Connect with us

Kerala

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എംഎം ജേക്കബ് അന്തരിച്ചു

Published

|

Last Updated

കോട്ടയം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഗവര്‍ണറുമായ എംഎം ജേക്കബ് (92) അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് രാമപുരം മുണ്ടയ്ക്കലിലെ സ്വവസതിയില്‍ നിന്ന് രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച രാമപുരത്തെ പള്ളി സെമിത്തേരിയില്‍.

രണ്ടുതവണ മേഘാലയ ഗവര്‍ണറായിരുന്നു. രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായിരുന്നു. രാജ്യസഭാ ഉപാധ്യക്ഷനായ ആദ്യ മലയാളി കൂടിയായിരുന്നു.

കോട്ടയം രാമപുരം മുണ്ടയ്ക്കല്‍ ഉലഹന്നാന്‍ മാത്യു, റോസമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനായി 1928 ഓഗസ്റ്റ് ഒമ്പതിനാണ് അദ്ദേഹം ജനിച്ചത്.
1952ല്‍ കേരള ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രവേശിച്ചു. 1950തുകളുടെ ആദ്യകാലത്താണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. വിനോബ ഭാവെ ഭൂദാനപ്രസ്ഥാനം തുടങ്ങിയപ്പോള്‍ ഇതിനോട് ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ചു. 1954ല്‍ രാഷ്ട്രീയ രഹിത വോളണ്ടറി സംഘടനയായ ഭാരത് സേവക് സമാജില്‍ ചേര്‍ന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കേരളഘടകത്തിന്റെ ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ തിരഞ്ഞെടുക്കപ്പെട്ട അംഗമായും ഇദ്ദേഹം വര്‍ഷങ്ങളോളം സേവനം അനുഷ്ഠിച്ചു. 1982ലും 1988ലും ഇദ്ദേഹത്തെ രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തു. 1986ല്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനായും തിരഞ്ഞെടുക്കപ്പെട്ടു..

പാര്‍ലിമെന്റ് കാര്യമന്ത്രിയായും ആഭ്യന്തരകാര്യമന്ത്രിയായും ജലവിഭാവവകുപ്പ് മന്ത്രിയും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1985ലും 1993ലും ന്യൂയോര്‍ക്കില്‍ യുഎന്‍ അംബ്ലിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1993ല്‍ യൂറോപ്യന്‍ പാര്‍ലിമെന്റിലെ മനുഷ്യാവകാശ കോണ്‍ഫറന്‍സിലും പങ്കെടുത്തു. 1995ലാണ് മേഘാലയയുടെ ഗവര്‍ണറായി എം.എം. ജേക്കബിനെ നിയമിച്ചത്. 2000ല്‍ ഇദ്ദേഹത്തിന് രണ്ടാം വട്ടവും മേഘാലയ ഗവര്‍ണര്‍ സ്ഥാനം നല്‍കി. 2007 മുതല്‍ ഈ സ്ഥാനത്ത് തുടര്‍ന്നു. ഭാര്യ പരേതയായ തിരുവല്ല കുന്നുതറ അച്ചാമ്മ. മക്കള്‍: ജയ, ജെസി, എലിസബത്ത്, റേച്ചല്‍.

Latest