‘നമ്മക്ക് സാധുക്കള് മതി’

കണിയാമ്പറ്റ അങ്ങനെ റാഹത്തില് നില്‍ക്കുന്നതിനിടയിലാണ് “മാപ്പിള നാടില് ശംസുല്‍ ഉലമയെ ആക്ഷേപിച്ച് ലേഖനം എഴുതിയത്. എനിക്ക് വലിയ വേദന തോന്നി. അതെ തുടര്‍ന്ന് ചില വിഷയങ്ങളുണ്ടായി... പിന്നെ കണ്ടപ്പോള്‍ ഇ കെ ഉസ്താദ് പറഞ്ഞു. ഞാന്‍ അറിഞ്ഞു വിവരങ്ങളൊക്കെ. നമ്മക്ക് സാധുക്കള് മതി. പൊകീക്കും മനുഷ്യനെ. മനുഷ്യനെ ഇരിക്കാന്‍ സമ്മതീക്കേണ്ടേ’- വയനാട് പി ഹസന്‍ മുസ്‌ലിയാരുടെ അനുഭവങ്ങളും നിലപാടുകളും... രണ്ടാം ഭാഗം.
Posted on: July 8, 2018 1:53 pm | Last updated: July 8, 2018 at 3:33 pm
SHARE

? കുറേ കാലമായല്ലോ വയനാട്ടിലായിട്ട്. ഇവിടുത്തെ മതപരമായ കാര്യങ്ങള്‍ എങ്ങനെ നിരീക്ഷിക്കാം

. ദീനിയ്യായ മട്ടമാണ്, പഴേ മനുഷ്യന്മാരൊക്കെ, വസ്ത്രധാരണയും കാര്യവുമൊക്കെ പൊതുവെ. പഴയ കാലത്തൊക്കെ തലേക്കെട്ട് കെട്ടാത്ത ഒരാളെ കാണൂല. ഉസ്താദ്മാരെ മോഡല്. അച്ചടക്കവും അദബും പ്രത്യേകിച്ച് ഉണ്ട്. ഉസ്താദ്മാരോടൊക്കെ വല്യ ആദരവും ബഹുമാനവും ആണ്. സാധാരണക്കാരും ചെറുപ്പക്കാരുമൊക്കെ പഠിക്കാന്‍ താത്പര്യമാണ്. ദര്‍സില്‍ പോകും. ഒരുപാട് കുട്ടികള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ പിന്നെ ചെറുപ്പക്കാര് വേറെ ഉണ്ട്. എന്നാലും പഴയ ഒരു മട്ടാണ്.
? വയനാടാകുമ്പോള്‍ പ്രകൃതിപരമായ ചില പ്രതിസന്ധികളൊക്കെ ഉണ്ടാകുമല്ലോ. പല ബുദ്ധിമുട്ടുകളും

. ആദ്യത്തിലൊക്കെ കാലാവസ്ഥ തണുപ്പ് വിഷമമായിരുന്നു. പിന്നെ അങ്ങട്ട് ശീലമായി. ആദ്യകാലത്ത് കണിയാമ്പറ്റയില്‍ കുളമായിരുന്നു. അത് അത്രക്ക് തണുപ്പ് ഉണ്ടാകില്ല.
? ആദിവാസികളുമായി ഇടപഴകാന്‍ അവസരമുണ്ടോ?

. ആദിവാസികള് വെള്ളമുണ്ട ഭാഗത്തൊന്നും അത്ര ഇല്ല. ഇവിടെ ഈ സ്ഥലത്ത് ഉണ്ട്. ചുറ്റുപാട് കുറച്ചൊക്കെ ഉണ്ട്. ഓല് നമ്മളെ കുട്ടികളുമായിട്ടൊക്കെ ബന്ധൊക്കെ ഉണ്ട്. ഞമ്മളെ ഇടക്കൊക്കെ വന്ന് വല്യ ബഹുമാനം ഒക്കെ പറയും, ഉസ്താദേ ഞാനീ പള്ളിക്ക് പണി എടുത്ത ആളാണ്.. കുട്ട്യക്ക് പരീക്ഷ ജയിക്കണം. എനിക്ക് പൊരക്ക് കുറ്റി അടിച്ച് തരണം എന്നൊക്കെ.
? ഇതര മതസ്ഥരോടുള്ള അടുപ്പം എങ്ങനെയാണ്

