രക്ഷാപ്രവര്‍ത്തനം തുടരുന്നു: തായ്‌ലന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിയ ആറ് കുട്ടികളെ രക്ഷപ്പെടുത്തി; നാല് പേരെ പുറത്തെത്തിച്ചു

Posted on: July 8, 2018 7:16 pm | Last updated: July 9, 2018 at 1:23 pm

ബാങ്കോക്ക് : ലോകശ്രദ്ധ നേടിയ രക്ഷാപ്രവര്‍ത്തനം തുടരവെ തായ്‌ലന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളില്‍ ആറു പേരെ രക്ഷപ്പെടുത്തി. ഇവരില്‍ നാലു പേരെ ഗുഹയില്‍ നിന്നു പുറത്തെത്തിച്ചതായി തായ്‌ലന്‍ഡ് നേവി സീല്‍ സമൂഹമാധ്യമത്തിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ വ്യക്തമാക്കി. നേരത്തേ ഇവരെ ഗുഹയില്‍ തന്നെയുള്ള ചേംബര്‍ 3 എന്നറിയപ്പെടുന്ന ബേസ് ക്യാമ്പിലെത്തിച്ചിരുന്നു. ആറു കുട്ടികളും കോച്ചും പുറത്തേക്കുള്ള വഴിയിലാണെന്നാണു റിപ്പോര്‍ട്ടുകളുണ്ട്. . നീന്തല്‍ വിദഗ്ധരുടെയും മുങ്ങള്‍ വിദഗ്ധരുടേയും സംഘം ഇവര്‍ക്കൊപ്പമുണ്ട്. മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസമായില്ലെങ്കില്‍ ഇന്നു തന്നെ എല്ലാവരെയും പുറത്തെത്തിക്കാനാകുമെന്നാണു കരുതുന്നത്.

 

പന്ത്രണ്ട് കുട്ടികളും കോച്ചുമാണ് 15 ദിവസം മുമ്പ് ഗുഹയില്‍ കുടുങ്ങിയത്. ഗുഹാമുഖത്തുനിന്നും മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ ഒഴിപ്പിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. അഞ്ച് തായ് മുങ്ങല്‍ വിദഗ്ധരും 13 നീന്തല്‍ വിദഗ്ധരും രക്ഷാപ്രവര്‍ത്തക സംഘത്തിലുണ്ട്. അമേരിക്കയുടെ അഞ്ച് നേവി സീല്‍ കമാന്‍ഡര്‍മാരും ഇവര്‍ക്കൊപ്പമുണ്ട്. ഏത് സമയത്തും മഴപെയ്യാമെന്നത് രക്ഷാപ്രവര്‍ത്തനത്തിന് സമ്മര്‍ദമുണ്ടാക്കുന്നുണ്ട്. ഓരോ കുട്ടിക്കൊപ്പവും ഓരോ നീന്തല്‍ വിദഗ്ധര്‍ എന്നീ രീതിയിലാണ് രക്ഷാപ്രവര്‍ത്തനം. ശക്തമായ അടിയൊഴുക്കിനേയും ചെളിയേയും അതിജീവിച്ചുവേണം ഇവര്‍ക്ക് സുരക്ഷിത മേഖലയിലെത്താന്‍.