Connect with us

Kerala

മതത്തിന്റെ ശത്രുക്കള്‍ മതത്തിനുള്ളില്‍ തന്നെ: ബിനോയ് വിശ്വം

Published

|

Last Updated

മലപ്പുറം: വിശ്വാസി സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മതങ്ങള്‍ക്കുള്ളില്‍ നിന്നു തന്നെയാണെന്ന് ബിനോയ് വിശ്വം എം.പി അഭിപ്രായപ്പെട്ടു. മതത്തിന്റെ സ്‌നേഹ സത്തയെ യഥാര്‍ത്ഥമായി മനസ്സിലാക്കാത്തവരും സംഘര്‍ഷങ്ങള്‍ക്ക് മത ചിഹ്നങ്ങളെ കരുവാക്കുന്നവരും അപകടകാരികളാണ്. ഇത്തരക്കാരെ തിരിച്ചറിയുകയും സ്‌നേഹ സന്ദേശം പ്രചരിപ്പിച്ച് പ്രതിരോധിക്കുകയും ചെയ്യല്‍ മനുഷ്യ നന്മയാഗ്രഹിക്കുന്നവരുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹമീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ ഓര്‍മക്കൂട്ട് എന്ന പുസ്തകത്തിന്റെ മൂന്നാം പതിപ്പ് ഖലീല്‍ തങ്ങളുടെ ജന്മനാടായ കടലുണ്ടിയില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

എഴുത്തു കാരന്‍ പി. സുരേന്ദ്രന്‍ ആദ്യ പ്രതി ഏറ്റു വാങ്ങി. തീവ്രവാദം തീവ്ര വാദികള്‍ എന്നീ സംജ്ഞകള്‍ ഇന്ന് ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മത ദര്‍ശനങ്ങളില്‍ തീവ്രമായി വിശ്വസിക്കുകയും അവ പിന്തുടരുകയും ചെയ്യുന്നവരെ മോശമായ അര്‍ത്ഥത്തില്‍ തീവ്രവാദികളെന്ന് വിളിക്കാറുണ്ട്. ഇവരല്ല കുഴപ്പക്കാര്‍. മത തത്വങ്ങളെ അതിന്റെ അടിസ്ഥാന സ്രോതസ്സുകളില്‍ നിന്ന് മനസ്സിലാക്കാതെ തന്നിഷ്ട പ്രകാരം വ്യാഖ്യാനിക്കുന്നവരാണ് പ്രശ്‌നക്കാര്‍. ഇന്ത്യയില്‍ ജീവിക്കാനാവില്ലെന്നു പറഞ്ഞ് ആടിനെ നോക്കാന്‍ പോയവര്‍ ഇന്റര്‍നെറ്റില്‍ തപ്പി തോന്നുന്നതു പോലെ മതം മനസ്സിലാക്കിയവരാണെന്നും അദ്ദേഹം പറഞ്ഞു.

ഉറവ പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച ഖലീല്‍ തങ്ങളുടെ ഓര്‍മകളുടെയും അനുഭവങ്ങളുടെയും സമാഹാരമായ ഓര്‍മക്കൂട്ടിന് ഒരു മാസത്തിനുള്ളില്‍ മൂന്നാമത് എഡിഷനാണ് പുറത്തിറക്കിയത്. വി.കെ.സി മമ്മദ് കോയ അധ്യക്ഷനായിരുന്നു. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, കടലുണ്ടി പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അജയ കുമാര്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പീലിക്കാട് ഷണ്മുഖന്‍, നജ്മുല്‍ മേലത്ത്, അനില്‍ മാരാത്ത്, ഉമര്‍ മേല്‍മുറി പ്രസംഗിച്ചു.

Latest