. വെള്ളമുണ്ടയില്‍ ഒരു ആദരവ് നടത്തിയിരുന്നല്ലോ പൗരാവലി. അന്ന് അവരൊക്കെ പങ്കെടുത്തു. വലിയ സ്‌നേഹമാണ്. ഈ കാണുന്ന ഉപഹാരങ്ങളൊക്കെ അന്ന് തന്നതാണ്. കാണാന്‍ വരുന്നവരുണ്ട്. ക്രിസ്ത്യന്‍ സുഹൃത്തുക്കളുണ്ട്.
?ചെറുപ്പത്തിലെ പഠിപ്പിന്റെ കാര്യം പറഞ്ഞു. ഉപ്പയും ഉമ്മയുമൊക്കെ

. ഉമ്മ ചെറുപ്പത്തില്‍ തന്നെ മരിച്ചു. മൂന്നാം മാസത്തില്‍. പ്രസവിക്കുമ്പം തന്നെ, ഗര്‍ഭിണി ആയിരിക്കുമ്പോള്‍ തന്നെ അസുഖമാണ്. ഉമ്മയെ ഓര്‍മ ഇല്ല. തൊണ്ണൂറാം ദിവസോ തൊണ്ണൂറ്റൊന്നാം ദിവസോ മരിച്ചുപോയി. പിന്നെ വല്യമ്മ, ഉപ്പാന്റെ ഉമ്മ. അവരാണ് നോക്കിയത്. പിന്നെ ഉപ്പന്റെ പെങ്ങള്. അമ്മായീന്നാ പറയും. ഉമ്മാന്റെ സ്ഥാനത്ത്. ഓതാന്‍ പോയ കാലത്ത് വല്യമ്മ ഓതാനയക്കൂല. എപ്പഴും കണ്ടോണ്ട് നില്‍ക്കണം. അനക്ക് ചൊല്ലിത്തരാന്‍ ഉസ്താദ്മാരൊക്കെ ഇവിടെണ്ട് എന്ന് പറയും. പോകാന്‍ അയക്കൂല, മരിക്കണ സമയത്ത് യ്യ് ഇവടെ വേണം എന്ന് പറഞ്ഞു. ഞാനുണ്ടാകൂന്ന് പറയും. ഞാന്‍ ആദ്യായിട്ട് ഒരാള് മരിക്കുന്നത് കണ്ടത് വല്യമ്മ മരിക്കുന്നതാണ്. ആദ്യായിട്ട് മരണത്തില്‍ പങ്കെടുക്കുന്നത്.
? വലിയ കുടുംബമായിരുന്നു അല്ലേ

. പതിനൊന്ന് ആള് ഉണ്ട്. രണ്ട് പെണ്ണൂം ബാക്കിയൊക്കെ ആണും. ഒരാള് മരണപ്പെട്ടു. ഒരാള് ചെറിയ കുട്ടിയായപ്പം തന്നെ നാല് വയസ്സിലോ മറ്റോ മരണപ്പെട്ടു. എന്റെ മേലെ രണ്ടാള്ണ്ട്. എന്റെ ഉമ്മാക്ക് മൂന്നാള്. ഞാനും രണ്ട് ജ്യേഷ്ഠന്മാരും. അതില്‍ ചെറുത് ഞാനാണ്. പിന്നെ ഉമ്മ മരിച്ച ശേഷം ഒരു കല്യാണം കഴിച്ചു. അതില്‍ കുട്ടി ഉണ്ട്. പിന്നെ ഉമ്മാന്റെ അനുജത്തി ഉണ്ടായിരുന്നു. അവരെ കല്യാണം കഴിച്ചു. അതില്‍ രണ്ട് കുട്ടികള്‍. പിന്നെ അവര് മരിച്ചതിന് ശേഷം കുടുംബത്തീന്ന് വേറൊരു കല്യാണം കഴിച്ചു. അതില്‍ നാല് കുട്ടികള്‍ ഉണ്ട്. അവരൊക്കെ അവിടെ തന്നെയാണ്.
? ഉപ്പയെകുറിച്ചുള്ള ഓര്‍മ

