Connect with us

Articles

താങ്കള്‍ക്ക് എത്ര വയസ്സായി?

Published

|

Last Updated

ജനങ്ങള്‍ വാര്‍ധക്യം ബാധിച്ച് മരിക്കുന്നത്, മറ്റുള്ളവര്‍ വൃദ്ധന്‍മാരായി മരിക്കുന്നതിനാലാണെന്ന് ശങ്കരാചാര്യര്‍ പറയുന്നുണ്ട്. ഓരോരുത്തരും ഈ ലോകത്തില്‍ ഒരുപാടു കാലം ജീവിക്കണം എന്ന ആഗ്രഹക്കാരാണ്. പണ്ട് മനുഷ്യര്‍ പ്രകൃതി ദുരന്തങ്ങള്‍, കഠിനമായ അധ്വാനം, പകര്‍ച്ച വ്യാധികള്‍, യുദ്ധങ്ങള്‍, മൃഗങ്ങളുടെ ആക്രമങ്ങള്‍, പോഷകാഹാരക്കുറവ് ഇങ്ങനെ നിരവധിയായ പ്രശ്‌നങ്ങളിലൂടെ കടന്നുവന്നതിനാല്‍ അവന്റെ ആയുസ്സും വളരെ കുറവായിരുന്നു. എന്നാല്‍ ആധുനിക കാലഘട്ടത്തില്‍ അവന്‍ അവന്റെ ജീവിത നിലവാരവും സുഖസൗകര്യങ്ങളും വര്‍ധിപ്പിച്ചപോലെ ആയുസ്സിന്റെ കാര്യത്തിലും നിലവാരം ഉയര്‍ത്തി.

ഈ നൂറ്റാണ്ടിന് മുമ്പ് 20ല്‍ ഒരാള്‍ മാത്രമായിരുന്നു 65 വയസ്സില്‍ കൂടുതല്‍ ജീവിച്ചത്. നാലായിരം വര്‍ഷത്തോളം കണക്കാക്കിയിരുന്ന ശരാശരി ആയുസ്സിന്റെ ഇരട്ടിയോളമാണ് അവസാനത്തെ കുറഞ്ഞ കാലം കൊണ്ട് നാം നേടിയത്. അമേരിക്കയില്‍ 1900ല്‍ 49 വര്‍ഷമായിരുന്നു ശരാശരി പ്രായം. എന്നാല്‍ 1990 ആയപ്പോള്‍ അത് 75 വയസ്സായി. 1930ല്‍ ഇന്ത്യയില്‍ 33 വയസ്സായിരുന്നത് 2000ല്‍ 63 വയസ്സായി. ഏറ്റവും പുതിയ കണക്ക് പ്രകാരം ലോക ശരാശരി 71.5 ഉം ഇന്ത്യയില്‍ 68.13ഉം ജപ്പാനില്‍ 84.74ഉം ആണ്. ലോകത്തെ ഏറ്റവും കൂടിയ ശരാശരി മൊണാക്കോയിലാണ് -89.94. കുറഞ്ഞത് ഛാഡ് എന്ന ആഫ്രിക്കന്‍ രാജ്യത്താണ്.

