വര്‍ഷാവസാനം അബുദാബിയില്‍ ആയിരത്തിലേറെ ഹൈബ്രിഡ് ടാക്‌സികള്‍

Posted on: July 7, 2018 7:12 pm | Last updated: July 7, 2018 at 7:12 pm
SHARE

അബുദാബി: അബുദാബി ഗതാഗത വകുപ്പ് പരിസ്ഥിതി സൗഹൃദ ടാക്‌സികള്‍ നിരത്തിലിറക്കി. വര്‍ഷാവസാനത്തോടെ ആയിരത്തിലേറെ ഹൈബ്രിഡ് ടാക്‌സികള്‍ നിരത്തിലിറക്കാനാണ് പദ്ധതി. വൈദ്യുതിയിലും പെട്രോളിലും പ്രവര്‍ത്തിക്കാവുന്ന ഹൈബ്രിഡ് ടാക്‌സികളാണ് നിരത്തിലിറക്കുന്നത്.

തവസുല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയിലുള്ള 1347 ടാക്‌സികളും ഹൈബ്രിഡ് ആക്കി മാറ്റുന്നതിന് നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഇതില്‍ 852 എണ്ണം ഇതോടകം കൈമാറിയതായി ഗതാഗത വിഭാഗമായ ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ ജനറല്‍ മാനേജര്‍ മുഹമ്മദ് അല്‍ ഖംസി അറിയിച്ചു. പെട്രോളില്‍ ഓടുന്ന കാറിനെക്കാള്‍ 70 ശതമാനം ഇന്ധനം ലാഭിക്കാന്‍ ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് സാധിക്കും. അറ്റകുറ്റപ്പണികളും കുറവ്. പരിസ്ഥിതി സൗഹൃദ വാഹനങ്ങളിലേക്ക് മാറാന്‍ ഏതാനും ചില ഫ്രാഞ്ചൈസി കമ്പനികള്‍ ഇതോടകം മുന്നോട്ടുവന്നിട്ടുണ്ട്.

പുതുതായി പുറത്തിറക്കുന്ന കാറുകള്‍ക്ക് പെട്രോള്‍ ലീറ്ററിന് 26 കിലോമീറ്ററാണ് ഇന്ധന ക്ഷമത. നേരത്തെ 17 കിലോമീറ്ററേ ലഭിച്ചിരുന്നുള്ളു. പുതുതായി നിരത്തിലിറക്കുന്ന 852 ഹൈബ്രിഡ് വാഹനങ്ങള്‍ വഴി 4.4 കോടി കിലോഗ്രാം കാര്‍ബണ്‍ മലിനീകരണം കുറക്കാനാകുമെന്ന് ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here