. ഉപ്പ കര്‍ഷകനായിരുന്നു പഴേ. നിസ്‌കരിക്കാന്‍ കയറും, പിന്നെയും പണിക്ക് പോകും. അധ്വാനിക്കുന്ന ആളായിരുന്നു. സ്വന്തം ഭൂമി തന്നെ. പിന്നെ കുറച്ച് കച്ചോടം ആയിരുന്നു കുറേ കാലം ആദ്യം. പഴയ കച്ചോടക്കാരനായിരുന്നു. ഉപ്പാന്റെ കട തന്നേ ഉള്ളൂ അവിടെ. ലാസ്റ്റൊക്കെ കൃഷിപ്പണിയായിരുന്നു. ആദ്യൊക്കെ നല്ല നിഅ്മത്തായിരുന്നു. പിന്നെ ഞാന്‍ പഠിക്കുന്ന കാലത്തൊക്കെ ക്ഷീണം പറ്റിയ സമയമാണ്.

ഹസന്‍ മുസ്‌ലിയാര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കൊപ്പം

? ഉസ്താദ് ബന്ധപ്പെട്ട പണ്ഡിതന്മാരും സൂഫീവര്യന്മാരും

. ശൈഖ് ഹസന്‍ ഹസ്‌റത്ത്, കുട്ടി ഉസ്താദ് (ഫള്ഫരി). സി എമ്മുമായിട്ട് നല്ല ബന്ധമായിരുന്നു. വെളിമണ്ണ ദര്‍സ് ഉള്ളപ്പോള്‍ ഇടക്കൊക്കെ കാണാന്‍ പോകും. വെളിമണ്ണ പോയിട്ടുണ്ടോ? വല്യ പള്ളിയാണ്. അന്ന് ചെറിയ പള്ളിയായിരുന്നു. ‘വല്യപള്ള്യും വേണം വല്യ ദര്‍സും വേണം’ എന്ന് പറയും. എനിക്ക് അവിടാണ് ദര്‍സില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഉണ്ടായിരുന്നത്. പത്ത് കുട്ടികളെ ഒക്കെ എടുക്കാനാകാതെ മടക്കീട്ടുണ്ട്.
പിന്നെ, കണ്ണിയത്ത് ഉസ്താദിനെ പട്ടിക്കാട്ട് കാണും എന്നല്ലാതെ അടുത്തേക്ക് ചെല്ലാന്‍ പേടിയായിരുന്നു. മൂപ്പരെ ‘എളാപ്പ’ എന്ന് വിളിക്കുന്ന ഒരാള്ണ്ട് നമ്മളെ ലോഹ്യക്കാരന്‍. ങ്ങള് വരാണെങ്കില്‍ നമ്മക്ക് എളാപ്പനെ കാണാം. രാവിലെ എട്ട് മണിക്ക് പോയാല്‍ നല്ല റാഹത്ത്ള്ള സമയാണ്. നേന്ത്രപ്പഴം കഴിക്കും. വേറൊന്നും വാങ്ങണ്ട, എളാപ്പ കഴിക്കൂലാ എന്നു പറഞ്ഞു. അങ്ങനെ പോയി സലാം പറഞ്ഞു. ദുആ ഇരക്കാന്‍ പറഞ്ഞു. ദുആ ഇരന്നു. ഇതെന്താന്ന് ചോദിച്ചു. എത്ര വെല. എല്ലാം ചോദിച്ചറിഞ്ഞു. മോന്‍ ഹാഫിളാണ്, ഹിഫഌ പഠിക്കാണ് എന്ന് പറഞ്ഞു. ഓനോട് മറക്കരുത്ന്ന് പറയാണ്ടീ എന്ന് പറഞ്ഞു. ദര്‍സിന്റെ കാര്യത്തില്‍ ഇജാസത്ത് വേണോന്ന് പറഞ്ഞപ്പോ ഇജാസത്ത് തന്നു. പിന്നെ ഇടക്കൊക്കെ ങ്ങനെ കാണും. പിന്നെ മര്‍കസില് ക്ലാസ് തൊടങ്ങാന്‍ വന്നപ്പൊ അങ്ങനെ അടുത്ത് വന്ന് ഞമ്മള് ഉദ്ദേശിച്ചതൊക്കെ ദുആ ഇരന്നു. ഇനി അവിടെ പോയി ഇരുന്നോളീന്ന് പറഞ്ഞു. മര്‍കസില്‍ ദര്‍സ് തുടങ്ങിയത്, ഫത്ഹുല്‍ മുഈന്‍ തുടങ്ങിയത് കണ്ണിയത്ത് ഉസ്താദാണ്. പാറന്നൂര്‍ ഉസ്താദ് ഉണ്ടായിരുന്നല്ലോ. മൂപ്പര് മുദര്‍രിസായിരുന്ന കാലത്ത്. മര്‍കസില് എല്ലാ പരിപാടീലും പങ്കെടുക്കുന്ന കാലമാണ് അന്നേ.
താജുല്‍ ഉലമയുമായി വല്യ ബന്ധമാണ്. തങ്ങളെ സൗകര്യം നോക്കിയേ ഞാന്‍ അടുക്കൂ. ശംസുല്‍ ഉലമയും ആയിട്ട് ബന്ധമാണ്. നമ്മള് മൂപ്പരുമായി ബന്ധപ്പെട്ട ഒരു കാരണത്തിനായിരുന്നല്ലോ കണിയാമ്പറ്റ വിട്ടത്. നന്തീലാണ് അപ്പള്. ഞാന്‍ പോയപ്പൊ പറഞ്ഞു: ‘ഞാന്‍ അറിഞ്ഞു വിവരങ്ങളൊക്കെ. ഞമ്മക്ക് സാധുക്കള് മതി. പൊകീക്കും മനുഷ്യനെ. ഞാനതല്ലേ പട്ടിക്കാട്ട്ന്ന് പോന്നത്. മനുഷ്യനെ ഇരിക്കാന്‍ സമ്മതീക്കേണ്ടേ’. കണിയാമ്പറ്റയിലെ ജുമുഅ വിഷയത്തിലൊക്കെ മൂപ്പരെ കൂട്ടാന്‍ പോയിരുന്നത് ഞാനായിരുന്നു. പിന്നെ നമ്മള് ഇങ്ങനെ ആയല്ലോ. അതിന് ശേഷവും ലോഹ്യമാണ്. ഇവിടെ ഒരു അസ്മാഉല്‍ ഹുസ്‌ന റാത്തീബ് നടത്തുന്നുണ്ട്. അതിന്റെ വാര്‍ഷികം. എന്നെയും ക്ഷണിച്ച് ശംസുല്‍ ഉലമനെയും വിളിച്ചു. ചിലര് ചെന്ന് പറഞ്ഞു, ഓലെ അംഗീകരിക്കല് വരും ങ്ങള് പോകരുത്ന്ന്. മൊടക്കി. ചുണ്ടേലാണ് ആ പരിപാടി. എന്നിട്ടും ശംസുല്‍ ഉലമ വന്നു. ഞാനും ചെന്നു. ഇവരാരും വന്നില്ല. ഒറ്റ കുട്ടിയും വന്നില്ല. നല്ല തന്ത്രല്ലേ. ഇവര് മൊടക്കീറ്റും വന്നില്ലേ. ഓരോടത്തേക്കും പറ്റിയ ഹിക്മത്തുണ്ടാകും. അസ്മാഉല്‍ ഹുസ്‌നന്റെ ഫളാഇല് നന്നാക്കി പറഞ്ഞു. ഇനി ഇവിടെ ആലിമീങ്ങളുണ്ട്. ഓല് വേണ്ടപോലെ ഉപദേശിക്കും ഞാന്‍ പോകുകയാണ് എന്നും പറഞ്ഞ് പ്രസംഗം നിര്‍ത്തി. രണ്ട് കൂട്ടരും നന്നായി വരാന്‍ ഒന്നായി പോകാന്‍ വല്യ ആഗ്രഹം ഉണ്ടായിരുന്നു, ശംസുല്‍ ഉലമക്ക്. പൊതുവെ ഒരു മാറ്റം ഉണ്ട്. നാട്ടുകാര്‍ക്കും ഉണ്ട്. നന്നായി വരണ്ടീരുന്നു.
?ഞാനറിഞ്ഞു എന്ന് ശംസുല്‍ ഉലമ സൂചിപ്പിച്ചത് എന്തായിരുന്നു

