ഉന്മാദിയുടെ തീപ്പെട്ടിച്ചിത്രങ്ങള്‍

Posted on: July 8, 2018 3:09 pm | Last updated: July 8, 2018 at 3:33 pm
SHARE

മഴയുടെ മുന്നറിയിപ്പുണ്ടായിട്ടും കുടയെടുക്കാന്‍ തോന്നാതിരുന്നതിനെ ശപിച്ച് രാജീവന്‍ വായനശാലയുടെ മരജനാലകള്‍ വലിച്ചടച്ചപ്പോള്‍ കാലാകാലമായുള്ള ശീലമെന്ന പോല്‍ വിജാഗിരികള്‍ ദീനശബ്ദമുണ്ടാക്കി. അവയിലൂടെ ഇത്രയും നേരം പുറംലോകം കണ്ടിരുന്ന പുസ്തകങ്ങള്‍ക്ക് സങ്കടം വന്നതുപോലെ തോന്നി.
ദിവസത്തില്‍ വെറും മൂന്ന് മണിക്കൂര്‍ മാത്രം വെളിച്ചം കാണുന്നവയാണ് അലമാരയിലുള്ള പുസ്തകങ്ങളില്‍ ഭൂരിഭാഗവും. അപൂര്‍വം ചില പുസ്തകങ്ങള്‍ വായനക്കാരോടൊപ്പം ഊരുചുറ്റി വരുന്നു. പഞ്ചായത്ത് വായനശാല തുടങ്ങിയ കാലത്ത് വായനക്കാരുടെ ബഹളമായിരുന്നു. ഇപ്പോള്‍ ഒന്നോ രണ്ടോ പേര്‍ വന്നാലായി.
മഴ കൂടിവരികയാണ്. രാജീവന്‍ മഴ തിമിര്‍ത്ത് പെയ്യുന്ന നിരത്തിലേക്ക് നോക്കി നെടുവീര്‍പ്പിട്ടു. ഇരുട്ട് മൂടിപ്പെയ്യുന്ന മഴക്ക് ദുഃഖഭാവം മാത്രമല്ല, ഉന്മാദഭാവവുമുണ്ട്. മഴ ഉന്മാദിയായി ആര്‍ത്തുപാഞ്ഞ് പെയ്യുന്നു, കാട്ടുപൊന്തകളിലും മരങ്ങളിലും തല്ലിയലയ്ക്കുന്നു. സന്ധ്യാ വെളിച്ചം കുറഞ്ഞുവരുന്നിടത്ത് രാത്രി കറുത്ത ചായം നിറക്കുന്നു.
വായനശാലയില്‍ താനും ആയിരക്കണക്കിനു പുസ്തകങ്ങളും ചുറ്റിലും മഴയും മാത്രമല്ല, വരാന്തയില്‍ മറ്റൊരാള്‍ കൂടിയുണ്ട് എന്ന ബോധ്യത്തില്‍ മരബഞ്ചിലേക്ക് രാജീവന്‍ പാളിനോക്കി. ഉണ്ട്, പൊടിനിറഞ്ഞ താടിരോമങ്ങള്‍ തടവി കിടക്കുന്നു. പുറത്തെ സോഡിയം വേപ്പര്‍ വെളിച്ചത്തില്‍ അയാള്‍ ഏതോ നാടകത്തിലെ കഥാപാത്രത്തെ പോലെ തോന്നിച്ചു.
കൃഷ്ണന്‍ നായര്‍. അതാണയാളുടെ പേര്. നാട്ടുഭ്രാന്തനാണ്. എങ്കിലും ശല്യമില്ല, ഒച്ചയിടില്ല, ആള്‍ക്കാരോടിരക്കില്ല, പരിസരം വൃത്തികേടാക്കില്ല. പുലര്‍ച്ചെ നീലമ്പം മാര്‍ക്കറ്റിലേക്കുള്ള വഴിയില്‍, തലകുനിച്ച് മുതുകില്‍ വലിയ കെട്ടുമായി, ഭൂഗോളം മുതുകില്‍ താങ്ങുന്ന ഹെര്‍ക്കുലീസിന്റെ മുഖഭാവത്തില്‍, നടന്നുപോകും.
