മദ്യപാനികളുടെ എഫ്ബി ഗ്രൂപ്പ്; അഡ്മിനും ഭാര്യക്കുമെതിരെ കേസ്

Posted on: July 7, 2018 8:48 pm | Last updated: July 7, 2018 at 8:48 pm

തിരുവനന്തപുരം: മദ്യപന്മാരുടെ കൂട്ടായ്മയായ ഫേസ്ബുക്ക് ഗ്രൂപ്പിനെതിരെ എക്‌സൈസ് വിഭാഗം കേസെടുത്തു. മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ പ്രചരിപ്പിച്ചതിന് ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജിഎന്‍പിസി) എന്ന ഗ്രൂപ്പിന്റെ അഡ്മിന്‍ തിരുവനന്തപുരം നേമം സ്വദേശി അജിത്കുമാര്‍ (40), ഭാര്യ വിനീത (33) എന്നിവര്‍ക്ക് എതിരെയാണ് കേസ്. ഇരുവരും ഒളിവിലാണ്. ഗ്രൂപ്പിന്റെ സ്ഥാപക അഡ്മിനാണ് അജിത്കുമാര്‍.

കൊച്ചുകുട്ടികളെ വരെ മദ്യത്തിനൊപ്പം നിര്‍ത്തിയുള്ള ഫോട്ടോകള്‍ ഗ്രൂപ്പ് വഴി പ്രചരിപ്പിച്ചിരുന്നു. ഇതിന്റെ ഫോട്ടോകള്‍ പ്രിന്റ് എടുത്ത് സൂക്ഷിച്ചാണ് എക്‌സൈസ് നടപടി സ്വീകരിച്ചത്. ഗ്രൂപ്പിലെ മറ്റു 36 അഡ്മിനുമാര്‍ക്ക് എതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 18 ലക്ഷത്തിലധികം പേര്‍ ഗ്രൂപ്പില്‍ അംഗങ്ങളാണ്. ലോകത്തിലെ ഏറ്റവും വലിയ രഹസ്യ ഗ്രൂപ്പ് എന്നാണ് ഇതിനെ ഇവര്‍ പരിചയപ്പെടുത്തുന്നത്.