പ്രതീക്ഷിത ആയുസ്സിന്റെ കാര്യത്തില്‍ വലിയ കുതിച്ചു ചാട്ടം നടത്തിയ സമയത്തു തന്നെയാണ് നമ്മുടെ നാട്ടില്‍ ഓരോ വര്‍ഷം കഴിയുന്തോറും ഹൃദ്രോഗികള്‍ വര്‍ധിച്ച് വരുന്നത്. വലിയൊരു ശതമാനം പേര്‍ പ്രമേഹരോഗികളായിക്കഴിഞ്ഞു. അമിത കൊളസ്‌ട്രോള്‍ മൂലമുള്ള രോഗം വല്ലാതെ വര്‍ധിച്ചു. രക്ത സമ്മര്‍ദം വര്‍ധിക്കുന്നു, ക്യാന്‍സര്‍ രോഗികള്‍ സാധാരണമായിരിക്കുന്നു. ജീവിത രീതികള്‍ മാറിയതാണ് ഇതിനു പ്രധാന കാരണം. ആഹാരത്തിനുവേണ്ടി മണ്ണിനോട് പടവെട്ടിയിരുന്ന നാം ഇന്ന് കായിക അധ്വാനശേഷി കുറഞ്ഞ ജോലികളിലേക്ക് മാറി. ജീവിക്കാന്‍ ഭക്ഷണം കഴിച്ചകാലമായിരുന്നു പഴയത്. എന്നാല്‍ ഇന്ന് ഭക്ഷണം എത്രായോ അധികമാണ്. രുചി വര്‍ധിപ്പിക്കാന്‍ മസാലപൊടികളും അജിനോമോട്ടോയും നമ്മുടെ ഭക്ഷണരീതികളെ ആകെ തകിടം മറിച്ചു. രുചി വര്‍ധിച്ചതോടെ വയറുനിറക്കുന്ന കാര്യത്തില്‍ ഒന്നും നോക്കാതെയായി. ആരോഗ്യം അതോടെ താഴേക്കുപോന്നു. രോഗങ്ങള്‍ പല രൂപത്തിലും ആക്രമിക്കാന്‍ തുടങ്ങി. അകാല മരണങ്ങള്‍ വര്‍ധിച്ചു.

ദുര്‍ബലനും നിസ്സഹായനുമായ നവജാതശിശുവിന് കാലത്തിന്റെ നശീകരണ പ്രവണതയെ ചെറുത്തുനില്‍ക്കുവാനുള്ള അസാമാന്യമായ കഴിവുണ്ട്. ഒരു ശിശുവിന് അവന്റെ പട്ടുപോലെ മൃദുവായ രക്തകുഴലുകളെ സംരക്ഷിക്കാന്‍ സാധിക്കുമെങ്കില്‍ മനുഷ്യ ശരീരത്തില്‍ കൊളസ്‌ട്രോളിന് നിലനില്‍ക്കാന്‍ കഴിയരുത്. ഹൃദ്രോഗം കേട്ടുകേള്‍വി പോലും ഇല്ലാത്തതാകണം. നവജാത ശിശുവിന്റെ 50 കോടി കോശങ്ങളിലോരോന്നും മഴത്തുള്ളി പോലെ സുതാര്യമാണ്. നമ്മുടെ അസ്ഥികള്‍ കാത്സ്യം സംഭരിക്കുക മാത്രമല്ല അതിനെ പ്രസരിപ്പിക്കുകയും ചെയ്യുന്നു. ഒരു മാസത്തില്‍ ഒരു തവണ വീതം ചര്‍മ്മം പുനര്‍നിര്‍മിക്കപ്പെടുന്നു. ആമാശയ ഭിത്തിയുടെ ആവരണം അഞ്ച് ദിവസത്തിലൊരിക്കല്‍ നിര്‍മിക്കപ്പെടുന്നു. കരള്‍ ആറാഴ്ചയിലൊരിക്കല്‍, അസ്ഥികള്‍ മൂന്ന് മാസം കൂടുമ്പോള്‍. ശരീരത്തിലെ 98ശതമാനം പരമാണുക്കളും ഒരു വര്‍ഷംകൊണ്ട് പുതുക്കപ്പെടുന്നു. നമ്മെ പരിരക്ഷിക്കുന്ന ജീവന്റെ നദിയാണ് ശരീരം. വിനയത്തോടെ, അംഗീകാരം ആവശ്യപ്പെടാതെ അതിന്റെ ധര്‍മം നിറവേറ്റുന്നു. അതേ വിനയവും നിസ്വാര്‍ഥതയും മനസ്സിനുണ്ടായിരുന്നെങ്കില്‍ എത്ര വയസ്സായാലും നമ്മള്‍ വയസ്സന്‍മാരാകില്ലായിരുന്നു.

