നിര്‍ഭയ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ തന്നെ; പ്രതികളുടെ ഹരജി സുപ്രീം കോടതി തള്ളി

Posted on: July 9, 2018 3:12 pm | Last updated: July 10, 2018 at 10:54 am

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. നാലു പ്രതികള്‍ക്കും വധശിക്ഷ തന്നെ ലഭിക്കും. വധശിക്ഷ ലഭിച്ചതില്‍ മൂന്നു പേര്‍ മാത്രമേ പുനഃപരിശോധന ഹര്‍ജി നല്‍കിയിരുന്നുള്ളു. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ആര്‍. ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണു വിധി പ്രഖ്യാപിച്ചത്.

പ്രതികള്‍ക്ക് വിചാരണക്കോടതി നല്‍കിയ വധശിക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവച്ചിരുന്നു. 2012 ഡിസംബര്‍ 16ന് ആണ് ഓടിക്കൊണ്ടിരുന്ന ബസില്‍ ഫിസിയോതെറപ്പി വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനിരയായത്. പിന്നീടു സിംഗപ്പുരില്‍ ചികില്‍സയിലിരിക്കെ മരിച്ചു.
പ്രതികളായ മുകേഷ് (29), വിനയ് ശര്‍മ (23), അക്ഷയ് കുമാര്‍ സിങ് (31), പവന്‍ ഗുപ്ത (22) എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചിരുന്നത്.

കൊടുംക്രൂരവും വന്യവും പൈശാചികവുമായ രീതിയില്‍ നടത്തിയ കുറ്റകൃത്യം സമൂഹ മനഃസാക്ഷിയെ ഒന്നാകെ ഞെട്ടിച്ചെന്നു വധശിക്ഷ ശരിവച്ചു കൊണ്ടു കഴിഞ്ഞ വര്‍ഷം മേയില്‍ സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു.

കൂട്ടമാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട പാരാ മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ മരണമൊഴിയും പൊലീസ് നടത്തിയ സാങ്കേതിക, ശാസ്ത്രീയ പരിശോധനകളും ശക്തമായ തെളിവുകളാണെന്നും സുപ്രീം കോടതി വിലയിരുത്തി. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ പ്രതികള്‍ ഒരു വിനോദോപാധിയായി മാത്രമാണു പരിഗണിച്ചതെന്നു നിരീക്ഷിച്ചു.

ഒന്നാംപ്രതി റാം സിങ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ ജീവനൊടുക്കിയിരുന്നു.പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈല്‍ നിയമം അനുസരിച്ച് മൂന്നു വര്‍ഷത്തെ ശിക്ഷയ്ക്കു വിധിച്ചിരുന്നു. ഇയാള്‍ ശിക്ഷാകാലാവധി കഴിഞ്ഞു പുറത്തിറങ്ങി. ബാക്കിയുള്ള നാല് പ്രതികള്‍ക്ക് സാകേതിലെ ഫാസ്റ്റ്ട്രാക്ക് കോടതി 2013 സെപ്റ്റംബര്‍ 13ന് തൂക്കുകയര്‍ വിധിച്ചു. 2017 ജനുവരിയില്‍ ഡല്‍ഹി ഹൈക്കോടതി വിധി ശരിവച്ചു. ഇതിനുപിന്നാലെയാണ് പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചത്‌