Connect with us

International

യു എസ് നിലപാട് ഖേദകരമെന്ന് ഉത്തര കൊറിയ; സമാധാനത്തില്‍ കല്ലുകടി

Published

|

Last Updated

പ്യോംഗ്‌യാംഗ്: യു എസ് – ഉത്തര കൊറിയ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം തകൃതിയായി നടക്കുന്നതിനിടെ ഉത്തര കൊറിയന്‍ തലസ്ഥാനത്ത് നിന്ന് നിരാശാജനകമായ വാര്‍ത്ത. ഉത്തര കൊറിയന്‍ സന്ദര്‍ശനത്തിനെത്തിയ യു എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുടെ നിലപാട് ഖേദകരമായിരുന്നുവെന്ന് ഉത്തര കൊറിയ അഭിപ്രായപ്പെട്ടു. ഉത്തര കൊറിയന്‍ തലസ്ഥാനത്ത് നടന്ന രണ്ട് ദിവസത്തെ ചര്‍ച്ച തൃപ്തികരമായിരുന്നുവെന്ന പോംപിയോയുടെ പ്രസ്താവന പുറത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്റെ പ്രസ്താവന മാധ്യമങ്ങള്‍ പുറത്തുവിട്ടത്. ആണവോര്‍ജ്ജ നിര്‍മാര്‍ജ്ജന വിഷയത്തില്‍ ഏകപക്ഷീയമായ നിലപാടാണ് യു എസ് വിദേശകാര്യ സെക്രട്ടറിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഉത്തര കൊറിയന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു. എന്നാല്‍, പേരോ സ്ഥാനമോ വെളിപ്പെടുത്താന്‍ ഇദ്ദേഹം തയ്യാറായിട്ടില്ല.
അതേസമയം, അമേരിക്കയുമായുള്ള നയതന്ത്രബന്ധവും വിശ്വാസവും ഊട്ടിയുറപ്പിക്കാന്‍ കിം ജോംഗ് ഉന്‍ തയ്യാറാണെന്ന് ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പോംപിയോയുടെ കൈവശം ട്രംപിന് കിം നല്‍കിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കിം ജോംഗ് ഉന്നുമായി പോംപിയോ ചര്‍ച്ച നടത്തിയിട്ടില്ലെങ്കിലും മുതിര്‍ന്ന നേതാവ് കിം യോംഗ് ചോലുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

ഉത്തര കൊറിയയുമായുള്ള പ്രശ്‌നങ്ങള്‍ സങ്കീര്‍ണത നിറഞ്ഞതാണെങ്കിലും പരിഹരിക്കാനാകുമെന്നാണ് പോംപിയോ മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചത്. കിം – ട്രംപ് കൂടിക്കാഴ്ചക്ക് ശേഷം ഉത്തര കൊറിയയിലെത്തുന്ന മുതിര്‍ന്ന യു എസ് നേതാവാണ് പോംപിയോ.
യു എസ് മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ വരവും ചര്‍ച്ചയും കേവലം നിരാശയല്ലാതെ മറ്റൊന്നും സമ്മാനിച്ചിട്ടില്ലെന്ന് ഉത്തര കൊറിയന്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. ഉത്തര കൊറിയന്‍ ഉദ്യോഗസ്ഥന്റെ പ്രസ്താവന ഇതുവരെ തള്ളിക്കളയാന്‍ വിദേശകാര്യ മന്ത്രാലയം തയ്യാറായിട്ടില്ല. ഇതോടെ മന്ത്രാലയത്തിന്റെ അറിവോടെയാണ് ഈ പ്രസ്താവന നല്‍കിയതെന്ന് കരുതുന്നു.

ഉത്തര കൊറിയയുടെ ആണവോര്‍ജ്ജ നിര്‍മാര്‍ജ്ജന വിഷയത്തിലും മറ്റും ഏകപക്ഷീയമായ നിലപാടാണ് അമേരിക്ക സ്വീകരിക്കുന്നത്. ഇതിലുള്ള തങ്ങളുടെ പ്രതിഷേധവും അനിഷ്ടവും അറിയിക്കാനാണ് ഇത്തരമൊരു പ്രസ്താവന പുറത്തിറക്കിയതെന്ന് കരുതുന്നു. ആണവോര്‍ജ്ജ നിലയങ്ങളും ഉത്തര കൊറിയയിലെ സൈനിക നടപടികളും തുടരുന്നതിനിടെ അമേരിക്ക സ്വീകരിക്കുന്ന ഏകപക്ഷീയമായ നിലപാട് സമാധാന ശ്രമങ്ങള്‍ക്ക് വിഘാതമാകുമെന്ന് നയതന്ത്രവിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

Latest