കണ്ണൂര്‍ വിമാനത്താവളം: കേന്ദ്ര സംഘം ആഗസ്റ്റില്‍ പരിശോധനക്കെത്തും

Posted on: July 9, 2018 9:33 am | Last updated: July 9, 2018 at 12:04 pm
SHARE

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കേന്ദ്ര സംഘത്തിന്റെ അവസാനഘട്ട പരിശോധന അടുത്ത മാസം മധ്യത്തോടെ നടക്കും. പരിശോധനക്ക് ശേഷം സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തിലുള്ള സംഘം നല്‍കുന്ന റിപ്പോര്‍ട്ടനുസരിച്ചായിരിക്കും വിമാനത്താവളത്തിനുളള ലൈസന്‍സ് ലഭ്യമാകുക.
വിമാനത്താവളം സെപ്തംബറില്‍ ഉദ്ഘാടനം ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. വിമാനത്താവളത്തിലെ ടെര്‍മിനലില്‍ സ്ഥാപിക്കുന്നതിനുള്ള ആറ് എയ്‌റോ ബ്രിഡ്ജുകള്‍ കഴിഞ്ഞ ദിവസം വിമാനത്താവളത്തിലെത്തി. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത എയ്‌റോബ്രിഡ്ജുകള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍ ദിവസങ്ങളോളമെടുത്താണ് കണ്ണൂര്‍ വിമാനത്താവളം സ്ഥിതി ചെയ്യുന്ന മട്ടന്നൂരിലെത്തിയത്. എയ്‌റോ ബ്രിഡ്ജുമായി കഴിഞ്ഞ മെയ് 13ന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട കണ്ടെയ്‌നറുകള്‍ക്ക് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കണ്ണൂരിലെത്താനായത്. കൂടാതെ, 37 കോടി രൂപ വിലയുള്ള സ്‌കാനറുകള്‍ അമേരിക്കയില്‍ നിന്ന് എത്തിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള ഫയര്‍ എന്‍ജിനുകളും സജ്ജമായിക്കഴിഞ്ഞു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള കസ്റ്റംസ് എമിഗ്രേഷന്‍ സംവിധാനങ്ങളെല്ലാം കണ്ണൂരിലേക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുവദിച്ചിട്ടുണ്ടെങ്കിലും വിദേശ വിമാനങ്ങള്‍ക്കിറങ്ങുന്നതിനുള്ള അനുമതിയായിട്ടില്ലെന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്. രാജ്യത്തെ പുതിയ വിമാനത്താവളങ്ങളില്‍ വിദേശ വിമാനങ്ങളിറങ്ങുന്നതിന് അനുമതി നല്‍കേണ്ടതില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് കണ്ണൂരിന്റെ കാര്യത്തില്‍ തിരുത്തുന്നതിനുള്ള ഊര്‍ജിതശ്രമങ്ങളാണ് നടക്കുന്നത്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെയും കേന്ദ്ര വ്യോമയാന മന്ത്രിയെയും നേരില്‍ക്കണ്ട് ഈയാവശ്യം ഉന്നയിച്ചിരുന്നുവെങ്കിലും പച്ചക്കൊടി ലഭിച്ചിട്ടില്ല. കഴിഞ്ഞ 27ന് ഇത് സംബന്ധിച്ച ചര്‍ച്ച നടന്നെങ്കിലും ഇക്കാര്യത്തില്‍ വലിയ പ്രതീക്ഷക്കൊന്നും വകയില്ലെന്നാണ് ബന്ധപ്പെട്ടവരില്‍ നിന്നുള്ള വിവരം. വലിയ വിമാനങ്ങള്‍ക്കിറങ്ങാന്‍ തക്ക രൂപത്തില്‍ 3,050 മീറ്റര്‍ റണ്‍വേയുള്ള സാഹചര്യത്തില്‍ കണ്ണൂരില്‍ വിദേശ വിമാനക്കമ്പനികള്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് എങ്ങനെ തിരുത്താനാകുമെന്നതാണ് ചോദ്യചിഹ്നമായി ഉയരുന്നത്.

ചെറിയ വിമാനത്താവളങ്ങള്‍ക്ക് വേണ്ടി ആരംഭിച്ച ഉഡാന്‍ സര്‍വീസ് കണ്ണൂരില്‍ വേണ്ടെന്ന് നേരത്തെ എയര്‍പോര്‍ട്ട് അതോറിറ്റി തീരുമാനിച്ചിരുന്നു. ആഭ്യന്തര വിമാനങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നതോടെ മൂന്ന് വര്‍ഷത്തേക്ക് മറ്റു വിമാനങ്ങള്‍ അനുവദിക്കാത്ത സാഹചര്യമുണ്ടാകുമെന്നതിനാലാണ് ഉഡാനില്‍ നിന്ന് പിന്മാറാനുള്ള തീരുമാനമുണ്ടായത്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള കസ്റ്റംസ്, എമിഗ്രേഷന്‍ സംവിധാനങ്ങളെല്ലാം വരുന്നതോടെ സുരക്ഷക്ക് വേണ്ടി മാത്രം നിയോഗിക്കുന്ന സി ഐ എസ് എഫ് സംഘത്തിന് വര്‍ഷത്തില്‍ 75 കോടി രൂപയോളം നല്‍കേണ്ടി വരും. കൂടാതെ, മറ്റ് ജീവനക്കാരുടെ ശമ്പളം, വൈദ്യുതി, ബേങ്ക് വായ്പ എന്നിങ്ങനെയായി നല്ലൊരു ബാധ്യതയുള്ള സാഹചര്യത്തില്‍ വിമാനത്താവളത്തിന്റെ വരുമാനം വര്‍ധിപ്പിക്കാനാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നീക്കം. ഇതിനു വേണ്ടി പ്രതിദിനം അമ്പത് ടണ്‍ ചരക്ക് കയറ്റിയയക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള കാര്‍ഗോ കോംപ്ലക്‌സിനുളള നടപടികളുമായിട്ടുണ്ട്.

അതേസമയം, വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ പഴം, പച്ചക്കറി, പൂവ് വിഭവങ്ങള്‍ ധാരാളമായി കയറ്റിയയക്കാനുള്ള സാധ്യതയുണ്ടെന്നിരിക്കെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ കര്‍ഷകരെ ഏകോപിപ്പിച്ചുകൊണ്ടുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. പച്ചക്കറികളും മറ്റും തോട്ടങ്ങളില്‍ നിന്ന് പറിച്ചെടുത്ത് കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ഉപഭോക്താക്കളിലെത്തിക്കണമെന്നിരിക്കെ ഇതിനായി എയര്‍പോര്‍ട്ട് അതോറിറ്റി വാഹനങ്ങളും ഏര്‍പ്പാട് ചെയ്‌തേക്കും.
ആദ്യ ഘട്ടത്തില്‍ പഴം, പച്ചക്കറി, പൂവ് എന്നിവയും അടുത്ത ഘട്ടമായി മത്സ്യവും മാംസവും കയറ്റിയയക്കാനാകുമെന്നാണ് പ്രതീക്ഷ

LEAVE A REPLY

Please enter your comment!
Please enter your name here