Connect with us

Articles

ആധാറും സാക്ഷ്യപ്പെടുത്തിയ രേഖകളും

Published

|

Last Updated

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ ഗുണഫലം സമ്പന്നര്‍ക്കൊപ്പം ദരിദ്രര്‍ക്കുമുണ്ടായിട്ടുണ്ടെന്നത് ഒരു യാഥാര്‍ഥ്യമാണ്. രാജ്യത്തെ താഴ്ന്ന വരുമാനക്കാരായവരെയും അവശത അനുഭവിക്കുന്നവരെയും സാമ്പത്തികമായി സഹായിക്കുന്നതിന് വേണ്ടി അനവധി സേവന പദ്ധതികളാണ് സര്‍ക്കാറുകളെല്ലാം ഇതിനകം കൊണ്ടുവന്നിട്ടുള്ളത്. എന്നാല്‍ അത്തരം സമ്പത്തിക സഹായങ്ങള്‍ അര്‍ഹരുടെ കൈകളില്‍ എത്തിച്ചേരുന്നത് നിശ്ചയിച്ചതില്‍ നിന്നു വളരെ കുറവ് സംഭവിക്കുന്ന അവസ്ഥയായിരുന്നു ഏറെ കാലമായി രാജ്യത്ത് നിലനിന്നിരുന്നത്.

ഇടനിലക്കാരായി രംഗപ്രവേശം ചെയ്യുന്നവര്‍ ഗുണഭോക്താക്കളുടെ അജ്ഞത ചൂഷണം ചെയ്യാറുണ്ടെന്നതാണ് ഇതിന് കാരണമായി പറയുന്നത്. എന്നാല്‍ അടുത്ത കാലങ്ങളിലായി അത്തരം സാഹചര്യങ്ങളില്‍ ഗുണകരമായ മാറ്റം കാണാനായിരിക്കുന്നു എന്നതിന്റെ കാരണം ആധുനിക വിവര സാങ്കേതിക വിദ്യകള്‍ സാമൂഹ്യക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതിലും അതിന്റെ ഭാഗമായുള്ള സാമ്പത്തിക വിതരണത്തിനും ഉപയോഗപ്പെടുത്താന്‍ നടപടികളുണ്ടായി എന്നതാണ്. സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതില്‍ ഏറെ താത്പര്യം കാണിക്കുന്ന സംസ്ഥാനങ്ങളില്‍ കേരളം മുന്‍നിരയില്‍ തന്നെയാണ്. സംസ്ഥാനത്ത് ഗ്രാമപഞ്ചായത്ത് ഓഫീസുകളും വില്ലേജ് ഓഫീസുകളുമെല്ലാം ഇതിനകം ഇന്റര്‍നെറ്റ് സംവിധാനത്തിലൂടെ ആവശ്യമായ വിവരങ്ങള്‍ കൈമാറ്റം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു എന്നത് കൊണ്ട് ആവശ്യമായ രേഖകള്‍ ലഭിക്കുന്നതിനായി ജനങ്ങള്‍ക്ക് പഴയപോലെ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വരുന്നില്ല .