. കണിയാമ്പറ്റ അങ്ങനെ റാഹത്തില് നില്‍ക്കുന്നതിനിടയിലാണ് ‘മാപ്പിള നാടി’ല് ശംസുല്‍ ഉലമയെ ആക്ഷേപിച്ച് ലേഖനം വന്നത്. അണ്ടനും അടകോടനും… ശംസുല്‍ ഉലമ എന്ന പേര് കണ്ട… മനുഷ്യന്‍ അധഃപതിച്ചാല്‍… എന്നൊക്കെ പറഞ്ഞ് ലേഖനം എഴുതി. എനിക്ക് വലിയ വേദന തോന്നി. ഞാന്‍ നാട്ടിലെ ലീഗിന്റെ ആള്‍ക്കാരോട് പറഞ്ഞു. ഉസ്താദുമാരെ പറ്റി ഇങ്ങനെ എഴുതുന്നത് തടയണം. അത് നടക്കൂല ഉസ്താദേ… ഈ മാപ്പിള നാടുമായിട്ട് നമ്മക്ക് ബന്ധം ഇല്ല. ബന്ധം ണ്ടോ ഇല്ലേ എന്നല്ല നിര്‍ത്താന്‍ ലീഗിന്റെ കൗണ്‍സിലിന്റെ ഒരു എഴുത്ത് തരി. ജംഇയ്യത്തുല്‍ ഉലമന്റെ കത്ത് ഞങ്ങളും ഉണ്ടാക്കാം. ഇ കെ ഉസ്താദിനോട് അവര്‍ക്ക് താത്പര്യം കൊറഞ്ഞ കാലമാണ്. അത് ശരിയാകൂല. ഞാന്‍ വെള്ളിയാഴ്ച എണീറ്റ് നിന്നിട്ട് പറഞ്ഞു. ആരും പോകരുത്. പ്രത്യേകിച്ച് മുസ്‌ലിം ലീഗുകാര്. വേറൊന്നും പറഞ്ഞില്ല. ഞാന്‍ ഇത് വായിച്ചിട്ട് പറഞ്ഞു. ഇത് ശരിയല്ല. ഇത് തടയാന്‍ വേണ്ടി നമ്മളൊക്കെ സഹകരിക്കണം. ഒരാള്‍ എണീറ്റ് നിന്നിട്ട് ഒരു സംശയം ചോദിക്കട്ടെ എന്ന് ചോദിച്ചു: ഉസ്താദേ ഏതാണത് മാസിക? മാപ്പിള നാട്. അതും ആയിട്ട് ഞങ്ങള്‍ക്ക് യാതൊരു ബന്ധവും ഇല്ലാന്ന് പറഞ്ഞു. ബന്ധം ണ്ടോ ല്ലേ എന്നതല്ല പ്രശ്‌നം തടയാന്‍ വേണ്ടി ശ്രമിക്കണം. അത് ചെറിയ വര്‍ത്തമാനങ്ങളൊക്കെ ഉണ്ടാക്കുന്നു എന്ന് കണ്ടപ്പോള്‍ ഞാന്‍ അല്‍ ഫാതിഹ വിളിച്ചു ദുആ ഇരന്നു. പിന്നെ ചര്‍ച്ചയായി. ഉസ്താദ് രാഷ്ട്രീയം പറയല്‍ തൊടങ്ങിയല്ലേ എന്നൊക്കെ കുറച്ചാളുകള്‍ പറഞ്ഞു. നല്ല അന്തസ്സില്‍ നിന്നതല്ലേ, പെരുന്നാള്‍ അടുപ്പിച്ചാണ്. ഞാന്‍ പറഞ്ഞു കുട്ടികളോട്, നില്‍ക്കാണ് എങ്കില് അടുത്ത കൊല്ലം ഇവിടെ. അല്ലെങ്കില്‍ നമുക്ക് ലാഹിഖായ ദര്‍സ് ഉണ്ടാകും. അങ്ങനെ പോരാന്‍ തീരുമാനിച്ചു. ഇത് ശംസുല്‍ ഉലമ അറിഞ്ഞിരുന്നു. അതാണ് ആ പറഞ്ഞത്.
? കാന്തപുരം ഉസ്താദുമായി ബന്ധപ്പെട്ട അനുഭവം എന്താണ്

