Connect with us

Articles

മത്സ്യങ്ങളിലെ വിഷാംശം എങ്ങനെ മറികടക്കാം?

Published

|

Last Updated

കഴിഞ്ഞ ഏതാനും ആഴ്ചകളായി വിഷാംശത്തിന്റെ പേരില്‍ ജനങ്ങള്‍ മത്സ്യം കഴിക്കാമോ എന്ന കാര്യത്തില്‍ ആശങ്കയിലാണ്. സംസ്ഥാനത്ത് ലഭ്യമാകുന്ന മത്സ്യങ്ങളില്‍ ഫോര്‍മാലിന്‍, അമോണിയ, സോഡിയം ബെന്‍സോവേറ്റ് എന്നീ മാരക രാസവസ്തുക്കളുടെ സാന്നിധ്യമാണ് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്. കേരളത്തില്‍ എത്തിച്ചിരുന്ന രാസവസ്തു ചേര്‍ത്ത 6,000 കിലോ മത്സ്യം വാളയാര്‍ ചെക്‌പോസ്റ്റില്‍ നിന്നും, 10,000 കിലോ മീന്‍ കൊല്ലം ജില്ലയിലെ ആരിയങ്കാവ് ചെക്‌പോസ്റ്റില്‍ നിന്നും, മറ്റൊരു 6,000 കിലോ അമരവിള ചെക്‌പോസ്റ്റില്‍ നിന്നും സംസ്ഥാന ഭക്ഷ്യ സുരക്ഷാവകുപ്പ് കസ്റ്റഡിയില്‍ എടുക്കുകയുണ്ടായി. ഇതു കൂടാതെ ഫോര്‍മാലിന്‍ ചേര്‍ത്ത 12,000 കിലോ മീനും കേരളത്തിന്റെ വിവിധ മേഖലയില്‍ നിന്നും റെയ്ഡില്‍ പിടിച്ചെടുത്തു. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ നിന്നും ആന്ധ്രയിലെ തുറമുഖങ്ങളില്‍ നിന്നും കര്‍ണാടകത്തിലെ മംഗലാപുരത്തു നിന്നും എത്തുന്ന മത്സ്യങ്ങളിലാണ് ഫോര്‍മാലിന്‍ ചേര്‍ത്ത ഐസ് വഴി വിഷാംശം മീനിലെത്തുന്നത്.

ശവം അഴുകാതിരിക്കാന്‍ മെഡിക്കല്‍ കോളജുകളിലും മോര്‍ച്ചറികളിലും ഉപയോഗിക്കുന്ന മാരകമായ രാസപദാര്‍ഥമാണ് ഫോര്‍മാലിന്‍.
മത്സ്യം കേടാകാതിരിക്കാന്‍ ഉപയോഗിക്കുന്ന ഐസ് ഉണ്ടാക്കുമ്പോഴാണ് ഫോര്‍മാല്‍ ഡിഹൈഡ് എന്ന ഫോര്‍മാലിന്‍ ചേര്‍ക്കപെടുന്നത്. ഇത് ചേര്‍ത്താല്‍ മീന്‍ അനേകം ദിവസങ്ങള്‍ അഴുകാതിരിക്കുകയും “എപ്പോ കണ്ടാലും അപ്പൊ പിടിച്ച പോലെ” തോന്നുകയും ചെയ്യും. സര്‍ക്കാറിന്റെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ സാഗര്‍ റാണി എന്ന പ്രത്യേക ദൗത്യസംഘത്തിന്റെ കഴിഞ്ഞ ഏതാനും ദിവസത്തെ റെയ്ഡില്‍ 22 ടണ്‍ ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യവും ചെമ്മീനുമാണ് കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും പിടികൂടിയത്.
ഫോര്‍മാലിനിലെ ഫോര്‍മാല്‍ഡിഹൈഡ് എന്ന മാരക രാസപദാര്‍ഥം നിരന്തരം മത്സ്യം കഴിക്കുന്നതിലൂടെ അകത്തു ചെല്ലുന്നത് കാന്‍സറിനും വയറുവേദനക്കും ഛര്‍ദിക്കും ബോധരഹിതമാകുന്നതിനും ചിലപ്പോഴൊക്കെ മരണത്തിനു വരെയും കാരണമാകും.

