Connect with us

Prathivaram

ഇരുളകറ്റാന്‍ ഓലച്ചൂട്ട്

Published

|

Last Updated

“ജനലഴികള്‍ക്കിടയിലൂടെ ഞാന്‍ ആ കാഴ്ച കണ്ടുനിന്നു. ഞാന്‍ മാത്രമല്ല, ഞങ്ങള്‍ കുട്ടികളെല്ലാം ഏതോ അത്ഭുതം കാണാനെന്നവണ്ണം തിക്കിത്തിരക്കി. ഉണ്ണിയാണ് ടീച്ചറിന്റെ ചോറ് മുഴുവന്‍ തിന്നത്. ടീച്ചര്‍ വാരിക്കൊടുത്തു. പേരയ്ക്ക നഷ്ടപ്പെട്ടെങ്കിലെന്ത്? ഉണ്ണിക്ക് ടീച്ചറിന്റെ ചോറുകിട്ടി. പേരയില്‍ നിന്ന് വീണത് ഞാനായിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയി. ആ വിരലുകള്‍ എന്നെ ചേര്‍ത്തുപിടിക്കുമായിരുന്നു. ചുവന്ന ചമ്മന്തി ചേര്‍ത്തിളക്കിയ കുത്തരിച്ചോറ് ടീച്ചര്‍ എനിക്ക് വാരിത്തരുമായിരുന്നു.”

കത്തിയാളുന്ന വെയിലേറ്റ് ശരീരം വിയര്‍ത്തുരുകി തൊണ്ടവരണ്ട് നടക്കുന്ന വഴിയാത്രക്കാരന്‍ പെട്ടെന്ന് പാറക്കെട്ടിന്റെ ഓരത്തുകൂടെ ഒലിച്ചിറങ്ങുന്ന വെള്ളം കൈക്കുമ്പിളിലാക്കി കുടിക്കുമ്പോഴുണ്ടാകുന്ന അനുഭൂതിയാണ്, കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഈ വര്‍ഷത്തെ ബാലസാഹിത്യത്തിനുള്ള അവാര്‍ഡ് ലഭിച്ച കവിയും ഗാനരചയിതാവുമായ പി കെ ഗോപിയുടെ “ഓലച്ചൂട്ടിന്റെ വെളിച്ചം” നല്‍കുന്നത്. ബാല്യകാലത്ത് എഴുത്തുകാരന്‍ കണ്ടതും കേട്ടതും അനുഭവിച്ചതും തെളിഞ്ഞ ഒഴുക്കുള്ള ഭാഷയില്‍ കവിത പോലെ കുട്ടികള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നു; മുത്തശ്ശിമാര്‍ പറഞ്ഞുതരുന്ന കഥകള്‍ പോലെ സാരസമ്പുഷ്ടമായവ. പലവിധ ശബ്ദങ്ങളുടെ അകമ്പടിയോടെ പേടിപ്പെടുത്തുന്ന രാത്രിയില്‍ മുന്നോട്ട് നടക്കാനുള്ള ധൈര്യം ഓലച്ചൂട്ടിന്റെ വെളിച്ചം നല്‍കുന്നു. സങ്കരഭാഷകളുടെയും സംവേദനങ്ങളുടെയും കാലത്ത് തെളിമലയാളത്തിന്റെ വറ്റാത്ത ഉറവയായി ഈ പുസ്തകവും എഴുത്തുകാരനും മാറുന്നു.

