Connect with us

National

നെറ്റ്, നീറ്റ്, ജെഇഇ പരീക്ഷകള്‍ ഇനി വര്‍ഷത്തില്‍ രണ്ട് തവണ; നടത്തിപ്പിന് പുതിയ ഏജന്‍സി

Published

|

Last Updated

ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസത്തിനായുള്ള യോഗ്യതാ പരീക്ഷാ നടത്തിപ്പില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. ഇനിമുതല്‍ പരീക്ഷ നടത്തുക നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയായിരിക്കും. ബിരുദാനന്തര എന്‍ജിനീയറിംഗ് കോഴ്‌സുകള്‍ക്ക് വേണ്ടിയുള്ള ജെഇഇ (മെയിന്‍സ്), മെഡിക്കല്‍ കോഴ്‌സുകള്‍ക്കുള്ള നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്), കോളജ് അധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷയായ നെറ്റ് എന്നീ പരീക്ഷകള്‍ ഇനിമുതല്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ജെഇഇ (മെയിന്‍സ്), നീറ്റ് പരീക്ഷകള്‍ ഇനി വര്‍ഷത്തില്‍ രണ്ടുവട്ടം നടത്തും. ജെഇഇ (മെയിന്‍സ്) ജനുവരിയിലും ഏപ്രിലിലുമായിരിക്കും. നീറ്റ് പരീക്ഷയും ഫെബ്രുവരിയിലും മെയിലുമായി രണ്ടുവട്ടം നടത്തും. വര്‍ഷം രണ്ടുതവണ വിദ്യാര്‍ഥികള്‍ക്ക് നീറ്റ് പരീക്ഷയെഴുതാം. ഇവയില്‍ മികച്ച സ്‌കോര്‍ കിട്ടിയ പരീക്ഷ കണക്കിലെടുക്കും. നെറ്റ് ഡിസംബറിലായിരിക്കും. ഇപ്പോള്‍ സിബിഎസ്ഇ നടത്തുന്ന പരീക്ഷകളാണ് പുതിയ ഏജന്‍സിക്ക് കൈമാറുന്നത്. സിലബസില്‍ മാറ്റമുണ്ടാകില്ല.

കമ്പ്യൂട്ടര്‍ അടിസ്ഥാനമാക്കിയുള്ള പരീക്ഷയായതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ഇനി വീട്ടില്‍ നിന്നോ അംഗീകൃത കമ്പ്യൂട്ടര്‍ സെന്ററുകളില്‍ നിന്നോ സൗജന്യമായി പരീക്ഷകള്‍ക്കുവേണ്ട തയ്യാറെടുപ്പുകള്‍ നടത്താമെന്നും മന്ത്രി അറിയിച്ചു. മാതൃക ചോദ്യങ്ങള്‍, ഫീസ് എന്നിവയില്‍ മാറ്റമുണ്ടാകില്ല. നാല് മുതല്‍ അഞ്ച് ദിവസങ്ങളിലായായിരിക്കും പരീക്ഷകള്‍ നടത്തുക.