സംസ്ഥാനത്ത് 941 ഗ്രാമപഞ്ചായത്ത് ഓഫീസുകളും 1,664 വില്ലേജ് ഒഫീസുകളുമാണ് പ്രവര്‍ത്തിക്കുന്നത്. 15,962 വാര്‍ഡുകളിലായി താമസിക്കുന്ന നാല് കോടിയോളം വരുന്ന ജനങ്ങളുടെ ജനന സര്‍ട്ടിഫിക്കറ്റുകള്‍, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ വിതരണം ചെയ്ത് കൊണ്ടിരിക്കുന്നത് ഗ്രാമപഞ്ചായത്ത് ഓഫീസുകള്‍, വില്ലേജ് ഓഫീസുകള്‍ എന്നീ സര്‍ക്കാര്‍ കാര്യാലയങ്ങളിലൂടെയാണ്. 1996 മുതല്‍ സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകള്‍ പ്രാദേശിക സര്‍ക്കാറുകളായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. 1996 വരെ ചെറിയ കെട്ടിടങ്ങളില്‍ നാമമാത്ര ഉദ്യോഗസ്ഥരും പരിമിതമായ സൗകര്യങ്ങളുമാണ് ഉണ്ടായിരുന്നതെങ്കില്‍ നിലവില്‍ ഒരോ ഗ്രാമ പഞ്ചായത്ത് കാര്യാലയങ്ങളിലും ആവശ്യാനുസരണം ഉദ്യോഗസ്ഥരും സ്വന്തമായി വാഹനങ്ങളും വിപുലമായ അധികാരങ്ങളുമെല്ലാമായി. അത്യാധുനിക സൗകര്യങ്ങളോടെ വിശാലമായ കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. വില്ലേജ് ഓഫീസുകളുടെ സ്ഥിതിയും മറിച്ചല്ലെന്ന് കാണാം. സാധാരണ വില്ലേജ് ഓഫീസുകളിലും ഗ്രാമ പഞ്ചായത്ത് കാര്യാലയങ്ങളിലും ജൂണ്‍, ജുലൈ മാസങ്ങളിലാണ് ഏറ്റവും തിരക്കനുഭവപ്പെടാറുള്ളത്. പഠനാവശ്യാര്‍ഥം വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഒരേ സമയം ഓഫീസുകളില്‍ നേരിട്ട് ചെല്ലാന്‍ നിര്‍ബന്ധിതരായിരിക്കും.

വിദ്യാലയങ്ങളില്‍ പ്രഥമ പഠിതാവായി പ്രവേശനം ലഭിക്കാന്‍ ഗ്രാമ പഞ്ചായത്തില്‍ നിന്നു ജനന സര്‍ട്ടിഫിക്കറ്റ് മാത്രമാണ് വേണ്ടത്. എന്നാല്‍ എസ് എസ് എല്‍ സി പാസ്സായ ഓരോ വിദ്യാര്‍ഥിയുടെയും രക്ഷിതാക്കള്‍ ഗ്രാമ പഞ്ചായത്തിലെയും വില്ലേജ് ഓഫീസുകളിലെയും നിത്യ സന്ദര്‍ശകരായി മാറുന്നതായാണ് കാണാന്‍ കഴിയുന്നത്. അടുത്ത കാലത്തായി നീന്തല്‍ അഭ്യസിച്ചിട്ടുള്ളവര്‍ക്കുള്ള സാക്ഷ്യപത്രങ്ങള്‍ നല്‍കി കൊണ്ടിരിക്കുന്നത് സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരാണ്. ഉപരി പഠനാവശ്യാര്‍ഥം ആവശ്യമായി വരുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് മുതലായവക്കായി നേരിട്ട് ചെല്ലാന്‍ നിര്‍ബന്ധിതരാവുന്നതു ജൂണ്‍ ജൂലൈ മാസങ്ങളില്‍ തിരക്ക് വര്‍ധിക്കാന്‍ കാരണം.
സര്‍ക്കാര്‍ ഓഫീസുകളെല്ലാം പേപ്പര്‍ രഹിത വിവര കൈമാറ്റ സംവിധാനത്തിലേക്ക് അതിവേഗം മാറി കൊണ്ടിരിക്കുകയും ബഹുഭൂരിപക്ഷം ജനങ്ങളും അത്തരത്തിലുള്ള സംവിധാനങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തരാവുകയും ചെയ്തിരിക്കുന്നതിനാല്‍ സാക്ഷ്യപത്രങ്ങള്‍ ലഭിക്കുന്നതിനായി ഉദ്യോഗസ്ഥരുടെ മുമ്പില്‍ ഓഛാനിച്ച് നില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കാന്‍ ഭരണകൂടം തയ്യാറാവണം.

