നടക്കാന്‍ ഇനി തകരപ്പാട്ട വേണ്ട; കൃത്രിമ കാലില്‍ ചുവട് വെച്ച് മെര്‍ഹി

Posted on: July 8, 2018 9:51 am | Last updated: July 8, 2018 at 9:51 am
SHARE
കൃത്രിമ കാലുമായി മയാ മെര്‍ഹി. തകരപ്പാട്ട കൊണ്ടുണ്ടാക്കിയ കൃത്രിമ കാല്‍ സമീപം

ഇസ്തംബൂള്‍: മയ മെര്‍ഹിക്ക് നടക്കാന്‍ ഇനി തകരപ്പാട്ട വേണ്ട. താന്‍ കാലങ്ങളായി സ്വപ്‌നം കണ്ട കൃത്രിമ കാലില്‍ ഇനി മയക്ക് തന്റെ സമപ്രായക്കാരെ പോലെ നടക്കാം.
സിറിയന്‍ അഭയാര്‍ഥി ക്യാമ്പിലെ മയ മെര്‍ഹിയെന്ന പെണ്‍കുട്ടിക്കാണ് കാരുണ്യത്തിന്റെ കൃത്രിമ കാല്‍ ലഭിച്ചത്. മുട്ടിന് താഴെ കാലില്ലാതെ പിറന്ന മെര്‍ഹി, തകരപ്പാട്ട ഉപയോഗിച്ച് നടക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. നടക്കാന്‍ പ്രയാസപ്പെടുന്ന അഭയാര്‍ഥി കുട്ടിയുടെ ചിത്രം കാരുണ്യത്തിന്റെ ഉറവ വറ്റാത്ത ആയിരക്കണക്കിന് മനുഷ്യഹൃദയങ്ങളെ കീഴടക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് നടക്കാനുള്ള സ്വപ്‌നം മെര്‍ഹിക്ക് യാഥാര്‍ഥ്യമായത്.

അലെപ്പോയില്‍ നിന്ന് ഇദ്‌ലിബിലേക്ക് പലായനം ചെയ്ത മെര്‍ഹിയുടെ ചിത്രമാണ് ആഴ്ചകള്‍ക്ക് മുമ്പ് വൈറലായത്. മകള്‍ക്ക് പ്രയാസമില്ലാതെ നടക്കാനും നടക്കുമ്പോള്‍ ശരീരത്തില്‍ ചെളി പുരളാതിരിക്കാനും പിതാവ് മുഹമ്മദാണ് മെര്‍ഹിക്ക് ഈ തകരപ്പാട്ടകൊണ്ടുള്ള കാല് നിര്‍മിച്ചു നല്‍കിയത്. പെണ്‍കുട്ടിയുടെ ചിത്രം കണ്ട തുര്‍ക്കിയിലെ റെഡ് ക്രോസ് പ്രവര്‍ത്തകരാണ് കൃത്രിമ കാല്‍ യാഥാര്‍ഥ്യമാക്കാന്‍ പ്രയത്‌നിച്ചത്. ഇദ്‌ലിബില്‍ നിന്ന് പെണ്‍കുട്ടിയെയും കുടുംബത്തെയും തുര്‍ക്കിയിലേക്ക് കൊണ്ടുവന്ന ശേഷം ശസ്ത്രക്രിയക്ക് വിധേയയാക്കുകയും ചെയ്തു.
ഇസ്തംബൂളിലെ ഡോ. മുഹമ്മദ് സെകി സുല്‍സുയെന്ന കൃത്രിമ അവയവങ്ങളുടെ സ്‌പെഷ്യലിസ്റ്റാണ് മെര്‍ഹിയുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കിയത്. മകള്‍ക്ക് വേണ്ടി തകരപ്പാട്ടകൊണ്ട് കൃത്രിമകാല് ഉണ്ടാക്കിയ പിതാവിന് ഇനി സന്തോഷിക്കാമെന്നും തന്റെ കൂട്ടുകാരികള്‍ക്കൊപ്പം ഇനി മെര്‍ഹിക്ക് നടക്കാമെന്നും സുല്‍സു വ്യക്തമാക്കി.

ജന്മനാ ഇരുകാലുകളുമില്ലാതെ ജനിച്ച മെര്‍ഹിക്കും കുടുംബത്തിനും രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട വിമത പ്രക്ഷോഭം വിനയായി. മകള്‍ക്ക് മികച്ച ചികിത്സ നല്‍കാനോ കൃത്രിമ കാല്‍ വെച്ചുകൊടുക്കാനോ പിതാവിന് സാധിച്ചില്ല. അഭയാര്‍ഥി ക്യാമ്പുകള്‍ തോറും അലയുമ്പോഴാണ് തകരപ്പാട്ടകൊണ്ട് കൃത്രിമ കാല്‍ നിര്‍മിച്ചു നല്‍കാന്‍ പിതാവിന് തോന്നിയത്.