ഉന്മാദികള്‍ക്ക് സ്വതവേ കുളി, പല്ലുതേപ്പ് തുടങ്ങിയ ലൗകിക ദിനചര്യകളോടുള്ള അതേ അവജ്ഞ തന്നെയാണിദ്ദേഹത്തിനും. പക്ഷേ, വര്‍ഷത്തിലൊരിക്കല്‍ തലയും മുഖവും വടിച്ച് ചക്രപാണിയമ്പലത്തില്‍ കുളിച്ചുതൊഴുത് ദാനമായിക്കിട്ടിയ മുണ്ടും ഷര്‍ട്ടും ധരിച്ച് ഒറ്റനാള്‍ സുന്ദരനാകും. അപ്പോഴും ഒരവയവം പോലെ കെട്ട് മുതുകിലുണ്ടാകും. പിറ്റേന്നു മുതല്‍ എല്ലാം പഴയപടിയാകും. സാധാരണ താന്‍ ഇറങ്ങിയാല്‍ മാത്രമേ അയാള്‍ കയറി വരാറുള്ളൂ. മഴയായതിനാലും സമയം കഴിഞ്ഞിട്ടും താന്‍ വായനശാല വിട്ടുപോകാത്തതിനാലും ക്ഷമനശിച്ച് കയറിക്കിടക്കുന്നതായിരിക്കും.
ജനാലകള്‍ അടഞ്ഞ മുറിയില്‍ അലമാരകളുടെ പൂപ്പല്‍മണം മനം മടുപ്പിച്ചപ്പോള്‍ പുസ്തകങ്ങളെ തനിച്ചാക്കി രാജീവന്‍ പുറത്തുകടന്നു. രാജീവനെ കണ്ടതും ഉന്മാദി മരബഞ്ചില്‍ എഴുന്നേറ്റിരുന്ന് മേല്‍ക്കൂരയില്‍ നിന്നു പൈപ്പിലൂടെ താഴേക്കുവീഴുന്ന വെള്ളച്ചാട്ടത്തിലേക്ക് നോക്കി പറഞ്ഞുതുടങ്ങി.
”ചില നേരത്ത് മഴയിങ്ങനാ തൊടങ്ങ്യാല് നിക്കൂല. ചെല പെണ്ണുങ്ങളെ പോലെ, അവര് വിചാരിച്ചത് നടക്കും വരെ ഇങ്ങനെ കരഞ്ഞുകൊണ്ടിരിക്കും.’
അയാള്‍ കണ്ണുകളടച്ച് ചുവരിനോട് ചാരിയിരുന്നു. മറ്റു മൃഗങ്ങളെപ്പോലെ മഴ നനയാന്‍ മനുഷ്യനും അറിയാര്ന്നു. മറ്റു പലതും മറന്നതുപോലെ അതും മറന്നു. അയാള്‍ പതിയെ ചിരിച്ചു.
‘ഈട കെടന്നാല് കുളിരൂലെ?’
ഉന്മാദികളുടെ ആത്മാവിന്റെ കടുപ്പം കടന്ന് മഴ, മഞ്ഞ്, ചൂട് ഇവയൊക്കെ അവരുടെ ശരീരത്തെ തൊടുമോ എന്നാലോചിക്കാതെ രാജീവന്‍ ചോദിച്ചു.
”ഇന്നെന്തായാലും കുളിരും, നീലമ്പത്തെ യൂസഫാജി ഹോട്ടലീന്ന് രാത്രി തിന്നാന്‍ വല്ലതും തരും. ഇന്നലെ മുതല് അയാള് വരുന്നില്ല. മക്കളാണ് ഭരണം. പുതിയ കുട്ട്യോളല്ലേ… പ്രാന്തന്മാര്‍ക്ക് ദാനം ചെയ്യാനൊന്നും ഇഷ്ടുണ്ടാവൂല.’
വീണ്ടും ഉന്മാദത്തിന്റെ വിശപ്പ് കലര്‍ന്ന തത്വശാസ്ത്രച്ചിരി.
”വീട്ടില് പോയ്ക്കൂടെ?’
ഉന്മാദിക്ക് കോണത്ത് എന്ന സ്ഥലത്ത് ബന്ധുക്കളുണ്ടെന്ന് ആരോ പറഞ്ഞതോര്‍ത്ത് രാജീവന്‍ ചോദിച്ചു.
‘അവിടെ ഇതിനേക്കാള്‍ കുളിരാ.
പിന്നെ അവിടെയും കുട്ടികള്‍ മാത്രേ ഉള്ളൂ.’
ചിരിച്ചുകൊണ്ടിരുന്ന മുഖം പെട്ടെന്ന് ഗൗരവം പൂണ്ടു.