. അത് പറഞ്ഞു തീര്‍ക്കാവുന്ന ഒന്നല്ലല്ലോ. പഴയ ഒരു കാര്യം പറയാം. വെളിമണ്ണയില്‍ ദര്‍സുള്ള കാലമാണ്. സമസ്തയില്‍ പ്രശ്‌നങ്ങളുടെ കാലമാണ്. അങ്ങാടിയില്‍ ഒരു വാഹന ജാഥ വന്നു. ഒരു സ്ഥാപനത്തിന്റെതാണ്. ഉസ്താദിനെ ഭയങ്കരായിട്ട് എന്തൊക്കെയോ പറഞ്ഞു പ്രസംഗിക്കുന്നു. ഞാന്‍ പള്ളിയില്‍ നിന്ന് ഇറങ്ങി നേരെ വാഹനത്തിന്റെ അടുത്തേക്ക് ചെന്നു. കുട്ടികളും ഉണ്ട്. അന്ന് അങ്ങനെ പക്ഷം ഒന്നുമില്ലാത്തതിനാല്‍ അവര്‍ സ്വീകരിച്ചു. ഞാന്‍ മൈക്ക് വാങ്ങി. ശംസുല്‍ ഉലമയെ അണ്ടനും അടകോടനുമാക്കിയവര്‍ക്ക് ഇപ്പോള്‍ കാര്യം മനസ്സിലായതില്‍ സന്തോഷം ഉണ്ട്. പണ്ഡിതന്മാരെ തെറി പറയുന്നത് അവസാനിപ്പിക്കണം. ഇത് പറഞ്ഞ് ഞാനും കുട്ടികളും പള്ളിയിലേക്ക് കയറിപ്പോകുകയും ചെയ്തു.
? ഉസ്താദിനെ കുറിച്ച് പറഞ്ഞല്ലോ, കിടങ്ങഴി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരെ കുറിച്ച്

. പട്ടിക്കാട്ട് മുദര്‍രിസായിരുന്നു. നല്ല പെരുമാറ്റം, നല്ല സ്വഭാവം. രണ്ട് ഗ്രൂപ്പായ ശേഷവും ഞാന്‍ ഈ ഭാഗത്ത് തന്നെയാണ് പ്രവര്‍ത്തിച്ചത്. വലിയ സ്‌നേഹമായിരുന്നു എന്നോട്, മരിക്കുന്നത് വരെ. ഞാന്‍ പോയി കാണും. എന്നെ ഉയര്‍ത്തിക്കൊണ്ടുവന്നതും ഉസ്താദ് തന്നെയാണ്. വെല്ലൂരില്‍ നിന്ന് വന്നപ്പോള്‍; കിതാബ് ഒന്നും കിട്ടൂല, ഞാന്‍ ഇബാദത്ത് എടുത്തുകൊണ്ട് കൂടുകയാണ്, ഇഹ്‌യ ഓതിയത് കൊണ്ട് ഇബാദത്തിനോടൊരു താത്പര്യം ഉണ്ട്… ഇങ്ങനെയാണ് ഞാന്‍ ആലോചിച്ചത്. ”നീലാഞ്ചേര്യേ, അങ്ങനെ ആയതുകൊണ്ട് കാര്യം ഇല്ല. എന്തെങ്കിലും ഒരു പോരായ്മ വന്നാല്‍ നികത്താന്‍ കഴിയോ? സ്വന്തം ഇബാദത്തില്‍ ഒരു പോരായ്മ വന്നാല്‍… കിട്ടുന്നത് ചൊല്ലിക്കൊടുത്തോ. അപ്പൊ അന്നെക്കാള്‍ യോഗ്യതയുള്ള കുട്ട്യള് ഉണ്ടാകും. ഓലെ ദുആ കിട്ടൂലേ” വെല്ലൂരില്‍ നിന്ന് വന്ന ശേഷമായിരുന്നു ഇത്. അന്ന് ചില വിഷയങ്ങള്‍ ഉണ്ട്. അസുഖത്തിന്റെ പ്രശ്‌നങ്ങള്‍ ഉണ്ട്. ഞാന് ഇങ്ങനെ ദുആ ഇരക്ക്ന്ന കൂട്ടത്തില്‍ ദര്‍സ് കിട്ടാണേല്‍, മുടക്കം പറ്റാത്ത രൂപത്തില്‍ കുട്ടികള്‍ക്ക് ചെല്ലിക്കൊടുക്കുന്ന, നിന്നിട്ട് പോയ്‌ക്കോളീന്ന് പറയാത്തൊരു സ്ഥലത്ത് കിട്ടണേ എന്ന് ദുആ ഇരക്കും. കണിയാമ്പറ്റ അതിന് പറ്റിയ രൂപത്തിലായി.
? സമസ്തയിലെ പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ ഉസ്താദിനോട് ചോദിച്ചിരുന്നോ