കേരളത്തില്‍ 2010 വരെ സര്‍ക്കാറിന് വ്യക്തികളെ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നതിന് വിവിധ കാര്യാലയങ്ങളില്‍ നിന്നായി തപാല്‍ മുഖേന അവ ശേഖരിക്കുകയല്ലാതെ മാര്‍ഗമുണ്ടായിരുന്നില്ല. എന്നാല്‍, 2010ന് ശേഷം സംസ്ഥാനത്തെ ഏതൊരു വ്യക്തിയെ സംബന്ധിച്ച വിവരവും നിമിഷങ്ങള്‍ക്കകം ശേഖരിക്കാന്‍ പറ്റും. 2010 സെപ്തംബര്‍ 29ന് മന്‍മോഹന്‍ സിംഗ് ആധാര്‍ കാര്‍ഡ് പദ്ധതി ഉദ്ഘാടനം ചെയ്തതോടെയാണ് ഇത് സംജാതമായത്.
ആധാറിന്റെ ആധികാരികതയുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പേ സുപ്രീം കോടതി മുമ്പാകെ എത്തിയ ആക്ഷേപങ്ങളില്‍ നാളിത് വരെയും അന്തിമമായ വിധി പ്രസ്താവം ഉണ്ടായിട്ടില്ലാത്തതിനാല്‍ ആധാര്‍ സര്‍ക്കാറിന്റെ സമസ്ത മേഖലകളിലേക്കും വ്യാപിപ്പിച്ച് കൊണ്ടിരിക്കുന്നു. രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ആധാറിന്റെ ഉടമകളാക്കുന്നതിനുള്ള പ്രവത്തനങ്ങളില്‍ അതീവ താത്പര്യമാണ് മോദി സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. വരാനിരിക്കുന്ന വിധി അനുകൂലമോ പ്രതികൂലമോ എന്ത് തന്നെ ആയാലും ശരി ആധാര്‍ കാര്‍ഡുകള്‍ എല്ലാവര്‍ക്കും നിര്‍ബന്ധമാക്കി കൊണ്ടിരിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്ത് കൊണ്ടിരിക്കുന്നത്.

സ്‌കൂളില്‍ നിന്ന് കുട്ടികള്‍ക്ക് ഉച്ചഭക്ഷണം ലഭിക്കാന്‍ മുതല്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വരെ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാണ്. അത് ഇന്ത്യയില്‍ എവിടെയും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാവുന്നതാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ 99 ശതാമാനം പേരും ആധാര്‍ കാര്‍ഡിന്റെ ഉടമകളായി മാറിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനങ്ങളില്‍ നിന്നും മനസ്സിലാക്കാനാവുന്നത്. ആധാര്‍ കാര്‍ഡ് ലഭിക്കാന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റോ ജനന സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാണ്. സ്‌കൂളില്‍ ചേരാന്‍ സ്വാതന്ത്ര്യാനന്തര കാലം തൊട്ടേ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാനമാണ് കേരളവും. ജനന സര്‍ട്ടിഫിക്കറ്റിലാവട്ടെ ജനിച്ച കുട്ടിയുടെ പൂര്‍ണമായ വിവരങ്ങളാണ് രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത് അതില്‍ ജാതി, മതം, ലിംഗം, മാതാവ്, പിതാവ്, നേറ്റിവിറ്റി തുടങ്ങിയ വിവരങ്ങളെല്ലാമുണ്ടാകും. തന്നെ സംബന്ധിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള ഔദ്യോഗിക രേഖകളുമായി പ്രഥമ വിദ്യാലയത്തിലെ പ്രഥമ ക്ലാസില്‍ പഠിതാവായി ചേരുന്ന ഓരോ വിദ്യാര്‍ഥിയുടെയും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളില്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ സൂചിപ്പിച്ചിട്ടുള്ള വിവരങ്ങളെല്ലാം ഉള്‍പ്പെടുത്താറുണ്ടെന്നിരിക്കെ ആ വിദ്യാര്‍ഥി എസ് എസ് എല്‍ സിപാസാവുന്നതോടെ ഉപരിപഠനത്തിന് ജാതിയും മതവും ദേശവും ഭാഷയും തെളിയിക്കുന്നതിന് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയ രേഖകള്‍ കൂടെ ഹാജരാക്കണമെന്നത് ആശ്ചര്യകരം തന്നെയാണ്. പ്രത്യേകിച്ചും ആധാര്‍ കാര്‍ഡ് പോലെ വ്യക്തികളുടെ പൂര്‍ണവിവരങ്ങള്‍ നിമിഷങ്ങള്‍ക്കകം ശേഖരിക്കാന്‍ കഴിയുന്ന സംവിധാനങ്ങളും അതോടൊപ്പം ആധുനിക സാങ്കേതിക വിദ്യകള്‍ സജ്ജീകരിച്ചിട്ടുള്ള സ്ഥാപനങ്ങളായി ഗ്രാമ പഞ്ചായത്ത് ഓഫീസുകളും വില്ലേജ് താലൂക്ക് ഓഫീസുകളും മറി കഴിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍.

