ദിലീപ് പുറത്തുതന്നെ ; ‘അമ്മ ‘അക്രമിക്കപ്പെട്ട നടിക്കൊപ്പം:മോഹന്‍ ലാല്‍

Posted on: July 9, 2018 1:22 pm | Last updated: July 9, 2018 at 10:02 pm
SHARE

കൊച്ചി: ദിലീപ് വിഷയത്തില്‍ അമ്മ ഒരു പിളര്‍പ്പിന്റെ വക്കില്‍ത്തന്നെയെത്തിയിരുന്നുവെന്ന്് താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍ . സംഘടന ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നും നിയമ സഹായമൊഴിച്ചുള്ള ഏത് സഹായത്തിനും സംഘടന തയ്യാറാണെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഇന്ന് ചേര്‍ന്നത് അമ്മയുടെ എക്‌സിക്യുട്ടീവ് യോഗമല്ല. എക്‌സിക്യുട്ടീവ് ചേര്‍ന്ന ശേഷം ഡബ്ലിയുസിസിയുമായി ചര്‍ച്ച നടത്തുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

2017ല്‍ ദിലീപുമായി ബന്ധപ്പെട്ട വിഷയം അമ്മയില്‍ ചര്‍ച്ചക്കുവന്നപ്പോള്‍ നിരവധി അഭിപ്രായങ്ങള്‍ അംഗങ്ങളില്‍നിന്നും വന്നു. അന്ന് വൈകാരികമായ അഭിപ്രായപ്രകടനങ്ങളുടെ പുറത്ത് ദിലീപിനെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു. അക്കാര്യം അന്ന് പ്രഖാപിക്കുകയും ചെയ്തു. എന്നാല്‍ പുറത്താക്കിയത് നോട്ടീസുപോലും നല്‍കാതെ ചട്ട വിരുദ്ധമായാണെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് തീരുമാനം മരവിപ്പിക്കുകയായിരുന്നു. ഇക്കാര്യങ്ങള്‍ കഴിഞ്ഞ അമ്മ ജനറല്‍ ബോഡി യോഗത്തില്‍ വിശദീകരിച്ചു. എന്നാല്‍ ദിലീപിനെ തിരിച്ചെടുക്കരുതെന്ന് ഒരു വനിതാ അംഗം പോലും അവിടെ ആവശ്യപ്പെട്ടില്ല.

എന്നാല്‍ താന്‍ സംഘടനയിലേക്കില്ലെന്ന് ദിലീപ് പിന്നീട് പറഞ്ഞു. ഈ സാഹചര്യത്തില്‍ ദിലീപ് സംഘടനക്ക് പുറത്തുതന്നെയാണ്. ദിലീപ് കുറ്റവിമുക്തനായി വന്നാല്‍ തിരിച്ചെടുക്കും. അമ്മയില്‍ മത്സരിക്കുന്നതില്‍ നിന്നും ആരേയും വിലക്കിയിട്ടില്ല. ആരോപണം ഉന്നയിച്ച പാര്‍വതിയേയും അമ്മയുടെ ഭാരവാഹിയാക്കാമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ദിലീപ് വിഷയത്തില്‍ നടിമാരായ ഭാവനയും രമ്യ നമ്പീശനും മാത്രമെ രാജിക്കത്ത് നല്‍കിയിട്ടുള്ളു. മറ്റുരണ്ട് പേര്‍ രാജിക്കത്ത് നല്‍കിയിട്ടില്ല.

രാജിവെച്ചവരെ തിരിച്ചെടുക്കണമൊയെന്ന് തീരുമാനിക്കുന്നത് അമ്മയുടെ ജനറല്‍ബോഡി യോഗമാണ്. ആക്രമിക്കപ്പെട്ട നടിയെ അമ്മ ഒറ്റപ്പെടുത്തിയിട്ടില്ല. അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നുവെന്ന് നടി രേഖാ മൂലം അറിയിച്ചിട്ടില്ല. തിലകനെ മാറ്റി നിര്‍ത്തിയെന്നത് ശരിയല്ല. അത്തരം ആരോപണം ഉയരുന്ന വേളയിലും തന്നോടൊപ്പം അദ്ദേഹം രണ്ട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഓരോരുത്തരുടേയും സ്വഭാവത്തിനനുസരിച്ചാകണം സംഘടനയെന്ന് ശഠിക്കാനാകില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. അമ്മ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണാത്തത് തെറ്റായിപ്പോയെന്നും മോഹന്‍ലാല്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.