Connect with us

Prathivaram

പ്രസിദ്ധീകരിക്കുന്നതോടെ ഒരു വാര്‍ത്തയും അവസാനിക്കുന്നില്ല

Published

|

Last Updated

“സോഷ്യല്‍ മീഡിയയില്‍ ഞങ്ങള്‍ വര്‍ഷങ്ങളായി സ്ഥിരം സാന്നിധ്യമായി ഇടപെട്ടുകൊണ്ടിരിക്കുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ ഞങ്ങള്‍ പുറത്തുവിടുന്ന വാര്‍ത്തകള്‍ക്ക് ലോകത്തുടനീളം ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഉണ്ട്. ഞങ്ങളുടെ പത്രത്തിലെ മിക്ക മാധ്യമപ്രവര്‍ത്തകരും ട്വിറ്ററിലോ ഫേസ്ബുക്കിലോ ഇന്‍സ്റ്റഗ്രാമിലോ ജനകീയ സാന്നിധ്യങ്ങളാണ്. എന്നാലും സാമൂഹികമാധ്യമങ്ങള്‍ വഴി ഞങ്ങളോട് സംവദിക്കുന്ന വായനക്കാര്‍, കാഴ്ചക്കാര്‍, നിരീക്ഷകര്‍ ഉള്‍പ്പെടെയുള്ളവരുടെ ശബ്ദമാണ് ഞങ്ങളുടെ റിപ്പോര്‍ട്ടിംഗിനെ നിര്‍ണയിക്കുന്ന സുപ്രധാന ഘടകം.”’
ലോകത്തുടനീളം മികച്ച പ്രചാരണമുള്ള അമേരിക്കന്‍ ദിനപത്രമായ ന്യൂയോര്‍ക്ക് ടൈംസ് അടുത്തിടെ പുറത്തിറക്കിയ സോഷ്യല്‍ മീഡിയ മാര്‍ഗരേഖയിലെ ആമുഖത്തില്‍ കൊടുത്ത വരികളാണിത്. മാധ്യമപ്രവര്‍ത്തകര്‍ എങ്ങനെയാണ് സാമൂഹികമാധ്യമങ്ങളെ ഉപയോഗപ്പെടുത്തേണ്ടത് എന്നതാണ് പ്രസ്തുത രേഖയുടെ ഉള്ളടക്കം. പത്രപ്രവര്‍ത്തനലോകത്ത് നിറസാന്നിധ്യമാണ് ഇന്ന് സോഷ്യല്‍ മീഡിയ. ഓരോ വാര്‍ത്താ മുറിയിലും സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന ഉള്ളടക്കത്തിന് വലിയ പ്രാധാന്യം ലഭിച്ചുകൊണ്ടിരിക്കുന്നു. പത്രങ്ങളിലും ചാനലുകളിലും വരുന്ന വാര്‍ത്തകള്‍ എങ്ങനെയായിരിക്കണം എന്ന് വലിയൊരളവില്‍ സോഷ്യല്‍ മീഡിയ തീരുമാനിക്കുന്നു.
ഈ സ്വാധീനം കണക്കിലെടുത്താണ് പ്രമുഖ മാധ്യമസ്ഥാപനങ്ങളെല്ലാം വ്യക്തമായ സാമൂഹിക മാധ്യമ നയങ്ങള്‍ രൂപവത്കരിച്ചിരിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസിനും ദി ഇന്‍ഡിപെന്‍ഡന്റിനുമൊക്കെ വായനക്കാരുമായി നേരിട്ടു സംവദിക്കുന്ന സോഷ്യല്‍ മീഡിയ എഡിറ്റര്‍മാരുണ്ട്. ബി ബി സിയുടെയും അല്‍ ജസീറയുടെയും സോഷ്യല്‍ മീഡിയ ആക്ടിവിസം ശ്രദ്ധേയമാണ്. ദി ഗാര്‍ഡിയന്‍ തങ്ങളുടെ ഓരോ വാര്‍ത്തയും ആദ്യം പ്രസിദ്ധീകരിക്കുന്നത് സാമൂഹിക മാധ്യമങ്ങളിലാണ്. മലയാളം ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ ഭാഷാദിനപത്രങ്ങളിലും ചാനലുകളിലും ഈ പ്രവണത ഇപ്പോള്‍ വര്‍ധിച്ചുവരികയാണ്. വാര്‍ത്തകള്‍ക്കായി ആദ്യം ട്വിറ്റര്‍ നോക്കുന്ന ജനവിഭാഗങ്ങളുടെ എണ്ണം ഓരോ രാജ്യത്തും അനുദിനം ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ഫേസ്ബുക്കിലൂടെ വാര്‍ത്താ വിശകലനങ്ങള്‍ ശ്രദ്ധിക്കുന്നവരും സംവദിക്കുന്നവരും നാള്‍ക്കുനാള്‍ നിറസാന്നിധ്യമായി പ്രത്യക്ഷപ്പെടുമ്പോള്‍ അതിനനുസരിച്ചുള്ള മാറ്റങ്ങളാണ് ന്യൂസ് റൂമുകളിലും ഉണ്ടാകുന്നത്.

