Connect with us

Kerala

പിളര്‍പ്പ് മുജാഹിദ് സ്ഥാപനങ്ങളിലും മഹല്ലുകളിലും പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്നു

Published

|

Last Updated

കോഴിക്കോട്: ലയനത്തിന് ശേഷവും പിളര്‍ന്നുകൊണ്ടിരിക്കുന്ന മുജാഹിദിന്റെ ഇന്നലെ ചേര്‍ന്ന ഉന്നതാധികാര യോഗത്തിലും ടി പി അബ്ദുല്ലക്കോയ മദനി വിഭാഗത്തിന്റെ ഏകപക്ഷീയ നിലപാടുകളുമായി മുന്നോട്ട് പോകാന്‍ തീരുമാനം. തലമുതിര്‍ന്ന മുജാഹിദ് നേതാവ് സി പി ഉമര്‍ സുല്ലമിയെ പുറത്താക്കിയ ശേഷം ചേര്‍ന്ന ആദ്യ യോഗത്തില്‍ തന്നെ ഈ തീരുമാനം മടവൂര്‍ വിഭാഗത്തില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. മടവൂര്‍, മദനി വിഭാഗത്തിലെ ഏഴ് പേരും പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനിയും ഉള്‍ക്കൊണ്ട പതിനഞ്ചംഗങ്ങളാണ് ഉന്നതാധികാര സമിതിയിലുള്ളത്. ഒന്നര വര്‍ഷം മുമ്പ് ഒരുമിച്ചുപോകാന്‍ തീരുമാനിച്ച ശേഷമാണ് സമിതിക്ക് രൂപം നല്‍കിയത്. തങ്ങളുടെ തലമുതിര്‍ന്ന മുജാഹിദ് പണ്ഡിതനെ പുറത്താക്കിയിട്ടും അബ്ദുല്ലക്കോയ മദനിയുടെ നേതൃത്വത്തിലുള്ള സി ഡി ടവര്‍ വിഭാഗത്തിന്റെ ഏകപക്ഷീയ തീരുമാനത്തെ മടവൂര്‍ പക്ഷത്തിന് യോഗത്തില്‍ അംഗീകരിക്കേണ്ടിവന്നു.

മുതിര്‍ന്ന നേതാവിനെ പുറത്താക്കുന്നത് മുജാഹിദ് അണികളിലുണ്ടാക്കുന്ന പ്രതികരണം കെ എന്‍ എം നേതൃത്വത്തെ ഭീതിപ്പെടുത്തുന്നുണ്ട്. ഈ ആശയക്കുഴപ്പം വ്യക്തമാക്കുന്നതാണ് ഇന്നലെ ഇറക്കിയ പത്രക്കുറിപ്പ്. സി പി ഉമര്‍ സുല്ലമിയെ പുറത്താക്കാന്‍ കെ എന്‍ എം നിര്‍വാഹക സമിതി തീരുമാനമെടുത്തിട്ടില്ലെന്നും എന്നാല്‍ കെ ജെ യു തീരുമാനപ്രകാരമാണ് അദ്ദേഹത്തെ നീക്കിയതെന്നുമുള്ള വിശദീകരണങ്ങളാണ് കുറിപ്പിലുള്ളത്. ഐക്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാലാണ് സി പി ഉമര്‍ സുല്ലമിയെ കെ ജെ യു വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയതെന്ന് കെ ജെ യു സെക്രട്ടറി എം മുഹമ്മദ് മദനി യോഗത്തില്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ മാസം 30ന് ചേര്‍ന്ന കെ ജെ യു നിര്‍വാഹക സമിതിയാണ് പുറത്താക്കിയതെന്നും വിശദീകരണമുണ്ട്. അതേസമയം പിളര്‍പ്പ് മുജാഹിദ് സ്ഥാപനങ്ങളിലും മഹല്ലുകളിലും പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുകയാണ്.

കെ എന്‍ എം പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനിയുടെ നാടായ കടലുണ്ടിയില്‍ തന്നെ പ്രശ്‌നങ്ങള്‍ രൂക്ഷമാണ്. സി പി ഉമര്‍ സുല്ലമിയെ പുറത്താക്കിയത് പള്ളിയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്‌തെങ്കിലും താന്‍ ഇവിടെ ഇല്ലായിരുന്നുവെന്ന മറുപടിയാണ് ടി പി അബ്ദുല്ലക്കോയ മദനി നല്‍കിയത്. ഈ മറുപടി ശക്തമായ വിമര്‍ശത്തിനിടയാക്കി. മര്‍കസുദ്ദഅ്‌വ വിഭാഗത്തിന് ഭൂരിപക്ഷമുള്ള മുജാഹിദ് മഹല്ലാണ് കടലുണ്ടിയിലേത്. 2002ലെ പിളര്‍പ്പിന് ശേഷം ഇവിടെ ഇരുവിഭാഗത്തിന്റെയും സിലബസ് പ്രകാരമായിരുന്നു മദ്‌റസ നടത്തിയിരുന്നത്. എന്നാല്‍ ഒന്നര വര്‍ഷം മുമ്പ് രണ്ട് സംഘടനകളും ഒന്നിച്ചുപോകാന്‍ തീരുമാനിച്ച ശേഷം ഇരു വിഭാഗവും അംഗീകരിച്ച സി ഡി ടവര്‍ വിഭാഗത്തിന്റെ സിലബസാണ് ഇവിടെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം സി പി ഉമര്‍ സുല്ലമിയെ പുറത്താക്കിയതോടെ തങ്ങളുടെ സിലബസ് പ്രകാരം മാത്രമേ ഇനിമുതല്‍ മദ്‌റസാ പഠനം നടത്തൂവെന്നാണ് മര്‍കസുദ്ദഅ്‌വ വിഭാഗം വ്യക്തമാക്കിയിരിക്കുന്നത്. ഇത് മഹല്ലില്‍ വീണ്ടും പ്രശ്‌നങ്ങള്‍ക്ക് കാരണമായി. ഔദ്യോഗികമായി പിളര്‍പ്പ് നടക്കാത്തതിനാല്‍ ഇത് അംഗീകരിക്കാനാകില്ലെന്നാണ് ടി പി അബ്ദുല്ലക്കോയ മദനി വ്യക്തമാക്കിയത്.
മദ്‌റസ സിലബസുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തര്‍ക്കം തുടങ്ങിയ സാഹചര്യത്തില്‍ പിളര്‍പ്പ് താഴേത്തട്ടിലും അതിന്റെ മൂര്‍ധന്യത്തിലെത്തിയിരിക്കുകയാണെന്ന് വ്യക്തം.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

---- facebook comment plugin here -----

Latest