. പിളരുന്നതിന് മുമ്പേ സമസ്തയുടെ ജില്ലാ പ്രസിഡന്റായിരുന്നു. ഇടക്കിടക്ക് പോകും, പട്ടിക്കാട്ട് തന്നെ പോകും. യോഗത്തിന്, മിക്ക യോഗത്തിനും. കേള്‍ക്കാന്‍ വേണ്ടി പോകുന്നതായിരുന്നു. രണ്ട് കൂട്ടരോടും വിദ്വേഷം ഇല്ല. ചെല്ലുമ്പോ ഞാന്‍ ഇസ്താദിനോട് പറയും. ഞാന്‍ ഇങ്ങനെ ചെല്ലുന്നത് കൊണ്ട് ഉസ്താദിന് വെഷമം ഉണ്ടോന്നറിയില്ല? അവിടെ എല്ലാവര്‍ക്കും അറിയാം ഞാന്‍ മറ്റേ ഗ്രൂപ്പിലാണ്ന്ന്. ”നീ അങ്ങനെ വിചാരിക്കുന്നതിലാ എനിക്ക് വെഷമം. നീ പണ്ടെങ്ങനെയാണോ അങ്ങനെ വന്നോ. ‘ഹിലാഫ് ലഫഌയ്യാണ്’ എന്നിടത്തോളമുള്ള ഒരു അയഞ്ഞ സമീപനമാണ് സ്വീകരിച്ചത് എന്നാണ് എന്നോടുള്ള സമീപനത്തില്‍ തോന്നിയത്. മരിക്കുന്നതിന്റെ പത്ത് പതിനഞ്ച് ദിവസം മുമ്പും കാണാന്‍ പോയി. അന്നും പറഞ്ഞു. എനി മോനത് പറയരുത്. എനിക്ക് യാതൊരു വെറുപ്പും ഇല്ല മോനേ ഇനിയത് പറയേ ചെയ്യരുത്. മരിച്ച വിവരം കിട്ടിയപ്പം ഇവിടെയായിരുന്നു. അവിടെ ചന്ന് അന്ത്യകര്‍മങ്ങള്‍ക്കൊക്കെ കൂടി.
? മറു പക്ഷത്തെ സംഘടനകളിലെ നേതൃത്വം എങ്ങനെയാണ്

. വ്യക്തിപരമായി സ്‌നേഹമാണ്. നല്ല അടുപ്പമാണ്. പിന്നെ അവര്‍ക്ക് എന്തെങ്കിലുമുണ്ടെങ്കില്‍ സംഘടനാപരമായ സമ്മര്‍ദം കൊണ്ട് മാത്രമാണ്. മഹല്ലുകാരൊക്കെ ക്ഷണിക്കും. പോകും.
? സുന്നീ സംയുക്ത പരിപാടികള്‍ കാണാറുണ്ട്.

