‌സൈസ് റെയ്ഡ് നടത്തിയ ശേഷമായിരുന്നു അറസ്റ്റ്. നേരത്തെ അജിത്ത്കുമാറും ഭാര്യയും മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിക്കുന്നതിന് മുമ്പാണ് എക്‌സൈസ് സംഘം അറസ്റ്റിലേക്ക് നീങ്ങിയത്. അതേസമയം കൂപ്പണ്‍ ഉപയോഗിച്ച് വീട്ടില്‍ മദ്യവില്‍പ്പന നടത്തിയ കേസിലാണ് അജിത്ത് കുമാറിനെ അറസ്റ്റ് ചെയ്തതെന്നാണ് എക്‌സൈസിന്റെ വിശദീകരണം.

ജി എന്‍ പി സിക്കെതിരെ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഗ്രൂപ്പില്‍ മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകള്‍ ഉള്ളതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ മദ്യത്തിനൊപ്പം പിഞ്ചുകുഞ്ഞുങ്ങളുടെ ചിത്രവും കുട്ടികളുടെ സാന്നിധ്യത്തില്‍ മദ്യപിക്കുന്ന ദൃശ്യങ്ങളും വ്യാപകമായി ഗ്രൂപ്പില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. ഇതു കൂടാതെ സൈബര്‍ പോലീസ് കണ്ടെത്തിയ ശവക്കല്ലറക്ക് മുകളില്‍ മദ്യം വെച്ചുള്ള ചിത്രം പൊതുസ്ഥലത്ത് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതായി അന്വേഷണ സംഘം വിലയിരുത്തുന്നു. ഇതിന്റെ പേരിലും കേസെടുക്കാന്‍ നീക്കമുണ്ട്. കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ സാധിക്കുന്ന കുറ്റകൃത്യങ്ങളുടെ തെളിവുകളും ജി എന്‍ പി സിയിലെ പോസ്റ്റുകളില്‍ ഉണ്ടെന്നാണ് എക്‌സൈസ് വകുപ്പിന്റെ വിലയിരുത്തല്‍.

ഇതിന്റെ അടിസ്ഥാനത്തില്‍ മതവികാരം വൃണപ്പെടുത്തല്‍, ജുവനൈല്‍ ജസ്റ്റിസ് വകുപ്പ്, അബ്കാരി ആക്ട് ലംഘനം തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതേ തുടര്‍ന്ന് ഗ്രൂപ്പിന്റെ 38 അഡ്മിന്‍മാര്‍ക്കെതിരെയും കേസെടുക്കാന്‍ തീരുമാനിച്ചു. വിവരം പുറത്തുവന്നതോടെ ഇന്നലെ അറസ്റ്റിലായ അഡ്മിന്‍ ടി എല്‍ അജിത്ത്കുമാര്‍ ഒഴികെ എല്ലാവരും ഒളിവിലാണ്.
സര്‍ക്കാറും എക്‌സൈസും ലഹരിക്കെതിരെ ശക്തമായ ബോധവത്കരണം നടത്തുന്നതിനിടെ ഈ ഗ്രൂപ്പിലൂടെ മദ്യപിക്കേണ്ട രീതികള്‍, ഇതിന്റെ കൂടെ കഴിക്കേണ്ട ഭക്ഷണങ്ങള്‍, പുതിയ ബ്രാന്‍ഡുകള്‍ തുടങ്ങിയവ പ്രചരിക്കുന്നുണ്ട്. ഇതു മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതായി മദ്യവിരുദ്ധ സംഘടനകള്‍ പരാതിപ്പെട്ടിട്ടുണ്ട്.

Latest