സുപ്രീം കോടതിയിലെ കേസ് വിഭജനം

Posted on: July 9, 2018 9:50 am | Last updated: July 9, 2018 at 9:50 am
SHARE

കേസുകള്‍ ഏതൊക്കെ ജഡ്ജിമാര്‍ക്ക് കൈമാറണമെന്നതുള്‍പ്പടെയുള്ള ജുഡീഷ്യല്‍ ജോലികളുടെ വിഭജനത്തില്‍ പരമാധികാരി ചീഫ് ജസ്റ്റിസ് തന്നെയെന്ന് സുപ്രീം കോടതി വീണ്ടും. കേസുകളുടെ വിഭജനത്തിനുള്ള അധികാരം ചീഫ് ജസ്റ്റിസില്‍ കേന്ദ്രീകരിക്കുന്നതിനു പകരം കൊളീജിയത്തിന് നല്‍കണമെന്നാവശ്യപ്പെട്ട് മുന്‍നിയമ മന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തിഭൂഷന്‍ നല്‍കിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബഞ്ച് വെള്ളിയാഴ്ചത്തെ വിധിപ്രസ്താവത്തില്‍ നിലപാട് ആവര്‍ത്തിച്ചത്. 2017 നവംബറിലും സുപ്രീം കോടതി ഇക്കാര്യം തറപ്പിച്ചു പറഞ്ഞിരുന്നു.

നിയമനീതി നിര്‍വഹണത്തില്‍ മറ്റു സുപ്രീം കോടതി ജഡ്ജിമാര്‍ക്കുള്ളതില്‍ കവിഞ്ഞ അധികാരം ചീഫ് ജസ്റ്റിസിനില്ല. ബഞ്ചുകളില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പടെ എല്ലാ ജഡ്ജിമാരുടെയും അഭിപ്രായങ്ങള്‍ക്ക് തുല്യ പ്രധാന്യമാണ്. വാക്കുകള്‍ക്ക് ഒരേ മൂല്യമാണ്. ജഡ്ജിമാരുടെ നിയമന, സ്ഥലംമാറ്റ ശിപാര്‍ശകള്‍ ചര്‍ച്ച ചെയ്യുന്നത് മുതിര്‍ന്ന അഞ്ച് ജഡ്ജിമാര്‍ ഉള്‍ക്കൊള്ളുന്ന കൊളീജിയമാണ്. അതുകൊണ്ട് കേസിന്റെ വിഭജനവും കോളീജിയമായിരിക്കണം കൈകാര്യം ചെയ്യേണ്ടതെന്നായിരുന്നു ശാന്തിഭൂഷന്റെ വാദം. എന്നാല്‍, കേസ് വിഭജിച്ചു നല്‍കുന്നത് ജഡ്ജിമാരുടെ നിയമനത്തില്‍ നിന്ന് വ്യത്യസ്തമായ ചുമതലയാണ്. അത് കോളീജിയത്തിന് വിടുന്നത് കോടതിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. നീതി നിര്‍വഹണത്തില്‍ ചീഫ് ജസ്റ്റിസിന് ഭരണഘടന പ്രത്യേക അധികാരം നല്‍കിയിട്ടില്ലെങ്കിലും ‘തുല്യരില്‍ ഒന്നാമന്‍’ ആണദ്ദേഹം. ഭരണനിര്‍വഹണത്തെ നയിക്കുന്നത് ചീഫ് ജസ്റ്റിസാണ്. കേസ് കൈമാറ്റത്തിലെ കീഴ്‌വഴക്കവും ചീഫ് ജസ്റ്റിസ് സ്വന്തമായി കൈകാര്യം ചെയ്യുകയെന്നതാണ്. ഇക്കാര്യത്തില്‍ ഭരണഘടനാപരമായ പ്രത്യേക നിര്‍ദേശമില്ലെന്നിരിക്കെ കീഴ്‌വഴക്കമാണ് പരിഗണിക്കേണ്ടതെന്നും ഈ ചുമതല അദ്ദഹത്തിന്റെ വിവേകത്തിന് വിട്ടുകൊടുക്കുകയാണ് വേണ്ടതെന്നും കോടതി പറയുന്നു.

അതേസമയം, ചീഫ് ജസ്റ്റിസിനെ തുല്യരില്‍ ഒന്നാമനായി അംഗീകരിക്കവെ തന്നെ, എല്ലാ കേസുകളിലും ജഡ്ജിയെ അദ്ദേഹം സ്വന്തമായി തീരുമാനിക്കുമ്പോള്‍ അപാകങ്ങള്‍ സംഭവിക്കാനോ, വിവാദങ്ങള്‍ സൃഷ്ടിക്കാനോ ഇടയുണ്ടെന്ന് നിയമവൃത്തങ്ങളില്‍ തന്നെ അഭിപ്രായമുണ്ട്. ലക്‌നോവിലെ പ്രസാദ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസുമായി ബന്ധപ്പെട്ട കോഴക്കേസ് ഉദാഹരണം. ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പരോക്ഷ ആരോപണമുള്ള കേസ് അദ്ദേഹം തന്നെ പരിഗണിക്കുന്നതോ കൈകാര്യം ചെയ്യുന്ന ജഡ്ജിമാരെ അദ്ദേഹം തീരുമാനിക്കുന്നതോ ഭംഗിയല്ലെന്നു മുതിര്‍ന്ന ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടിയിയിരുന്നു. ഏറ്റവും മുതിര്‍ന്ന ജഡ്ജിമാരുള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് ഇതു പരിഗണിക്കുകയെന്ന് ജഡ്ജിമാരായ ചെലമേശ്വര്‍, എസ് അബ്ദുല്‍ നസീര്‍ എന്നിവരടങ്ങുന്ന ബഞ്ച് ഉത്തരവിടുകയും ചെയ്തു. ഈ കേസ് ഹരജി ആദ്യം പരാമര്‍ശിച്ചത് ജസ്റ്റിസ് ചെലമേശ്വറിന്റെ ബെഞ്ചിലാണ്.

