നവ ദമ്പതികളെ കിടപ്പ് മുറിയില്‍ വെട്ടിക്കൊന്ന കേസ്; അന്വേഷണത്തിന് 30 അംഗ സംഘം

Posted on: July 8, 2018 9:29 am | Last updated: July 8, 2018 at 9:46 am
SHARE

മാനന്തവാടി: കണ്ടത്തുവയലില്‍ നവ ദമ്പതികളെ വീട്ടിനുള്ളിലെ കിടപ്പ് മുറിയില്‍ ദാരുണമായി വെട്ടി കൊലപ്പെടുത്തിയ കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. മൂന്ന് മാസം മുമ്പ് വിവാഹിതരായ വെള്ളമുണ്ട കണ്ടത്തുവയല്‍ പൂരിഞ്ഞിയിലെ വാഴയില്‍ ഉമര്‍ (26), ഭാര്യ ഫാത്വിമ (19) എന്നിവരെയാണ് കൊലപ്പെടുത്തിയത്. മാനന്തവാടി ഡി വൈ എസ് പി. കെ എം ദേവസ്യയുടെ നേതൃത്വത്തില്‍ ബത്തേരി, മാനന്തവാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും മൂന്ന് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരുമുള്‍പ്പെടെ 30 അംഗ സംഘത്തെയാണ് നിയോഗിച്ചത്.

ആറ് ഗ്രൂപ്പുകളായിട്ടായിരിക്കും ഇവര്‍ അന്വേഷണം നടത്തുക. ഇന്നലെ വൈകുന്നേരം വെള്ളമുണ്ട പോലീസ് സ്റ്റേഷനില്‍ ജില്ലാ പോലീസ് മേധാവി ആര്‍ കറപ്പ സ്വാമിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗമാണ് തീരുമാനമെടുത്തത്. ഇതുവരെ നടത്തിയ പരിശോധനകളും അന്വേഷണങ്ങളും യോഗത്തില്‍ വിലയിരുത്തി. സംഭവസ്ഥലത്ത് നിന്നും ഹെല്‍മെറ്റ് ലഭിച്ച സാഹചര്യത്തില്‍ പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള സി സി ടി വി ക്യാമറകള്‍ പരിശോധിച്ചു. റോഡ് കേന്ദ്രീകരിച്ച് കാഞ്ഞിരങ്ങാട് ടൗണില്‍ സ്ഥാപിച്ച ക്യാമറകളുള്‍പ്പെടെ ബേക്കപ്പ് പരിശോധിച്ചു. സംഭവം നടന്ന വീടും പരിസരവും ഇപ്പോഴും പോലീസ് നിയന്ത്രണത്തിലാണ്.
പ്രദേശത്തെ ഇതര സംസ്ഥാന തൊഴിലാളികളെ മുഴുവന്‍ വിരലടയാളപരിശോധനക്കായി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. നൂറിലധികം പേര്‍ ഇന്നലെ തന്നെ സ്റ്റേഷനിലെത്തിയിരുന്നു. സംഭവത്തിന് ശേഷം ഏതെങ്കിലും തൊഴിലാളികള്‍ പ്രദേശം വിട്ടിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കുടംബവുമായി ബന്ധപ്പെട്ട് ആര്‍ക്കെങ്കിലും മുന്‍ വൈരാഗ്യം നിലനില്‍ക്കുന്നുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്.

കൊലപാതകം മോഷണത്തിന് വേണ്ടി മാത്രമാണെന്ന് നാട്ടുകാരും പോലീസും കരുതുന്നില്ല. അന്വേഷണം വഴിതിരിച്ചുവിടാന്‍ ദേഹത്തുണ്ടായിരുന്ന ആഭരണങ്ങള്‍ ഊരിയെടുത്തതാകാമെന്നും നിഗമനമുണ്ട്.
പത്ത് പവന്‍ സ്വര്‍ണമാണ് നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. എന്നാല്‍ യുവതിയുടെ കൈയ്യിലുണ്ടായിരുന്ന മോതിരവും കാതിലെ കമ്മലും യുവാവിന്റെ ഷര്‍ട്ടിന്റെ കീശയിലുണ്ടായിരുന്ന അയ്യായിരത്തോളം രൂപയും മോഷ്ടിക്കപ്പെടാത്തത് സംശയത്തിനിടയാക്കുന്നുണ്ട്.
വീട്ടിനുള്ളില്‍ നേരത്തെ കയറിപ്പറ്റിയ ആക്രമി ദമ്പതികള്‍ ഉറങ്ങിയതിന് ശേഷമാണ് കൃത്യം നിര്‍വ്വഹിച്ചതെന്നാണ് പോലീസ് കരുതുന്നത്. യുവാവിന് കഴുത്തിനും തലക്കുമാണ് വെട്ടേറ്റത്. ഇതില്‍ കഴുത്തിനേറ്റ വെട്ടാണ് മരണത്തിനിടയാക്കിയത്. യുവതിക്ക് തലക്ക് മാത്രമാണ് വെട്ടേറ്റതെന്നും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതായാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here