അഭിമന്യു വധം : പ്രതികളെ സഹായിച്ച രണ്ട് പേര്‍ പിടിയില്‍

Posted on: July 7, 2018 10:25 am | Last updated: July 7, 2018 at 3:11 pm
SHARE

കൊച്ചി: മഹരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന കേസില്‍ രണ്ട് പേര്‍ കൂടി ഇന്ന് അറസ്റ്റിലായി. പ്രതികളെ സഹായിച്ച നവാസ്, ജാഫ്രി എന്നിവരാണ് പിടിയിലായത്. ഇരുവരും എസ്ഡിപിഐ പ്രവര്‍ത്തകരാണ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. എറണാകുളം നെട്ടൂരില്‍നിന്ന് ഒളിവില്‍ പോയ ആറ് പേരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പോലീസ് അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്.കേസുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന നെട്ടൂര്‍ സ്വദേശികളിലൊരാള്‍ കൈവെട്ട് കേസില്‍ ഉള്‍പ്പെട്ടിരുന്നതായി സൂചന ലഭിച്ചു. പതിനഞ്ചംഗ സംഘമാണ് കൃത്യം നടത്തിയതെന്ന് കണ്ടെത്തിയിട്ടും ഇതില്‍ നാല് പേരെ മാത്രമാണ് പോലീസിന് അറസ്റ്റ് ചെയ്യാനായത്.

ഇന്ന് അറസ്റ്റിലായ രണ്ട് പേരും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത 15 അംഗ സംഘത്തിലുള്ളവരല്ല.
എറണാകുളം നെട്ടൂരില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഒളിവില്‍ പോയ ആറ് പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. നെട്ടൂര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂവാറ്റുപുഴയിലെ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിയായിരുന്നയാളും ഇവരിലുണ്ടെന്ന് പോലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഈ ആറ് പേരില്‍ ആരെങ്കിലുമാണോ അഭിമന്യുവിനെ കുത്തിയ കറുത്ത ഷര്‍ട്ടുകാരനെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.