മൂന്നു രീതിയില്‍ നമുക്ക് പ്രായത്തെ കണക്കാക്കാം 1. കലന്‍ഡര്‍ പ്രകാരമുള്ള പ്രായം- സാധാരണ നമ്മളെല്ലാം നോക്കുന്നതുതന്നെ. 2. ജീവശാസ്ത്രപരമായ പ്രായം- ലോകത്തിന്റെ വ്യത്യസ്ത സ്ഥലങ്ങളില്‍ വ്യത്യസ്ത സാഹചര്യങ്ങളിലാണ്-(തണുപ്പ്, ചൂട്, ആഹാര ലഭ്യത, പ്രകൃതി ദുരന്തങ്ങള്‍, യുദ്ധങ്ങള്‍) നമ്മള്‍ ജീവിക്കുന്നത്. വ്യത്യസ്ത രീതിയില്‍ ആയിരിക്കും ഓരോ ആളുകളും ജീവശാസ്ത്രപരമായ കാഴ്ച. 50 വയസ്സുകാരനെ 30 വയസ്സുകാരനായും 70 കാരനായും കാണാം. 3. മനഃശാസ്ത്രപരമായ പ്രായം -ഒരാള്‍ക്ക് തന്റെ തന്നെ മാനസിക ആരോഗ്യ ബോധ്യത്തില്‍ തനിക്ക് തന്നെ വിലയിരുത്താവുന്ന പ്രായം. ശരിക്കും ഇതാണ് നമ്മുടെ പ്രായം. ചിലര്‍ മരിക്കുന്നത് 120 വയസ്സായിട്ടാണ്. എന്നാല്‍ ചിലര്‍ 50 വയസ്സുകളില്‍ മരിക്കുന്നു. വാര്‍ധക്യത്തിന് കൃത്യമായ അളവുകോലില്ല.

വൃദ്ധനാകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ല എങ്കില്‍ നിങ്ങള്‍ക്കതിന് സാധിക്കും. 40, 45 വയസ്സ് കഴിയുന്നതോടെ ഒരാള്‍ക്ക് തന്റെ നല്ല പ്രായം കഴിഞ്ഞു; ആയുസ്സിന്റെ പകുതി കഴിഞ്ഞു എന്ന തോന്നല്‍ തുടങ്ങുന്നു. അമ്പതോ, അറുപത്തഞ്ചോ വയസ്സാകുമ്പോഴേക്കും പലരും നിസ്സാരമായ ഓര്‍മപ്പിശകുകളെച്ചൊല്ലി വിഷമിക്കാന്‍ തുടങ്ങും. വാര്‍ധക്യവുമായി ഏറ്റവും ബന്ധപ്പെട്ട പദമാണ് മറവി. വയസ്സായാല്‍ മറവിയുണ്ടാവും എന്ന ചിന്ത മറവിയെ ക്ഷണിച്ചു വരുത്തുന്നു. വാര്‍ധക്യത്തെയും. എന്നാല്‍ ഇത്തരം ഓര്‍മപ്പിശകുകള്‍ നമുക്ക് ജീവിതത്തിലുടനീളം കാണാം. വയസ്സായി എന്ന ശക്തമായ തിരിച്ചറിവില്‍ എല്ലാത്തിനും അതിര്‍ത്തി നിശ്ചയിക്കുന്നു. അധ്വാനശേഷി കുറക്കുന്നു. ഭാരമേറിയ ജോലികള്‍ ഒഴിവാക്കുന്നു. വ്യായാമ സമയവും എണ്ണവും കുറക്കുന്നു. നടത്തത്തിനും ഓട്ടത്തിനും നിയന്ത്രണം വെക്കുന്നു. വസ്തുവകകള്‍ വീതം വെക്കുന്നു. കടമകളെല്ലാം നിര്‍വഹിക്കുന്നു. പതുക്കെ പതുക്കെ മരണത്തെ അഭിമുഖീകരിക്കാന്‍ തയ്യാറാകുന്നു.

പൊതു ധാരണ യൗവനം നല്ലത് വാര്‍ധക്യം ചീത്ത എന്നതാണ്. യൗവനം ആവേശകരം; വാര്‍ധക്യം വിരസം എന്നതാണ്. എന്നാല്‍ ഇത് തികച്ചും തെറ്റായ കാര്യമാണ്. വാര്‍ധക്യമെന്ന് നാം വിശേഷിപ്പിക്കുന്ന ഘട്ടത്തിലെത്തിയ എത്രയെത്ര രാഷ്ട്രീയ നേതാക്കളും കലാകാരന്‍മാരും മത പണ്ഡിതന്‍മാരും ശാസ്ത്രജ്ഞരുമാണ് ചുറുചുറുക്കോടെ ജീവിതത്തില്‍ വലിയ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഒന്നു കണ്ണടച്ച് ചിന്തിച്ചാല്‍ ആദ്യം ഓടിയെത്തുന്നവരെല്ലാം ഒരു പക്ഷേ മുടി നരച്ചവരായിരിക്കും.

