അട്ടിമറിക്കാന്‍ സ്വീഡന്‍; തകര്‍ക്കാന്‍ ഇംഗ്ലണ്ട്

രാത്രി 7.30ന് സോണി ടെന്‍ 2
Posted on: July 7, 2018 2:07 pm | Last updated: July 7, 2018 at 2:11 pm
ഇംഗ്ലണ്ടിന്റെ ലിന്‍ഗാര്‍ഡ് തലകീഴായി നിന്ന് പരിശീലനത്തില്‍

സമാറ: 28 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് സെമി ഫൈനല്‍ കളിക്കാന്‍ ഇംഗ്ലണ്ടിന് വേണ്ടത് ഒരു ജയം മാത്രം. എതിരാളി സ്വീഡനാണ്. 1994 ലോകകപ്പിന് ശേഷം ആദ്യമായിട്ടാണ് സ്വീഡന്‍ ക്വാര്‍ട്ടറിലെത്തുന്നത്. അതുകൊണ്ടു തന്നെ കോച്ച് ജാനെ ആന്‍ഡേഴ്‌സനും ശിഷ്യന്‍മാര്‍ക്കും സമ്മര്‍ദങ്ങളില്ല. പ്രതീക്ഷിച്ചതിലുമേറെയാണ് സ്വീഡിഷ് ടീം റഷ്യയില്‍ നിന്ന് കൊയ്തത്. എന്നാല്‍, ഇംഗ്ലണ്ട് കോച്ച് ഗാരെത് സൗത്‌ഗേറ്റിന് ക്വാര്‍ട്ടറില്‍ മടങ്ങാന്‍ പറ്റില്ല. ഏറ്റവും മികച്ച യുവനിരയുമായാണ് ഇംഗ്ലണ്ട് വന്നിരിക്കുന്നത്. ജര്‍മനിയും അര്‍ജന്റീനയും സ്‌പെയിനും പോര്‍ച്ചുഗലും പുറത്തായ ലോകകപ്പില്‍ ഇംഗ്ലണ്ടിന് വലിയ സാധ്യതകളാണ് ബെറ്റിംഗ് വെബ്‌സൈറ്റുകള്‍ നല്‍കുന്നത്.

കൊളംബിയക്കെതിരെ ഷൂട്ടൗട്ട് ജയിച്ചത് ഇംഗ്ലണ്ടിന്റെ സാധ്യതകള്‍ ഇരട്ടിയാക്കി. കാരണം, എന്നും ഇംഗ്ലണ്ടിന് കാലിടറിയ മേഖലയാണ് ഷൂട്ടൗട്ട്. അവിടെ സൗത്‌ഗേറ്റിന്റെ കുട്ടികള്‍ വിജയം കൈവരിച്ചിരിക്കുന്നു. ഇംഗ്ലണ്ടിനെതിരെ സ്വീഡന്‍ ലക്ഷ്യമിടുക ഷൂട്ടൗട്ട് ആയിരിക്കും. കോച്ച് ആന്‍ഡേഴ്‌സന്‍ സ്‌പോട് കിക്ക് സ്‌പെഷ്യലിസ്റ്റുകളെ തന്നെ അധിക സമയത്തെ ഇലവനില്‍ കരുതും.
സ്വീഡന്റെ ക്യാപ്റ്റന്‍ ആന്‍ഡ്രിയാസ് ഗ്രാന്‍ക്വുവിസ്റ്റ് ഇംഗ്ലണ്ടിനോട് കരുതിയിരിക്കാന്‍ മുന്നറിയിപ്പ് നല്‍കി. അപ്രസക്തരെന്ന് പലരും എഴുതിത്തള്ളിയ ടീമാണ് സ്വീഡന്‍. എന്നാല്‍, ക്വാര്‍ട്ടറിലെത്തി കരുത്തറിയിച്ചിരിക്കുകയാണ് തങ്ങള്‍- ഗ്രാന്‍ക്വുവിസ്റ്റ് പറഞ്ഞു.
ഇംഗ്ലണ്ടിനെ തളയ്ക്കാന്‍ അവരുടെ ക്യാപ്റ്റന്‍ ഹാരി കാനിനെ കൃത്യമായി മാര്‍ക്ക് ചെയ്താല്‍ മതി. ബോക്‌സിനുള്ളില്‍ ഹാരി അപകടകാരിയാണ്.അയാളിലേക്ക് പന്തെത്താതെ നോക്കുകയാകും മികച്ച പ്രതിരോധ പ്രവര്‍ത്തനം – സ്വീഡിഷ് നായകന്‍ പറഞ്ഞു.

