കശ്മീരില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാ സേനയുടെ വെടിവെപ്പ്; പെണ്‍കുട്ടിയടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

Posted on: July 7, 2018 4:09 pm | Last updated: July 7, 2018 at 6:53 pm
SHARE

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സൈന്യത്തിന്റെ പട്രോളിംഗ് സംഘത്തിന് നേരെ കല്ലെറിഞ്ഞവര്‍ക്കെതിരെ സുരക്ഷാ സേന നടത്തിയ വെടിവെപ്പില്‍ പെണ്‍കുട്ടിയടക്കം മൂന്ന് പേര്‍ മരിച്ചു.

ഷക്കീര്‍ അഹമ്മദ്(22),. ഇര്‍ഷാദ് മജീദ് (20) അന്ദ്‌ലീബ് (16) എന്നിവരാണ് മരിച്ചത്. കുല്‍ഗാമിലെ ഹവൂര മിഷിപ്പോറ ഗ്രാമത്തില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പട്രോളിംഗ് നടത്തുന്നതിനിടെ സൈന്യത്തിനു നേരെ പ്രതിഷേധക്കാര്‍ കല്ലെറിയുകയായിരുന്നു. തുടര്‍ന്ന് സൈന്യം പ്രതിഷേധക്കാരെ വിരട്ടിയോടിക്കാന്‍ ശ്രമം തുടങ്ങി. കല്ലേറ് രൂക്ഷമായതോടെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് സൈനികന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെടിവയ്പില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ റോഡ് ഉപരോധിച്ചു. പ്രതിഷേധങ്ങളെ തുടര്‍ന്ന് കുല്‍ഗാം, അനന്ത്‌നാഗ് ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി റദ്ദാക്കി.