പ്രവേശന പരീക്ഷയിലെ പരിഷ്‌കാരങ്ങള്‍

Posted on: July 10, 2018 9:43 am | Last updated: July 10, 2018 at 9:43 am
SHARE

യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ സംവിധാനം അവസാനിപ്പിച്ച് പകരം ഹയര്‍ എജ്യൂക്കേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ രൂപവത്കരിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ പരിഷ്‌കാരങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. അഖിലേന്ത്യാ പ്രവേശന പരീക്ഷകളുടെ നടത്തിപ്പിനായി നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ ടി എ) രൂപവത്കരിക്കുമെന്നതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഇതുവരെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷന്‍- സി ബി എസ് ഇയും ആള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍- എ ഐ സി ടിയും നടത്തിവന്ന പരീക്ഷകളാണ് നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സിയെന്ന സ്ഥാപനത്തിന്റെ ചുമതലയിലേക്ക് മാറുന്നത്. നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റ് (എന്‍ ഇ ടി- നെറ്റ്), നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (എന്‍ ഇ ഇ ടി- നീറ്റ്), ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ ഇ ഇ) എന്നിവ എന്‍ ടി എ ആയിരിക്കും ഇനി മുതല്‍ നടത്തുകയെന്നാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്‌ദേകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്‍ ടി എ രൂപവത്കരണത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിക്കഴിഞ്ഞിട്ടുണ്ട്.

നീറ്റ്, ജെ ഇ ഇ എന്നിവ വര്‍ഷത്തില്‍ രണ്ട് തവണ നടത്തുമെന്നാണ് മന്ത്രിയുടെ മറ്റൊരു പ്രധാന പ്രഖ്യാപനം. നീറ്റ് ഫെബ്രുവരി, മെയ് മാസങ്ങളിലും ജെ ഇ ഇ (മെയിന്‍) ജനുവരി, ഏപ്രില്‍ മാസങ്ങളിലും നടത്തും. നീറ്റും ജെ ഇ ഇയും വര്‍ഷത്തില്‍ രണ്ട് തവണ നടത്തുന്നതിനെ മിക്കവാറും വിദ്യാര്‍ഥികളും രക്ഷിതാക്കളും വിദ്യാഭ്യാസ വിചക്ഷണന്‍മാരും സ്വാഗതം ചെയ്യുന്നുണ്ട്. രണ്ട് തവണയും പരീക്ഷയെഴുതുന്ന വിദ്യാര്‍ഥിക്ക് ഏതിലാണോ ഉയര്‍ന്ന സ്‌കോര്‍ കിട്ടുന്നത് അതാകും പരിഗണിക്കുക എന്നതിനാല്‍ വലിയ സമ്മര്‍ദത്തിന്റെ പ്രശ്‌നം ഉദിക്കുന്നില്ല. അസുഖം മൂലമോ മറ്റ് അവിചാരിത കാരണങ്ങളാലോ പരീക്ഷയെഴുതാന്‍ സാധിക്കാത്തവര്‍ക്ക് രണ്ടാം പരീക്ഷയില്‍ പങ്കെടുക്കാമെന്ന സൗകര്യവുമുണ്ട്. നേരത്തെയാണെങ്കില്‍ ഒരു തവണ എഴുതിയ പരീക്ഷയില്‍ റാങ്ക് മോശമായാല്‍ ഒരു വര്‍ഷത്തെ കാത്തിരിപ്പ് വേണമായിരുന്നു മറ്റൊരു ശ്രമത്തിന്. പുതിയ സംവിധാനത്തില്‍ നാലോ അഞ്ചോ ദിവസങ്ങളിലായിട്ടാകും പരീക്ഷ നടത്തുക. വിദ്യാര്‍ഥികള്‍ക്ക് തീയതി തിരഞ്ഞെടുക്കാനുള്ള അവസരമുണ്ടാകും. സിലബസ്, ചോദ്യ മാതൃക, ഭാഷ, പരീക്ഷാ ഫീസ് എന്നിവയില്‍ മാറ്റമുണ്ടാകില്ല. നിലവില്‍ തമിഴ്‌നാട്ടില്‍ നിന്ന് മാത്രമേ ഈ ഇരട്ട പരീക്ഷാ സംവിധാനത്തിനെതിരെ ശക്തമായ വിമര്‍ശം ഉയര്‍ന്നിട്ടുള്ളൂ. നീറ്റില്‍ നിന്ന് ഇളവ് വേണമെന്ന് തമിഴ്‌നാട് നിരന്തരം ആവശ്യപ്പെട്ടു വരികയായിരുന്നു. പുതിയ സംവിധാനം