വാര്‍ത്താ സമ്മേളനങ്ങള്‍ അസ്തമിച്ചുകൊണ്ടിരിക്കുന്നു. മുമ്പ് പത്രക്കുറിപ്പുകള്‍ തയ്യാറാക്കിയിരുന്നവര്‍ക്ക് പറയാനുള്ളത് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ നിമിഷങ്ങള്‍ക്കുള്ളില്‍ ലോകവ്യാപകമായി സര്‍ക്കുലേറ്റ് ചെയ്യാന്‍ സാധിക്കുന്നുവെന്നതാണ്. വാര്‍ത്തകളോട് ഉടന്‍ പ്രതികരിക്കാനും അഭിപ്രായങ്ങള്‍ പങ്കുവെക്കാനും വായനക്കാര്‍ക്ക് സാധിക്കുന്നു. ആര്‍ക്കും ചോദ്യങ്ങള്‍ ഉയര്‍ത്താം. യാഥാസ്ഥിതിക മാധ്യമങ്ങള്‍ മുക്കിയ വാര്‍ത്തകള്‍ തപ്പിയെടുക്കാനും ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടുവരാനും സാധാരണക്കാര്‍ക്ക് നവമാധ്യമങ്ങള്‍ സമ്മാനിക്കുന്ന ആത്മവിശ്വാസവും ചെറുതല്ല.
2009ല്‍ മൈക്കല്‍ ജാക്‌സണ്‍ മരിച്ചപ്പോഴാണ് വാര്‍ത്തകളെ ഇത്രമേല്‍ സ്വാധീനിക്കുന്ന മാധ്യമമാണ് സോഷ്യല്‍ മീഡിയ എന്ന് ലോകം ആദ്യമായി തിരിച്ചറിയുന്നത്. അമേരിക്കയിലെ യു സി എല്‍ എ മെഡിക്കല്‍ കോളജ് അധികൃതര്‍ മരണവാര്‍ത്ത സ്ഥിരീകരിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും വ്യാപകമായി സര്‍ക്കുലേറ്റ് ചെയ്യുകയുമായിരുന്നു. വായനക്കാരുടെ തള്ളിക്കയറ്റം മൂലം വിവിധ ന്യൂസ്‌പോര്‍ട്ടലുകള്‍ തകരുകയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൂട്ടുകയും ചെയ്യേണ്ടി വന്നു. മൈക്കല്‍ ജാക്‌സന്റെ മരണവാര്‍ത്ത സാമൂഹികമാധ്യമങ്ങള്‍ കൈകാര്യം ചെയ്ത രീതി ഇന്നും മാധ്യമപഠനങ്ങളിലെ സുപ്രധാന ചരിത്രമാണ്.