വാര്‍ധക്യത്തില്‍ സ്വയം പ്രവര്‍ത്തനക്ഷമമാകാനുള്ള ഒരു സംവിധാനം മസ്തിഷ്‌കത്തിന് സ്വന്തമായുണ്ടെന്ന് ജീവശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് പ്രതീക്ഷാപരമാണ്. പുതിയ നാഡീശാഖകള്‍ കൂടുതല്‍ വളരുകയും അവക്ക് പുതിയ ശിഖരങ്ങള്‍ മുളക്കുകയും ചെയ്യുന്നു. സൃഷ്ടിപരമായ തൊഴിലില്‍ എത്ര വൈകിയാണോ നിങ്ങള്‍ എത്തപ്പെടുന്നത് കൂടുതല്‍ കാലം നിങ്ങള്‍ക്ക് തുടര്‍ന്ന് പോവാന്‍ സാധിക്കും. അവ്യവസ്ഥയെ ചെറുക്കുവാനുള്ള ലളിതമായ മാര്‍ഗങ്ങളിലൊന്ന് ശരീരത്തിന് ചെയ്യാനെന്തെങ്കിലും നല്‍കുകയെന്നതാണ്. ഊര്‍ജത്തിന്റെ മുറപ്രകാരമുള്ള ഉപയോഗം നമ്മെ ഉത്സാഹഭരിതരാക്കുന്നു.

നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ് അമിതമായ ഭക്ഷണം പൊണ്ണത്തടിയിലേക്കും ആരോഗ്യമില്ലായ്മയിലേക്കും നയിക്കുമെന്ന്. അതേ പോലെ ശരീരത്തിന് വ്യായാമം നിര്‍ബന്ധമാണെന്ന്. എന്നാല്‍ നമ്മളാരും തന്നെ ഇവയൊന്നും ചെയ്യുകയില്ല. വ്യായാമം നമ്മുടെ ശരീരത്തിലെ മുഴുവന്‍ തന്തുക്കളെയും പ്രചോദിപ്പിക്കുന്നതോടെ നമ്മുടെ ആയുസ്സ് 25 മുതല്‍ 30 വര്‍ഷം വരെ വര്‍ധിക്കുന്നു. ഏതു പ്രായത്തില്‍പ്പെട്ടവര്‍ക്കും പതിവായ വ്യായാമം കൊണ്ടുള്ള പ്രയോജനങ്ങള്‍ കൃത്യമായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. 90 കഴിഞ്ഞവരില്‍ നടത്തിയ പരീക്ഷണത്തില്‍ ശക്തിയും കരുത്തും പേശീബലവും ചെറുപ്പക്കാരെപ്പോലെ അതേ അളവില്‍ വര്‍ധിക്കുമെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

നമുക്ക് ആരോഗ്യകരമായ ജീവിതം നയിക്കാന്‍ കഴിയണം. അതിന് ശരിയായ വ്യായാമവും മിതമായ ഭക്ഷണവും തന്നെയാണ് ഏറ്റവും പ്രധാനം. സന്തോഷം, സ്‌നേഹം, ത്യാഗം, സംതൃപ്തി, നന്മ, പ്രാര്‍ഥന തുടങ്ങിയവയുമായി ജീവിതം നയിച്ചാല്‍ ഈ ലോകത്ത് നമുക്ക് ദീര്‍ഘായുസ്സോടെ ജീവിക്കാന്‍ കഴിയും. സ്വന്തം മനസ്സില്‍ എത്ര വയസ്സായി എന്നതാണ് ചോദ്യം. ഇനി പറയൂ, താങ്കള്‍ക്കെത്ര വയസ്സായി?

Latest