രൂപയുടെ മൂല്യത്തകര്‍ച്ച മുതലെടുക്കാന്‍ ചെലവ് ചുരുക്കി പ്രവാസികള്‍

Posted on: July 7, 2018 7:03 pm | Last updated: July 7, 2018 at 7:03 pm

ദുബൈ: രൂപയുടെ മൂല്യത്തകര്‍ച്ച മുതലെടുക്കാന്‍ വിപണിയില്‍ പണം ചെലവഴിക്കുന്നത് കുറച്ച് പ്രവാസികള്‍. ദിര്‍ഹമിന് കൂടുതല്‍ രൂപ ലഭിക്കുന്ന സാഹചര്യത്തില്‍ ചെലവ് കുറച്ച്, കഴിയുന്ന തുകയത്രയും സംഭരിക്കാനാണ് പ്രവാസികളുടെ ശ്രമം. നാട്ടില്‍ പോകുന്നവര്‍ ഉപഭോഗത്തിനായി വിനിയോഗിച്ചിരുന്ന സംഖ്യ വെട്ടിക്കുറച്ചു. പരമാവധി പണം നാട്ടിലേക്ക് അയക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യന്‍ രൂപയുമായി താരതമ്യം ചെയ്ത് വില കണക്കാക്കുന്നതും സാധനങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് പ്രവാസികളെ പിന്തിരിപ്പിക്കുകയാണ്.

ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം റിക്കാര്‍ഡ് തകര്‍ച്ചയില്‍ എത്തിയപ്പോള്‍ ഒരു ദിര്‍ഹമിന് 18.50 രൂപക്ക് മുകളിലാണ് ലഭിച്ചത്. സാഹചര്യം ഉപയോഗപ്പെടുത്തി പരമാവധി പണം നാട്ടിലേക്കു മാറ്റാന്‍ ശ്രദ്ധിക്കുകയായിരുന്നു അധികപേരും. ദിര്‍ഹമിന് കൂടുതല്‍ രൂപ ലഭിക്കാന്‍ തുടങ്ങിയപ്പോള്‍ നാട്ടിലേക്കു പണമയക്കുന്നത് ഗണ്യമായി വര്‍ധിച്ചുവെന്ന് മണി എക്‌സ്‌ചേഞ്ചുകളിലെ കണക്കുകള്‍ പറയുന്നു.

രൂപയുടെ മൂല്യത്തകര്‍ച്ച ഇന്ത്യന്‍ സമ്പദ്ഘടനക്ക് ആഘാതമേല്‍പ്പിക്കുകയും വിലക്കയറ്റം സൃഷ്ടിക്കുകയും ചെയ്യുമെങ്കിലും നിലവില്‍ അതിന്റെ ആഘാതം വിപണിയില്‍ അനുഭവപ്പെട്ടു തുടങ്ങിയിട്ടില്ല. രൂപയുടെ തകര്‍ച്ച പര്‍ച്ചേസിംഗ് വിപണിയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നുവെങ്കിലും രാജ്യത്ത് കുടുംബമായി കഴിയുന്നവര്‍ ചെലവഴിക്കുന്ന തുകയില്‍ വലിയ കുറവുണ്ടായിട്ടില്ല.