നിഷ്‌കളങ്കതയാണ് കുഞ്ഞുങ്ങളുടെ പ്രത്യേകത. അവരുടെ കുസൃതികളില്‍ തന്നെ ഭാവനയുടെ ആത്മാംശമുണ്ട്. മുന്നില്‍ കാണുന്നതും മനസ്സില്‍ പതിഞ്ഞതുമെല്ലാം തോന്നിയതുപോലെ ഇഷ്ടമുള്ള സ്ഥലത്തു വരച്ചിടുന്ന പ്രകൃതക്കാര്‍. അതിന് വീടിന്റെ ചുമരെന്നോ ഉമ്മറമെന്നോ അതിഥി മുറിയെന്നോ കിടപ്പുമുറിയെന്നോ അടുക്കളയെന്നോ ഗെയിറ്റെന്നോ വേര്‍തിരിവുണ്ടാകില്ല. നിറങ്ങളിലൂടെയും കുറികളിലൂടെയും വരകളിലൂടെയുമുള്ള അവരുടെ സൈ്വരവിഹാരം അനുവദിക്കുകയെന്നതാണ് കുട്ടികളോട് ചെയ്യേണ്ട നന്മ. ഗ്രന്ഥരചയിതാവിന്റെ കോഴിക്കോട്ടെ “നന്മ”യെന്ന വസതിയിലേക്ക് സന്ദര്‍ശകരെ വരവേല്‍ക്കുന്നത് ചുമരുകളിലെ കുഞ്ഞിക്കൈക്കളുടെ നിഷ്‌കളങ്ക വരകളും കുറികളുമാണ്. വരകളിലൂടെ ആദ്യത്തെ ആവിഷ്‌കാരം സാധ്യമാക്കുന്നത് കുട്ടികളാണ്. സാങ്കേതികതയുടെ കൃത്രിമത്വവും കാപട്യവും നിറഞ്ഞ വറ്റിവരണ്ടതും ജീവനില്ലാത്തതുമായ ആശയങ്ങള്‍ നല്‍കുന്ന ഗെയിമുകളും കാര്‍ട്ടൂണുകളുമെല്ലാം പിഞ്ചുകുഞ്ഞുങ്ങളുടെ കൈകളില്‍ നിറയുന്ന ഒരു സംസ്‌കാരത്തിലേക്ക് നാട്ടിന്‍പുറം പോലും ആകര്‍ഷിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് ഈ കൃതി വേറിട്ടതാകുന്നത്. അഥവ, സാങ്കേതികതയുടെ അമിത തമസ്സിന്റെ കാലത്ത് നേര്‍വഴി കാണിക്കാനുള്ള ചൂട്ടുവെട്ടമായി ഇത് മാറുന്നു.

പെട്രോമാക്‌സും ടോര്‍ച്ചും എമര്‍ജന്‍സിയും മൊബൈല്‍ ലൈറ്റുകളും തെരുവുവിളക്കുകളുമെല്ലാം ജീവിതത്തിന്റെ ഭാഗമാകുന്നതിന് മുമ്പ് നാട്ടുമ്പുറം കാത്തുവെച്ചിരുന്ന വെളിച്ചത്തിന്റെ പ്രതീകമായിരുന്നു ഓലച്ചൂട്ട്. അറിവ്, നന്മ, സ്‌നേഹം, കരുണ, വഴിവെളിച്ചം, കരുതല്‍, സുരക്ഷ, ഇരുട്ടിനെ അകറ്റുന്ന ആത്മവിദ്യ തുടങ്ങിയവയെല്ലാം അതില്‍ ഉള്ളടങ്ങിയിരിക്കുന്നുവെന്ന് എഴുത്തുകാരന്‍. നാട്ടുമ്പുറത്തെ വീട്ടില്‍ അകലെ നിന്ന് വരുന്ന പഥികനു കൊടുക്കാന്‍ കാത്തുവെച്ചിരിക്കുന്ന ഒന്നാണ് ഓലച്ചൂട്ട്. അതിന്റെ നിര്‍മിതിയില്‍ തന്നെ ഒരു കലയുണ്ട്. കത്താന്‍ കുനിച്ചുപിടിക്കണം. കത്തിയാല്‍ ഉയര്‍ത്തിപ്പിടിക്കും. വെളിച്ചം വേഗം അണഞ്ഞുപോകാതെ മുകളിലേക്ക് പിടിച്ച് പതുക്കെ വീശിക്കത്തിച്ച് മറ്റുള്ളവര്‍ക്ക് വെളിച്ചം പകരണം. കുണ്ടുംകുഴിയും കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ പോകാന്‍ ഒരു വെളിച്ചം വേണമെന്ന് പണ്ടുള്ളവര്‍ക്ക് അറിയാം. അതവരുടെ സംസ്‌കാരമാണ്, കാരുണ്യമാണ്. അച്ഛന്‍ ധാരാളം ഓലച്ചൂട്ടുകള്‍ കെട്ടിയിരുന്നു. കൈവിരലുകള്‍ ഉറയ്ക്കുംമുമ്പ് ചൂട്ടു കെട്ടാന്‍ ശ്രമിച്ച ബാല്യമാണ് എന്റേത്. വഴിയാത്രക്കാര്‍ക്ക് ഗ്രാമവീട്ടില്‍ രണ്ട് കാര്യങ്ങള്‍ ഉറപ്പിക്കാം. ഒന്ന് ദാഹജലം. രണ്ട് ഒരിത്തിരി അന്നം. അന്നത്തെ ഗ്രാമീണ ജീവിതത്തില്‍ സ്പര്‍ധയോ കലഹമോ വൈരമോ ഇന്നത്തേത് പോലെയുണ്ടായിരുന്നില്ല. പരസ്പരം സഹായിച്ചും സഹകരിച്ചും എല്ലാവരും ജീവിച്ചുപോന്നു. ജീവിതത്തിന് അനിവാര്യമായതിനാലാണ് വ്യത്യസ്ത തൊഴിലുകളില്‍ ഏര്‍പ്പെടുന്നത്. അത് ഇന്നത്തെ പോലെ അത്ര ജാതി- മത ശത്രുതയുടെ കരിനിഴല്‍ പടര്‍ന്നതായിരുന്നില്ല.
പുസ്തകത്തിലെ അധ്യായങ്ങളില്‍ ചിലത് ഗുരു പഠിപ്പിച്ച പാഠമാണ്. ചിലപ്പോള്‍ ദീര്‍ഘ ദൂരം സഞ്ചരിച്ച് വിദ്യാലയത്തില്‍ പോയപ്പോഴുണ്ടായ അനുഭവങ്ങള്‍. ഏറെദൂരം നാട്ടുവഴിയേ നടന്ന് പള്ളിക്കൂടത്തില്‍ പോകേണ്ടിയിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നല്ലോ…