. ഇപ്പോള്‍ അടുത്ത് അഞ്ചാംപീടികയില്‍ ഉണ്ടായിരുന്നു. യോഗങ്ങളിലൊക്കെ ഒന്നിച്ച് ഉണ്ടാകും. നാലാം മൈലിലെ നേര്‍ച്ച ഉണ്ടാകും. അന്ന് ശിഹാബ് തങ്ങള്‍ ഉള്ള കാലത്തേ ഒന്നിച്ച് തന്നെ പങ്കെടുക്കാറുണ്ട്. എല്ലാവരെയും പരിഗണിച്ചുള്ള ഒരു സമീപനമാണ്. ജിഫ്രി തങ്ങളെ നേരത്തെ പരിചയം ഉണ്ട്.
?പരമ്പരാഗത സുന്നികളുടെ പ്രബോധനത്തിന്റെ ഒരു സ്വഭാവമുണ്ട്. സൂഫികളുടെ ദഅ്‌വത്തിന്റെ ഒരു രീതിയുണ്ട്.

. ഓലെ പ്രകൃത്യാ തന്നെ ആള്‍ക്കാര് സ്‌നേഹിക്കുകയാണല്ലോ. സൂഫിയായ ആള്‍ക്കാരെ. അവിടെ അയാള്‍ ഉണ്ടായാല്‍ മതി. ജീവിച്ച് കാണിച്ചുകൊടുക്കുകയാണ്. പ്രവാചകന്മാരില്‍ തന്നെ ഉണ്ടല്ലോ തബ്‌ലീഗ് കൊണ്ട് കല്‍പ്പന ഇല്ലാത്തവര്. അവരെ തത്വം ഇങ്ങനെയാണ്. ജീവിതം കണ്ടിട്ട് തന്നെ ആളുകള് നന്നാകും. കാഴ്ചയില് ഒരു ദഅ്‌വത്തും നടത്താതെ തന്നെ ജീവിക്കുക. അത് കണ്ടിട്ട് മറ്റോല് നന്നാകും. ഇപ്പളും ഉണ്ടല്ലോ എത്രയോ ഉസ്താദുമാരൊക്കെ. ജീവിച്ച് കാണിച്ചുകൊണ്ട്.
?എല്ലാ മതക്കാരും ഇടകലര്‍ന്ന് കഴിയുന്ന നമ്മുടെ നാട്ടിലൊക്കെ അപക്വമായ രീതിയില്‍ ദഅ്‌വത്ത് നടത്തുന്നവരുണ്ടല്ലോ?

. ഇപ്പം ന്നാള് വിതരണം ചെയ്ത നോട്ടീസൊക്കെ കണ്ടില്ലേ. നമ്മളെ ശിര്‍ക്കാക്കുമ്പോ ഓലെ കുറ്റപ്പെടുത്തുക ആണല്ലോ. തനിച്ച മുശ്‌രിക്കാണ് ഓലെ മാതിരിയാണ് എന്ന് പറയുമ്പൊ ഖിയാസാക്കുകയാണല്ലോ. ജനങ്ങള്‍ ചിന്തിക്കൂലേ?
? വിശ്വാസികള്‍ക്കിടയില്‍ പ്രസംഗവും മറ്റും ഉണ്ടായിട്ടും കുറ്റകൃത്യങ്ങളില്‍ കുറവൊന്നും കാണുന്നില്ലല്ലോ.

. അതിനുള്ള ഒരു കാരണം പറഞ്ഞത് പിശാചിന്റെ ദുര്‍ബോധനം ആണ്. അത് വിശ്വാസികള്‍ക്ക് നേരെ ഉണ്ടാകും. അവരെ നശിപ്പിക്കണമല്ലോ. ഈമാനുള്ളവരെയല്ലേ ഈ പിശാചിന്റെ ഉപദ്രവത്തിന്റെ ആവശ്യമുള്ളൂ. പിന്നെ ‘തടിഹവ’യുടെ പ്രശ്‌നവും ഉണ്ടാകും.
(അവസാനിച്ചു.)
.

LEAVE A REPLY

Please enter your comment!
Please enter your name here