‘ആര്‍ക്കായാലും അംഗീകരിക്കാന്‍ പറ്റ്വോ? കൂലേരി സ്‌കൂളില് പ്യൂണിന്റെ പണിയാര്ന്നു. ഇണ്ടായിര്‌ന്നെങ്കില് ഇപ്പോ രണ്ട് മൂവായിരം ഉറുപ്യ ശമ്പളം കിട്ട്വാര്ന്നു അല്ലേ? പൊതാള് മാഷ് പിറകെ പിറകെ നടന്നു പറഞ്ഞു ശിപ്പായിപ്പണി താണ പണിയാണ്, നമ്മളെപ്പോലുള്ള തറവാടികള് എട്ക്കണ്ട പണിയാ? ജന്മിത്തം പോയീന്നേള്ളു, തമ്പ്രാന്‍ തമ്പ്രാനെന്നെ. പിന്നെ നമ്മളെ ചന്ദ്രിക ടീച്ചറ്ക്ക് തന്റെ മേലെ ഒര് കണ്ണ്ണ്ട്ന്ന് എല്ലാരും പറയുന്ന്ണ്ട്. നല്ലത്. സുന്ദരിയാ ഓള്. പക്ഷേ, ഞാനന്വേഷിച്ചപ്പോ ഓള് പറയ്യ്യാണ്, എന്താ പൊതാള് മാഷെ, ജന്മിയാച്ചാലും ഒരു ശിപായീനെ മംഗലം കയിച്ച് കൂട്വാന്ന്യച്ചാല് നാണക്കേടല്ലേന്ന്.’
എന്തോ ആലോചിച്ച് അയാള്‍ നിര്‍ത്തി. മരബഞ്ചിലേക്ക് ചാഞ്ഞ് വീണ്ടും പറഞ്ഞു തുടങ്ങി.
”അത്രേം കേട്ടപ്പോ രാജി എഴുതിക്കൊടുത്തു. പിന്ന്യാ അറിഞ്ഞെ, പൊതാളിന്റെ അനിയനൊര്ത്തന് പണികിട്ടാന്ള്ള കളിയായ്‌ര്ന്നുന്ന.് ചന്ദ്രിക ടീച്ചറിന്റെ വീട്ടില് പോയി ഒച്ചേണ്ടാക്കി. അവരൊരു പാവം ഒന്ന്വറിഞ്ഞിട്ടില്ല. പിന്നെ കേട്ടു, നാണക്കേടായിട്ട് സ്‌കൂളില് പോക്ക് നിര്‍ത്തിന്ന്. നാട്ടിലെറങ്ങി നടക്കാനാവാതായപ്പോ ചിക്ക്മംഗ്ലുരേക്ക് നാട് വിട്ടു. അവിടെ പോര്‍ട്ടില് പണി. പണിക്കാരൊത്ത് രാത്രി റാക്ക് കുടിക്കുമ്പോ പൊതാളെ കൊല്ലാന്‍ തോന്നും. മനസ്സ് പിടിച്ചാ നിക്കാതായപ്പോ ഒരു സുഹൃത്ത് ശ്രാവണബല്‍ഗോളയില്‍ കൊണ്ട് ചെന്നാക്കി. അവിടെയായിരുന്നു പിന്നെ. എല്ലാം ഉപേക്ഷിച്ച് രാജാക്കന്‍മാര് വരെ സന്യാസിമാരായ സ്ഥലല്ലേ? അവിടെക്കൂടി. കൊല്ലങ്ങള് കൊറെ കഴിഞ്ഞപ്പോ നാട്ടില് ഒന്ന് വരണംന്ന് തോന്നി. വണ്ടിയിറങ്ങി നേരെ ചെന്നത് തറവാട്ടിലേക്കാ. അമ്മയെ അന്വേഷിച്ചു. മരിച്ചെന്നു പറഞ്ഞു, തിരിഞ്ഞു നടന്നു. പിന്നെ പൊതാള് മാഷിന്റട്‌ത്തേക്ക്. മാഷേ, ഞാന്‍ മാഷെ ചൊല്ലി വേണ്ടാത്തത് വിചാരിച്ചു ക്ഷമിക്കൂന്ന് കാലുപിടിച്ച് കരഞ്ഞു. ഒരാള് നമ്മളോട് ഒരു തെറ്റ് ചെയ്‌തെന്ന് കരുതി നമ്മളും അയാളോട് അതേ തെറ്റ് ചെയ്യുന്നെങ്കില്‍ രണ്ട് പേരും തമ്മില്‍ ന്താ വെത്യാസം? പിറ്റേന്ന് മുതല്‍ നാട്ട്കാര് എന്നെ കാണുമ്പോള്‍ വല്ലാത്ത നോട്ടം നോക്കാന്‍ തൊടങ്ങി, പ്രാന്തന്മാരെ നോക്കുമ്പോലെ. എന്നാപ്പിന്നെ അങ്ങിനെ തന്നെ ആകാമെന്ന് കരുതി.’
ചിരിയിലൂടെ ഉന്മാദം പൊട്ടിയൊലിച്ചു.