അതൊരു ഭാഗ്യമാവാം. അച്ഛനമ്മമാരോടൊപ്പം വിവിധതരം തൊഴിലുകളില്‍ ഏര്‍പ്പെട്ടതും ജീവിത പരിശീലനമാവാം. കൈക്കോട്ട് പിടിക്കാനും പശുവിന്റെ കയര്‍ പിടിക്കാനും കൗതുകത്തിന് വേണ്ടിയെങ്കിലും പാടത്തിറങ്ങാനും കൊയ്യാനും കറ്റ മെതിക്കാനും പൊലി വിളിക്കാനും ബാല്യത്തിന് സാധിച്ചു. തഴമ്പും താളവും ചേര്‍ന്നതാണ് നാട്ടുകവിതയുടെ ഭാഷ. ഞാന്‍ മെനഞ്ഞത് പൈതൃകത്തില്‍ നിന്നോ നാട്ടുപരിചയത്തില്‍ നിന്നോ ലഭിച്ച ഒരു ഓലച്ചൂട്ടാണെന്നര്‍ഥം. ആ ഓലച്ചൂട്ടു തന്നെയാണ് എന്റെ ജീവിതം. എളിമയോടെ കുനിഞ്ഞു കത്തുകയും അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിച്ച് നടക്കുകയും എനിക്കും മറ്റുള്ളവര്‍ക്കും വെളിച്ചം പകരുകയും ചെയ്യുന്ന ഒരു പ്രതീകമാണ് ഓലച്ചൂട്ട്. അതുതന്നെയാണ് എന്റെ ജീവിതം. എന്റെ എഴുത്ത് ദര്‍ശനവും മറ്റൊന്നല്ല. രചനയുടെ മേല്‍ സംതൃപ്തി ലഭിക്കുന്നത് മറ്റുള്ളവര്‍ അതിനോട് താദാത്മ്യം പ്രാപിച്ചു എന്നറിയുമ്പോഴാണ്. എനിക്കു ഞാന്‍ മാത്രം മതിയെന്നത് മനുഷ്യസംസ്‌കൃതിയുടെ ഭാഷയല്ല, സ്വാര്‍ഥതയും അജ്ഞതയുമാണ്. ഏതുകാലത്തിനും മൂല്യങ്ങള്‍ കൈവിടാനാകില്ല. സ്‌നേഹം കൈവിടാനാകില്ല. ഓലച്ചൂട്ടിന്റെ വെളിച്ചം എന്ന പുസ്തകത്തില്‍ ഇവ ലയിച്ചുചേര്‍ന്നിരിക്കുന്നത് എന്നതുകൊണ്ടാവാം കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യത്തിനുള്ള പുരസ്‌കാരം ഈ കൃതിയെ തേടിയെത്തിയത്.
.

Latest