സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: നടക്കുന്നത് പകല്‍ക്കൊള്ള

Posted on: July 9, 2018 9:38 am | Last updated: July 9, 2018 at 12:03 pm
SHARE

തിരുവനന്തപുരം:സംസ്ഥാനത്ത് മെഡിക്കല്‍ പ്രവേശന നടപടികള്‍ പുരോഗമിക്കവേ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും പിഴിഞ്ഞ് സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റുകള്‍ പകല്‍ക്കൊള്ള തുടരുന്നു. സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറുടെ നിര്‍ദേശങ്ങള്‍ മറികടന്നാണ് സ്വാശ്രയ മാനേജ്‌മെന്റുകളുടെ വിദ്യാഭ്യാസക്കൊള്ള നിര്‍ബാധം തുടരുന്നത്. മിക്ക സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റും പ്രവേശന പരീക്ഷാ കമ്മീഷണര്‍ പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരമുള്ള തൂകയേക്കാള്‍ കൂടുതല്‍ തുകയാണ് വിവിധ പേരുകളില്‍ വിദ്യാര്‍ഥികളില്‍ നിന്ന് വാങ്ങുന്നത്.
നിലവില്‍ സ്വാശ്രയ മെഡിക്കല്‍ കോളജുകൡ എം ബി ബി എസ് പ്രവേശനത്തിന് 5,20,000 രൂപയാണ് ജസ്റ്റിസ് രാജേന്ദ്രന്‍ ബാബു കമ്മീഷന്‍ നിശ്ചയിച്ചിരുന്ന ഫീസ്. ഇതില്‍ ഒരു ലക്ഷം രൂപ പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേരിലും ശേഷിക്കുന്ന 4,20,000 രൂപ അതത് കോളജുകളുടെ പേരിലുമാണ് ഡി ഡി എടുക്കേണ്ടത്.

എന്നാല്‍, വിവിധ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ എം ബി ബി എസ് പ്രവേശനത്തിന് 85,000 രൂപ മുതല്‍ 2.1 ലക്ഷം വരെ രൂപയാണ് അധികം വാങ്ങുന്നത്. പ്രവേശന പരീക്ഷാ കമ്മീഷണറുടെ നിര്‍ദേശം മറികടന്ന് അധികം ഫീസ് ഈടാക്കുന്ന സ്വാശ്രയ മാനേജ്‌മെന്റിന്റെ നടപടി വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
കൊല്ലത്തെ ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജില്‍ എം ബി ബി എസ് പ്രവേശനം ഉറപ്പാക്കാന്‍ ഫീസായി കമ്മീഷന്‍ നിശ്ചയിച്ച തുകക്ക് പുറമെ അധികമായി നാല്‍പ്പതിനായിരം രൂപയും അദര്‍ ഫീ എന്ന പേരില്‍ രണ്ട് ലക്ഷത്തോളം രൂപയുമാണ് ഈടാക്കി വരുന്നത്. കോലഞ്ചേരി മെഡിക്കല്‍ മിഷനില്‍ അധികമായി എണ്‍പതിനായിരം രൂപയാണ് ഈടാക്കുന്നത്. അദര്‍ ഫീ ഇനത്തില്‍ ഒരു ലക്ഷത്തോളം രൂപ വേറെയും വാങ്ങുന്നുണ്ട്. അതേസമയം, പാലക്കാട് കരുണ മെഡിക്കല്‍ കോളജില്‍ 97,140 അധികമായി ഈടാക്കുന്നു. പെരിന്തല്‍മണ്ണ എം ഇ എസ് മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ ഫീ ഉള്‍പ്പെടെ 2,10,000 രൂപയാണ് ആവശ്യപ്പെടുന്നത്.

സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശനത്തിന്റെ ആദ്യഘട്ട അലോട്ട്‌മെന്റ് വഴിയുള്ള പ്രവേശനം നടന്നുവരികയാണ്. നിലവില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് രണ്ടാം ഘട്ട അലോട്ട്‌മെന്റില്‍ മറ്റു കോളജുകളിലേക്ക് മാറാന്‍ സൗകര്യമുണ്ടെന്നതിനാല്‍ മിക്ക വിദ്യാര്‍ഥികളും സ്വാശ്രയ കോളജുകളില്‍ ഫീസായി ആവശ്യപ്പെടുന്ന വലിയ തുക അടക്കാതെ രണ്ടം ഘട്ട അലോട്ട്‌മെന്റിനായി കാത്തിരിക്കുകയാണ്. അതേസമയം, അലോട്ട്‌മെന്റ്പൂര്‍ത്തിയാകുന്നതിന് മുമ്പ് വിദ്യാര്‍ഥികളില്‍ നിന്ന് ഹോസ്റ്റല്‍ ഫീസ്, സ്‌പെഷ്യല്‍ ഫീസ്, ലാബ് ഫീ തുടങ്ങിയ മറ്റ് ഫീസുകള്‍ ഇപ്പോള്‍ ഈടാക്കരുതെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചില സ്വാശ്രയ കോളജുകള്‍ ആദ്യഘട്ട അലോട്ട്‌മെന്റില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളെ കൊണ്ട് നിര്‍ബന്ധിച്ച് ഫീസ് അടപ്പിക്കുകയും തുടര്‍ന്നുവരുന്ന അലോട്ട്‌മെന്റുകളില്‍ മറ്റു കോളജുകളിലേക്ക് മാറ്റം ലഭിക്കുമ്പോള്‍ പ്രധാന ഫീസല്ലാതെ മറ്റു ഫീസുകള്‍ തിരികെ നല്‍കാത്തതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ നിലനില്‍ക്കുന്നതിനാലാണ് ഇതുസംബന്ധിച്ച് പരീക്ഷാ കമ്മീഷണര്‍ കര്‍ശന നിര്‍ദേശം നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here