അയാള്‍ പറഞ്ഞ കാര്യങ്ങള്‍ ഏതോ കഥ പോലെ തോന്നി രാജീവന്. അയാള്‍ തെറ്റിനെയും ക്ഷമയെയും പറ്റി പറഞ്ഞത് ഏതു പുസ്തകത്തിലാണ് വായിച്ചത്? എല്ലാ രാത്രിയിലും തങ്ങള്‍ക്ക് കാവലിരിക്കുന്നയാളോട് പുസ്തകങ്ങളുടെ ആത്മാക്കള്‍ കൂട്ടുകൂടുന്നുണ്ടാകുമോ? പല ദേശങ്ങളില്‍ കാലങ്ങളില്‍ ഭാഷകളില്‍ ശൈലികളില്‍ കവിതയായ് കഥയായ് നെടുനീളന്‍ ലേഖനങ്ങളായ് പുഴയൊഴുകും പോലുള്ള നോവലുകളായ് അവ ഉന്മാദിയുടെ രാത്രികളില്‍ അയാള്‍ക്ക് ചുറ്റും കൂടുന്നുണ്ടാകും. അവയോടൊത്തുള്ള സൗഹൃദമായിരിക്കുമോ അയാളുടെ വിശപ്പടക്കുന്നത്?
മഴയുടെ ആര്‍ക്കല്‍ കുറഞ്ഞുകുറഞ്ഞ് വന്നു. ഇപ്പോള്‍ നേരിയ നൂലുകള്‍ പോല്‍ ചെരിഞ്ഞ് ചാറുന്നതേ ഉള്ളൂ. മരങ്ങളില്‍ ജല സംഗീതം ന്യൂനസ്ഥായിയിലായി. മുഴുവന്‍ തോരുമെന്നു തോന്നുന്നില്ല. രാജീവന്‍ തന്നോട് തന്നെ പറഞ്ഞു.
ഹോട്ടലടച്ചില്ലെന്നു തോന്നുന്നു.
കൃഷ്‌ണേട്ടന്‍ വാ എന്തെങ്കിലും കഴിക്കാം.’
‘വേണ്ട ഇന്ന് ഞാന്‍ തീരുമാനിച്ചതാ.
നിര്‍ബന്ധാണെങ്കില്‍ നാളെ ഉച്ചക്ക് ഒരൂണ് തരാന്‍ പറയൂ.
പുറത്തെ വെളിച്ചം അണച്ചേക്കൂ, എനിക്ക് ഇരുട്ടാണ്ഷ്ടം.’
ചിരി..
രാജീവന്‍ സ്വിച്ചമര്‍ത്താനാഞ്ഞു.
‘നില്‍ക്കൂ’ ഉന്മാദിയുടെ കൈകള്‍ ഭാണ്ഡത്തിനകത്തേക്ക് നീണ്ടു. ‘ഇത് വച്ചോളൂ, പെന്‍ഷന്‍ പേപ്പറ് ശരിയായപ്പോ പൊതാള് മാഷ് തന്നതാ, ഒരൂണിന് മതിയാകും’.
അയാളുടെ മുഖത്ത് ഒരു സെന്‍ ബുദ്ധിസ്റ്റിന്റെ ശാന്തത.
രാജീവന്‍ അയാള്‍ കൈയില്‍ വെച്ചുകൊടുത്ത കടലാസുകളിലേക്ക് നോക്കി. വിവിധ വര്‍ണച്ചിത്രങ്ങളുള്ള തീപ്പെട്ടിക്കൂടുകള്‍…
ആനയുടെ, ഒട്ടകത്തിന്റെ, മീനിന്റെ, ആയോധന വേഷക്കാരന്റെ… അങ്ങനെ പലതരത്തിലുള്ളത്.
അവ കീശയില്‍ത്തിരുകി വിളക്കണച്ച് നേര്‍ത്തുപെയ്യുന്ന മഴയെ കൈകൊണ്ട് തടയാന്‍ ശ്രമിച്ച് പുറത്തിറങ്ങി.
പിന്നില്‍ രാജീവന്റെ അസാന്നിധ്യമറിഞ്ഞ് പുസ്തക അലമാരയില്‍ നിന്നും ഒരു കുഞ്ഞു പുസ്തകത്തിന്റെ ആത്മാവ് തന്റെ മാന്ത്രികവടി തിളക്കി പുറത്തിറങ്ങി ഉന്മാദിയുടെ നെഞ്ചില്‍ ഒരു കുഞ്ഞിനെ പോലെ കിടന്ന് ഇക്കിളിയിട്ടു. തന്റെ മാന്ത്രികദണ്ഡ് വീശി അയാളുടെ വിശപ്പകറ്റി.
പുറത്തെ ഇരുട്ടില്‍ മഴ വീണ്ടും ഭ്രാന്ത് കയറി ആര്‍ത്തുതുടങ്ങി.
.

LEAVE A REPLY

Please enter your comment!
Please enter your name here