വിദ്യാര്‍ഥികള്‍ക്കിടയില്‍ ആശയക്കുഴപ്പുമുണ്ടാക്കുമെന്നാണ് അവര്‍ പറയുന്നത്. ഓണ്‍ലൈന്‍ പരീക്ഷയാണ് നടക്കുക എന്നതിനാല്‍ അത് ഗ്രാമീണ വിദ്യാര്‍ഥികള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന വിമര്‍ശത്തില്‍ കഴമ്പുണ്ട്. കേരളം പോലെ ഇന്റര്‍നെറ്റ് വ്യാപനം ഏറെക്കുറെ സാധ്യമായ സംസ്ഥാനത്ത് പോലും ഗ്രാമീണ മേഖലയില്‍ ചില പ്രശ്‌നങ്ങള്‍ ഉടലെടുക്കും. കേന്ദ്ര സര്‍ക്കാറിന്റെ മുന്‍കൈയില്‍ കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുമെന്നാണ് മന്ത്രി ജാവ്‌ദേകര്‍ പറഞ്ഞിട്ടുള്ളത്. ഗ്രാമീണ മേഖലയിലെ വിദ്യാലയങ്ങള്‍ വഴി ഇപ്പോള്‍ തന്നെ പരിശീലനം തുടങ്ങുമെന്നും സാമ്പത്തിക പിന്നാക്കാവസ്ഥ മൂലം ഒരു കുട്ടിയും പിന്‍തള്ളപ്പെടുന്ന പ്രശ്‌നമില്ലെന്നും മന്ത്രി പറയുന്നു. ഈ വാഗ്ദാനം നടപ്പായാല്‍ അത് വലിയ കാര്യമായിരിക്കും. എന്നാല്‍ അത് ഏട്ടിലെ പശുവായാല്‍ സാങ്കേതിക സൗകര്യങ്ങള്‍ ഉള്ളവരുടെയും സമ്പന്നരുടെയും മക്കള്‍ മാത്രം ജയിച്ചു കയറുന്ന സ്ഥിതി തുടരും. അതുകൊണ്ട് കേന്ദ്രത്തെ കാത്തു നില്‍ക്കാതെ സംസ്ഥാന സര്‍ക്കാര്‍ ഇത്തരം പരിശീലനങ്ങള്‍ക്ക് മുന്‍കൈയെടുക്കണം.

സി ബി എസ് ഇയില്‍ നിന്നും എ ഐ സി ടിയില്‍ നിന്നും പിടിച്ചു വാങ്ങിയ നടത്തിപ്പ് ചുമതല പുതുതായി വരുന്ന എന്‍ ടി എക്ക് കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമോയെന്നതാണ് ഏറ്റവും പ്രസക്തമായ ചോദ്യം. വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന നീറ്റ് പരീക്ഷയില്‍ തന്നെ പരാതി പ്രളയമാണ്. ആശയക്കുഴപ്പം നിറഞ്ഞാടുകയും ചെയ്യുന്നു. ഇതിപ്പോള്‍ രണ്ട് പ്രാവശ്യം നടക്കുകയെന്നാല്‍ ഇരട്ടി ജോലി ഭാരമാണ് വരാന്‍ പോകുന്നത്. പല സെറ്റ് ചോദ്യപ്പേപ്പറുകള്‍ വേണം. വലിയ ഇടവേളകളില്‍ വിവിധ ദിവസങ്ങളിലാണല്ലോ പരീക്ഷ നടത്തുക. ഇതിനുള്ള ഉദ്യോഗസ്ഥ സംവിധാനം സജ്ജമാക്കണം. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയാകും പരീക്ഷകള്‍ നടത്തുകയെന്നും ചോദ്യപേപ്പര്‍ ചോര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്.

ജെ ഇ ഇ (മെയ്ന്‍), നീറ്റ് എന്നിവക്ക് ലക്ഷക്കണക്കിന് വിദ്യാര്‍ഥികളാണ് ഓരോ വര്‍ഷവും അപേക്ഷിക്കുന്നത്. 13.36 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ഈ വര്‍ഷം നീറ്റിന് അപേക്ഷിച്ചത്. 11.5 ലക്ഷത്തിലധികം പേര്‍ ജെ ഇ ഇ മെയ്‌നിനും അപേക്ഷിച്ചിട്ടുണ്ട്. ഇത്ര വൈപുല്യമാര്‍ന്ന പരീക്ഷ പുതിയൊരു സംവിധാനത്തിന്‍ കീഴില്‍ വരുമ്പോള്‍ സര്‍വത്ര താളം തെറ്റുമെന്ന ആശങ്ക തള്ളിക്കളയാവതല്ല. പഴുതടച്ച തയ്യാറെടുപ്പിന് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുകയും അത് കൃത്യമായി നടപ്പാക്കുന്നുവെന്ന് ഉറപ്പു വരുത്തുകയും ചെയ്തുകൊണ്ടേ ഈ ആശങ്കകള്‍ പരിഹരിക്കാനാകൂ. അല്ലെങ്കില്‍ ഈ പരിഷ്‌കാരങ്ങള്‍ വിപരീത ഫലമായിരിക്കും ഉണ്ടാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here