കൊലപാതക രാഷ്ട്രീയം രാജ്യത്തിനപമാനം: സമസ്ത

Posted on: July 8, 2018 9:34 am | Last updated: July 8, 2018 at 2:57 pm
SHARE

കോഴിക്കോട്: രാജ്യത്ത് നടമാടുന്ന കൊലപാതക രാഷ്ട്രീയവും വിദ്യാലയങ്ങളില്‍ നടക്കുന്ന അക്രമങ്ങളും കൊലപാതകങ്ങളും സംസ്‌കൃത സമൂഹത്തിനും രാജ്യത്തിനും അപമാനകരമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ വ്യക്തമാക്കി. തീവ്രവാദത്തിനും കൊലപാതകമടക്കമുള്ള അതിക്രമങ്ങള്‍ക്കുമെതിരെ സ്വീകരിക്കുന്ന നടപടികള്‍ക്ക് ശക്തമായ പിന്തുണയും സഹായവും ജനങ്ങളില്‍ നിന്നുണ്ടാവണം. വിദ്യാലയങ്ങള്‍ അറിവ് പകര്‍ന്നു നല്‍കേണ്ട ക്രേന്ദങ്ങളാണ്. അന്ധകാരവും വിദ്വേഷവും ഇല്ലാതാക്കുന്ന വിജ്ഞാനങ്ങളുടെ ഉറവിടങ്ങളായ വിദ്യാലയം ഒരിക്കലും കലാപ കലുഷിതമാവരുത്. അതിന് വഴിവെക്കുന്ന അക്രമ, കക്ഷി രാഷ്ട്രീയം നിയമം മൂലം നിയന്ത്രിക്കണമെന്നും മുശാവറ അഭിപ്രായപ്പെട്ടു.

ഇസ്‌ലാമിന്റെ പേര് ദുരുപയോഗം ചെയ്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങുന്നവര്‍ സമുദായത്തെ പ്രതിരോധത്തിലാക്കുകയും മതത്തിന്റെ പവിത്രമായ സമാധാന സന്ദേശങ്ങളെ കളങ്കപ്പെടുത്തുകയുമാണ്. മുസ്‌ലിംകളുടെ പേരില്‍ തീവ്രവാദവും ഭീകരവാദവും ആരോപിക്കാന്‍ വഴിവെച്ചത് മതപരിഷ്‌കരണ വാദികളുടെ വികല ആശയങ്ങളാണ്. മുസ്‌ലിം പുരോഗമന വാദവും തീവ്രവാദവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് വിശ്വാസികള്‍ തിരിച്ചറിയണം ഇത്തരം പ്രവണതകള്‍ക്കെതിരെ പൂര്‍വികരായ പണ്ഡിതന്മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലെ അപകടങ്ങളെ പ്രതിരോധിച്ചു കൊണ്ടാണ് സമസ്ത പ്രവര്‍ത്തനം തുടങ്ങിയത്.

പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, പൊന്മള മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, പി ഹംസ മുസ്‌ലിയാര്‍ മഞ്ഞപ്പറ്റ, പി ഹസന്‍ മുസ്‌ലിയാര്‍ വയനാട്, പി ഹൈദറൂസ് മുസ്‌ലിയാര്‍ കൊല്ലം, സയ്യിദ് ഹാമിദ് കോയമ്മ എട്ടിക്കുളം, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, അബ്ദുറഹ്മാന്‍ ബാവ മുസ്‌ലിയാര്‍ കോടമ്പുഴ, അബ്ബാസ് മുസ്‌ലിയാര്‍, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, വി പി എം ഫൈസി വില്ല്യാപള്ളി, പി വി മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, അബൂഹനീഫല്‍ ഫൈസി തെന്നല, ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി കൊല്ലം, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, അബ്ദുല്ല മുസ്‌ലിയാര്‍ താനാളൂര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, അബ്ദുറഹ്മാന്‍ ഫൈസി മാരായമംഗലം, എം കെ അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, ജലീല്‍ സഖാഫി ചെറുശ്ശോല, എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ വയനാട്, എ ത്വാഹ മുസ്‌ലിയാര്‍ കായംകുളം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം സ്വാഗതവും പേരോട് അബ്ദുറഹ്മാന്‍ സഖാഫി നന്ദിയും പറഞ്ഞു.