പ്രസിദ്ധീകരിക്കുന്നതോടെ ഒരു വാര്‍ത്ത അവസാനിക്കുന്നില്ല. സോഷ്യല്‍ മീഡിയ ജേണലിസത്തില്‍ വിശദമായ പഠനങ്ങള്‍ നടത്തിയ ലോകപ്രശസ്ത മാധ്യമ പണ്ഡിതന്‍ ഡോ. മാര്‍ക്ക് മെസ്‌നര്‍ ഇന്ത്യാ സന്ദര്‍ശന വേളയില്‍ പ്രധാനമായും മുന്നോട്ടുവെച്ച ആശയം “ഡിജിറ്റല്‍ മീഡിയ ഫസ്റ്റ്”’ എന്നതായിരുന്നു. മാധ്യമ സ്ഥാപനങ്ങള്‍ മറ്റെന്തിനേക്കാളും സോഷ്യല്‍ മീഡിയക്ക് പ്രമുഖ സ്ഥാനം നല്‍കണമെന്നും വാര്‍ത്താ ശേഖരണത്തിലും വിന്യാസത്തിലും അതനുസരിച്ച് മാറ്റങ്ങള്‍ കൊണ്ടുവരണമെന്നും അദ്ദേഹം അടിവരയിടുന്നു. തന്റെ വിദ്യാര്‍ഥികള്‍ക്ക് റിപ്പോര്‍ട്ടിംഗിനായി ഐ പാഡും ഗവേഷണത്തിനായി സോഷ്യല്‍ മീഡിയ പേജുകളും നല്‍കി ശ്രദ്ധപിടിച്ചുപറ്റിയ അധ്യാപകന്‍ കൂടിയാണ് വെര്‍ജിന കോമണ്‍വെല്‍ത്ത് യൂനിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ കൂടിയായ ഡോ. മാര്‍ക്ക് മെസ്‌നര്‍. ഗൂഗിളില്‍ തിരയുന്നവരേക്കാള്‍ കൂടുതല്‍ പേര്‍ ഫേസ്ബുക്കില്‍ വാര്‍ത്ത അന്വേഷിക്കുന്നുണ്ടെന്ന് പ്രമുഖ ഓണ്‍ലൈന്‍ മീഡിയ അനലിറ്റിക്കല്‍ സ്ഥാപനമായ പാഴ്‌സ്‌ലി അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. വായനക്കാരും സോഷ്യല്‍ മീഡിയ കാലത്ത് മാറുകയാണ്. റോയിട്ടേഴ്‌സ് ഉള്‍പ്പെടെ 400 മാധ്യമസ്ഥാപനങ്ങളെ വിലയിരുത്തിയാണ് പാഴ്‌സ്‌ലി ഇക്കാര്യം പുറത്തുവിട്ടത്. ഉയര്‍ന്ന മാധ്യമ സാക്ഷരത നേടുക എന്നതാണ് സോഷ്യല്‍ മീഡിയ കാലത്ത് വാര്‍ത്ത വായിക്കുന്നവര്‍ ചെയ്യേണ്ട പ്രധാന കാര്യം. വിവേചന ബുദ്ധിയോടെയല്ലാതെ സാമൂഹിക മാധ്യമങ്ങളില്‍ സന്നിഹിതരാകരുത്. ഉപയോഗിക്കുന്ന വാക്കുകള്‍ ശ്രദ്ധയോടെയാകട്ടെ. വായിക്കുന്ന വാക്കുകള്‍ ജാഗ്രതയോടെയും.

ഹാഷ്ടാഗ്: 2008ലാണ് സംഭവം. സി എന്‍ എന്‍ ചാനല്‍ ഒരു വ്യാജവാര്‍ത്ത പുറത്തുവിട്ടു. അത് റിപ്പോര്‍ട്ട് ചെയ്തത് തങ്ങളുടെ ഫേസ്ബുക്കിലൂടെ ഒരു സിറ്റിസണ്‍ ജേണലിസ്റ്റായിരുന്നു. ആപ്പിളിന്റെ സി ഇ ഒ സ്റ്റീവ് ജോബ്‌സിനെ ഹൃദയാഘാതം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു എന്നായിരുന്നു വാര്‍ത്ത. തെറ്റ് ബോധ്യപ്പെട്ട ചാനല്‍ ഉടന്‍ തിരുത്തിയെങ്കിലും അപ്പോഴേക്കും വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പടര്‍ന്നിരുന്നു. ട്വിറ്ററിലും ഫേസ്ബുക്കിലും സ്റ്റീവ് ജോബ്‌സിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നിറഞ്ഞു. അതുവഴി ആപ്പിളിന് സംഭവിച്ചത് വന്‍ സാമ്പത്തിക നഷ്ടമായിരുന്നു. സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ആപ്പിളിന്റെ മൂല്യം കുത്തനെ ഇടിയാനും കാരണമായി.
.

Latest