പക്ഷേ അടുത്ത ദിവസം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ചെലമേശ്വറിന്റെ ഈ ഉത്തരവ് റദ്ദാക്കി, സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ സീനിയോറിറ്റി പട്ടികയില്‍ താരതമ്യേന താഴെയുള്ളവരെയാണ് കേസ് ഏല്‍പിച്ചത്. മാത്രമല്ല, ചീഫ് ജസ്റ്റിസിന്റെ മുമ്പാകെ മാത്രമേ ഇനി പുതിയ ഹരജികള്‍ പരാമര്‍ശിക്കാന്‍ പാടുള്ളൂ എന്നൊരു ഉത്തരവും ഇറക്കി. ജസ്റ്റിസ് ചെലമേശ്വര്‍ ഉള്‍പ്പെടെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പത്രസമ്മേളനം നടത്തിയതിന്റെ പ്രധാന കാരണം ഇതായിരുന്നു. ചീഫ് ജസ്റ്റിസ് കേസ് വിഭജനത്തില്‍ ക്രമക്കേട് കാണിക്കുകയും ചില പ്രത്യേക കേസുകളില്‍ മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി ജൂനിയറായ ജഡ്ജിമാര്‍ക്ക് നല്‍കുകയും ചെയ്യുന്നുവെന്നായിന്നു അവരുടെ വിമര്‍ശനം.
കേസുകള്‍ വിഭജിച്ചു നല്‍കാനുള്ള തീരുമാനം വിനിയോഗിക്കുമ്പള്‍ ചീഫ് ജസ്റ്റിസിന് സഹപ്രവര്‍ത്തകരോടും പൊതുസമൂഹത്തോടും പാലിക്കേണ്ട ധാര്‍മികമായ കടമളെക്കുറിച്ച് വെള്ളിയാഴ്ചത്തെ മൂന്നംഗ സുപ്രീം കോടതി വിധിയില്‍ ഓര്‍മിപ്പിക്കുന്നുണ്ട്. സ്വതന്ത്രമായ മനസ്സോടെയും സന്തുലിത ഉറപ്പ് വരുത്തിയും ധാര്‍മികബോധം മുറുകെ പിടിച്ചും ജഡ്ജിമാരുടെ വൈദഗ്ധ്യം, ശേഷി, താത്പര്യം തുടങ്ങിയവ പരിഗണിച്ചുമായിരിക്കണം തീരുമാനമെടുക്കേണ്ടതെന്നാണ് കോടതിയുടെ ഉപദേശം.

വൈകാരികമായ പരിഗണനകള്‍ മാറ്റിവെച്ച് ജനാധിപത്യത്തിന്റെയും നീതിയുടെയും താത്പര്യങ്ങളെ പ്രകടമായും ഉള്‍കൊള്ളാന്‍ കോടതികള്‍ക്ക് സാധിക്കേണ്ടതുണ്ട്. മെഡിക്കല്‍ കോഴക്കേസിന്റെ ബഞ്ച് തീരുമാനത്തില്‍ ചീഫ് ജസ്റ്റിസ് ഈ ധാര്‍മിക ഉത്തരവാദിത്തം നിര്‍വഹിച്ചുവെന്ന് പറയാനാകുമോ? സുതാര്യമായല്ല ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റിസിന്റെ തീരുമാനമെന്ന് വിശ്വസിക്കുന്നവരാണ് പൊതുസമൂഹത്തിലും നിയമമേഖലയിലുമുള്ള ഗണ്യവിഭാഗവും. ഇത്തരം ധാരണകള്‍ക്ക് ഇടവരുത്തുന്നത് നീതിമേഖലയിലുള്ള ജനങ്ങളുടെ വിശ്വാസത്തിന് ക്ഷതമേല്‍പിക്കും. ന്യായാധിപ നിയമനം സുതാര്യമല്ലാത്ത, നിരന്തരമായി അടിസ്ഥാന ഭരണഘടന തത്വങ്ങള്‍ ലംഘിക്കുന്ന, വ്യക്തിനിഷ്ടമായ താത്പര്യങ്ങളും ഭരണകൂടത്തിന്റെ ആഗ്രഹങ്ങളും സ്വാധീനിക്കുന്ന ഒരു സ്ഥിതിവിശേഷമാണ് നീതിന്യായ മേഖലയില്‍ നിലവിലുള്ളത്. ഈ സാഹചര്യത്തില്‍ കേസുകള്‍ വിഭജിക്കാനുള്ള മുഴുവന്‍ അധികാരവും ചീഫ് ജസ്റ്റിസില്‍ കേന്ദ്രീകരിക്കുന്നതിനു പകരം കൊളീജിയത്തിന് നല്‍കുന്നതല്ലേ ഗുണകരം?

LEAVE A REPLY

Please enter your comment!
Please enter your name here