ഭക്ഷ്യവസ്തുക്കള്‍, പഴങ്ങള്‍, മത്സ്യം എന്നിവ ചീഞ്ഞുപോകാതിരിക്കാന്‍ ഫോര്‍മാലിന്‍ നിരന്തരം ഉപയോഗിക്കുന്നത് മനുഷ്യനില്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. ഐസ് പെട്ടെന്ന് അലിഞ്ഞു പോകാതിരിക്കാനാണ് അമോണിയ ചേര്‍ക്കുന്നത്. മറ്റൊരു രാസപദാര്‍ഥമായ സോഡിയം ബെസോവാറ്റ് അമോണിയ പോലെ ഐസ് വേഗം ഉരുകാതെ നോക്കുകയും കൂടുതല്‍ കാലം മീന്‍ കേടാവാതെ നോക്കുകയും ചെയ്യും. എന്നാല്‍ ഈ രാസപദാര്‍ഥം നിരവധി രോഗങ്ങളാണ് മനുഷ്യനില്‍ ഉണ്ടാക്കുന്നത്. പാര്‍ക്കിസണ്‍ രോഗം, ജനിതിക വൈകല്യങ്ങള്‍, ജീവകോശങ്ങളുടെ നാശം എന്നിവ ചിലതുമാത്രം. ഐസിലൂടെ യാണ് ഫോര്‍മാല്‍ഡിഹൈഡും ബെന്‍സോവേറ്റും മല്‍സ്യത്തിലെത്തുന്നത്. മത്സ്യമാംസം ഈ മാരക രാസപദാര്‍ഥങ്ങളെ ആഗികരണം ചെയ്യുകയും ഇവ മത്സ്യമാംസത്തിന്റെ ഭാഗമാകുകയും ചെയ്യും. മീന്‍ ഉപയോഗിക്കുന്നതിലൂടെ ശരീരത്തിലെത്തുന്ന ഈ രാസപദാര്‍ഥങ്ങള്‍ നിരവധി രോഗങ്ങള്‍ സൃഷ്ടിക്കുന്നു.
വെള്ളം ഉപയോഗിച്ച് മീന്‍ കഴുകിയാല്‍ ഈ രാസപദാര്‍ഥങ്ങള്‍ പോകണമെന്നില്ല. കാരണം, അവ മത്സ്യശരീരത്തില്‍ ആഗിരണം ചെയ്യപ്പെട്ടിട്ടുണ്ടാകും.

ഇവ മനുഷ്യശരീരത്തിലെത്തിയാല്‍ ശരീരകോശങ്ങളിലെ ഓക്‌സിജന്റെ അളവ് കുറക്കുകയും രോഗപ്രതിരോധ ശേഷി നഷ്ടപ്പെടുത്തുകയും ക്യാന്‍സറിന് വഴിവെക്കുകയും ചെയ്യുന്നു. ഫോര്‍മാലിന്‍ പോലുള്ള രാസപദാര്‍ഥങ്ങള്‍ മത്സ്യകോശങ്ങളെ ദൃഢമാക്കുകയും ബാക്റ്റീരിയല്‍ വിഘടനത്തെ ചെറുക്കാന്‍ പ്രാപ്തമാക്കുകയും ചെയ്യും. അങ്ങനെ മീന്‍ കേടില്ലാതെ അനേകം നാള്‍ ഫ്രഷ് ആയി ഇരിക്കും. അമോണിയ ചേര്‍ത്ത മത്സ്യം കഴിക്കുമ്പോള്‍ വായ് പുണ്ണും വയറ്റില്‍ അള്‍സറും വരും. മത്സ്യം കൂടുതല്‍ കാലം കേടാകാതിരിക്കുക എന്നതാണ് കച്ചവടക്കാരുടെ ആവശ്യം. മീന്‍ ഉപയോഗിക്കുന്നവരുടെ ആരോഗ്യപ്രശ്‌നങ്ങളൊന്നും അവര്‍ക്കു വിഷയമല്ല. ലാഭത്തില്‍ മാത്രമാണവരുടെ കണ്ണ്. മീന്‍ നിരന്തരം കഴിക്കുന്നവര്‍ക്കാണ് രാസബാധ മൂലം കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്.
ഈ പ്രശ്‌നത്തിന് ചിലപരിഹാര മാര്‍ഗങ്ങളും ഉണ്ട്. രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത മത്സ്യം, പഴങ്ങള്‍, മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവ വിനാഗിരി ഉപയോഗിച്ച് കഴുകിയാല്‍ ഒരു പരിധി വരെ വിഷാംശം മാറ്റാവുന്നതാണ്.
ഒരു കപ്പ് വിനാഗിരി ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒഴിച്ച് ആ ലായനിയില്‍ മത്സ്യം 15 -20 മിനിറ്റ് മുക്കി വെച്ച ശേക്ഷം നല്ല വെള്ളത്തില്‍ കഴുകി ഉപയോഗിക്കുക. മീന്‍ ഉപയോഗിക്കുന്നതിനുമുമ്പ് ഒരു മണിക്കൂര്‍ ശുദ്ധജലത്തില്‍ മുക്കി വക്കുന്നത് രാസവസ്തുക്കളെ ഒഴിവാക്കാന്‍ നല്ലതാണ്. മീനിലെ ഫോര്‍മാലിന്‍ കളയാന്‍ ഒരു മണിക്കൂര്‍ ഉപ്പ് വെള്ളത്തില്‍ മുക്കിവെക്കുന്നതും ഫലപ്രദമാണ്. അരി കഴുകുന്ന ആദ്യത്തെ വെള്ളം ഉപയോഗിച്ച് മത്സ്യം കഴുകിയാല്‍ ഫോര്‍മാലിന്‍ പ്രശ്‌നം ഒരു പരിധി വരെ കുറയ്ക്കാനാകും. മത്സ്യം എപ്പോഴും നന്നായി വൃത്തിയാക്കി വേവിച്ചു കഴിക്കുക. ആരോഗ്യം നമ്മുടേതാണ്. മത്സ്യത്തില്‍ വിഷം ചേര്‍ക്കുന്നവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. ലാഭം മാത്രം ചിന്തിക്കുന്നവര്‍ സഹജീവികളെ കൊലക്കു കൊടുക്കരുതേ.