വിവിധ ഓഫീസുകളില്‍ നിന്നായി അനേക സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുന്നതിന് പകരമായി അവരുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങളെയോ ജനന സര്‍ട്ടിഫിക്കറ്റ് പ്രകാരം വിവരങ്ങള്‍ രേഖപ്പെടുത്തിയ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങളെയോ വിശ്വാസത്തിലെടുത്ത് (അത്തരം സര്‍ട്ടിഫിക്കറ്റുകളിലെ വിവരങ്ങള്‍ തിരുത്താന്‍ അവര്‍ ആവശ്യപ്പെടുന്നില്ല എങ്കില്‍) തുടര്‍പഠനങ്ങള്‍ക്കുള്ള അനുമതി നല്‍കാന്‍ ബദ്ധപ്പെട്ടവര്‍ തയ്യാറാവേണ്ടതുണ്ട്. സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അത്തരത്തിലൊരു നടപടി ഉണ്ടാവുന്ന പക്ഷം വിവരങ്ങള്‍ ആവര്‍ത്തിച്ച് ശേഖരിക്കേണ്ട യുക്തിരഹിതമായ പ്രവര്‍ത്തിയില്‍ നിന്നും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മോചനം ലഭിക്കും.
ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് മെച്ചപ്പെട്ട രീതിയാണ് സര്‍ക്കാര്‍ കാര്യാലയങ്ങളില്‍ സജ്ജീകരിച്ചിരിക്കുന്നതെങ്കിലും അത്തരം കാര്യാലയങ്ങളില്‍ പൊതുജന സേവനാര്‍ഥം നിയമിതരായിട്ടുള്ളവരില്‍ ഭൂരിഭാഗത്തിന്റെയും സമീപനം അടിമവ്യവസ്ഥിതിക്ക് സമാനമാണ്. ഇതും കാരണം കേരളത്തിലെ അഭ്യസ്ഥവിദ്യരായവര്‍ പോലും നിയമാനുസൃതം ലഭിക്കേണ്ടതായ സേവനങ്ങള്‍ക്കായി സര്‍ക്കാര്‍ കാര്യാലയങ്ങളെ സമീപിക്കാന്‍ താത്പര്യപെടാറില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സാരോപദേശത്തിലൂടെ നന്നാക്കിയെടുക്കാമെന്ന ധാരണ സര്‍ക്കാറിന്റെ വ്യാമോഹം മാത്രമായിഅവശേഷിക്കുന്നു. പൊതുഖജനാവില്‍ നിന്നു ഭീമമായ പണം ചെലവിട്ട് സജ്ജമാക്കിയിട്ടുള്ള ആധുനിക ഇലക്ട്രോണിക് വിവര കൈമാറ്റ സങ്കേതിക വിദ്യയുടെ ഗുണഫലങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള അടിയന്തര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് പൊതുജനം ആഗ്രഹിക്കുന്നത്.

Latest