Connect with us

Kerala

മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയുടെ ആദരം

Published

|

Last Updated

ബാള്‍ടിമോര്‍: മുഖ്യമന്ത്രി പിണറായി വിജയനെ അമേരിക്കയിലെ ബാള്‍ടിമോറില്‍ പ്രവര്‍ത്തിക്കുന്ന ലോക പ്രശസ്തമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി ആദരിച്ചു. നിപ വൈറസ് ബാധ പ്രതിരോധിക്കുന്നതിന് കേരള സര്‍ക്കാര്‍ എടുത്ത ഫലപ്രദമായ നടപടികള്‍ക്ക് അംഗീകാരമായാണ് ആദരം.
ആരോഗ്യ മന്ത്രി കെ.കെ.ശൈലജയും ആദരം ഏറ്റുവാങ്ങി. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സഹസ്ഥാപകനും പ്രശസ്ത വൈദ്യശാസ്ത്ര ഗവേഷകനുമായ ഡോ. റോബര്‍ട്ട് ഗെലോ ഉപഹാരം സമ്മാനിച്ചു. എയ്ഡ്‌സിന് കാരണമാകുന്ന എച്ച്.ഐ.വി. വൈറസ് കണ്ടെത്തിയ ശാസ്ത്ര സംഘത്തിലെ പ്രമുഖനാണ് ഡോ. ഗെലോ.

ചടങ്ങിന് മുമ്പ് റോബര്‍ട്ട് ഗെലോയും ഇന്‍സ്റ്റിറ്റിയൂട്ടിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരും വിവിധ അക്കാദമിക് വിഭാഗങ്ങളുടെ തലവന്‍മാരും ചര്‍ച്ച നടത്തി. ഗവേഷണ രംഗത്ത് കേരളവുമായുളള സഹകരണം, തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവര്‍ത്തനം എന്നിവയാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്.

കേരളത്തിന് ആരോഗ്യമേഖലയില്‍ അന്താരാഷ്ട്ര തലത്തില്‍ ലഭിക്കുന്ന വലിയ ബഹുമതിയാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയിലെ നല്‍കിയ സ്വീകരണത്തെ കാണുന്നതെന്നും നിപ പ്രതിരോധത്തിന് കേരളം സ്വീകരിച്ച ബഹുമുഖമായ നടപടികള്‍ വിശകലനം ചെയ്ത ശേഷമാണ് നമ്മെ ക്ഷണിക്കാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. ഹ്യൂമന്‍ വൈറോളജിയില്‍ ലോക പ്രശസ്തരായ ശാസ്ത്രജ്ഞരുടെ പ്രവര്‍ത്തനകേന്ദ്രമാണ് ബാര്‍ടിമോര്‍ ഐ.എച്ച്.വി.