വലിയ ടീമുകളെ വീഴ്ത്താനുള്ള മനക്കരുത്ത് സ്വീഡന്‍ തെളിയിച്ചതാണ്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഹോളണ്ടിനെയും പ്ലേ ഓഫില്‍ ഇറ്റലിയെയും മറിച്ചിട്ടാണ് സ്വീഡന്‍ റഷ്യയിലേക്കെത്തിയത്.
1990ന് ശേഷം ലോകകപ്പ് സെമിഫൈനല്‍ ലക്ഷ്യമിടുന്ന ഇംഗ്ലണ്ട് ചില കളിക്കാരുടെ ഫിറ്റ്‌നെസ് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഡെലെ ആലി, ആഷ്‌ലിയംഗ്, കൈല്‍ വാക്കര്‍ എന്നിവര്‍ ഇന്ന് കളിക്കുന്ന കാര്യം ഉറപ്പില്ല. സ്‌ട്രൈക്കര്‍ ജാമി വാര്‍ഡി പരുക്ക് കാരണം ട്രെയ്‌നിംഗ് പൂര്‍ത്തിയാക്കിയില്ല.
ആഷ്‌ലി യംഗിന് പകരം ടോട്ടനം ഹോസ്പറിന്റെ ഡാനി റോസ് ആദ്യ ലൈനപ്പില്‍ കളിച്ചേക്കും. കൊളംബിയക്കെതിരായ പ്രീക്വാര്‍ട്ടറില്‍ എക്‌സ്ട്രാ ടൈമില്‍ ഡാനി റോസ് ചില മികച്ച നീക്കങ്ങളുമായി ഗോള്‍ പ്രതീക്ഷ നല്‍കിയിരുന്നു.സമ്മര്‍ദം ഇംഗ്ലണ്ടിന് മേലായിരിക്കുമെന്ന നിരീക്ഷണങ്ങളെ കോച്ച് ഗാരെത് സൗത്‌ഗേറ്റ് തള്ളിക്കളഞ്ഞു. ഭൂതകാലം ഇപ്പോള്‍ ഇംഗ്ലണ്ട് കളിക്കാരുടെ മനസില്‍ ഇല്ല. എറിക് ഡയറിന്റെ സ്‌പോട് കിക്ക് വലയിലെത്തിയപ്പോള്‍ തിരിച്ചടികളുടെ ചരിത്രമാണ് മാഞ്ഞു പോയത്. റഷ്യയില്‍ നിന്ന് ഏറ്റവും അവസാനം നാട്ടിലേക്ക് മടങ്ങുന്ന ടീമാകാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത് – സൗത്‌ഗേറ്റ് പറഞ്ഞു.പ്രതിരോധ നിരയുടെ മികവാണ് സ്വീഡനെ വേറിട്ട് നിര്‍ത്തുന്നത്. നാല് മത്സരങ്ങളിലും മൂന്നിലും ക്ലീന്‍ഷീറ്റുകള്‍. ഡിഫന്‍സില്‍ സ്വീഡിഷ് കോച്ച് ചെറിയൊരു മാറ്റം വരുത്താന്‍ നിര്‍ബന്ധിതനാണ്. സെല്‍റ്റിക് താരം മിഖേല്‍ ലുസ്റ്റിഗ് സസ്‌പെന്‍ഷനിലായത് കാരണം.

കൗണ്ടര്‍ അറ്റാക്കിംഗ് തന്ത്രമാണ് സ്വീഡന്‍ പയറ്റുന്നത്. ജാഗ്രത കാണിച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ഇംഗ്ലണ്ട് വിംഗ് ബാക്ക് കീരന്‍ ട്രിപിയര്‍ പറയുന്നു.
സൂപ്പര്‍ താരം സ്ലാറ്റന്‍ ഇബ്രാഹിമോവിച് വിരമിച്ചതിന് ശേഷം എടുത്തു പറയാന്‍ സൂപ്പര്‍ താരങ്ങളൊന്നും സ്വീഡിഷ് നിരയില്‍ ഇല്ല. സ്വീഡന്‍ ടീം സ്പിരിറ്റിന്റെ ബലത്തില്‍ കുതിപ്പ് നടത്തുകയാണ്.