വിജിലന്‍സിന്റെ മിന്നല്‍ പരിശോധന: വില്ലേജ് ഓഫീസുകളില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി

Posted on: July 7, 2018 9:29 am | Last updated: July 7, 2018 at 10:27 am
SHARE

തിരുവനന്തപുരം:സേവനാവകാശ നിയമ ലംഘനം പരിശോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വില്ലേജ് ഓഫീസുകളില്‍ വിജിലന്‍സ് വിഭാഗം നടത്തിയ ‘മണ്‍സൂണ്‍ മിന്നല്‍’ റെയ്ഡില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. 84 ഓഫീസുകളില്‍ നടന്ന പരിശോധനയില്‍ മിക്ക വില്ലേജ് ഓഫീസുകളിലും സേവനാവകാശ നിയമം ലംഘിക്കുന്നതിലേക്ക് പരാതി രജിസ്റ്ററില്‍ രേഖപ്പെടുത്താതെ 1600 ഓളം അപേക്ഷകള്‍ നിലവിലുള്ളതായി ശ്രദ്ധയില്‍പ്പെട്ടു.
വിജിലന്‍സ് ഡയറക്ടര്‍ ബി എസ് മുഹമ്മദ് യാസീന്‍ ചുമതലയേറ്റ ശേഷം സംസ്ഥാനത്ത് വ്യാപകമായി നടത്തുന്ന ആദ്യ മിന്നല്‍ പരിശോധനയാണിത്.

ചിലയിടങ്ങളില്‍ അപേക്ഷയുമായി ബന്ധപ്പെട്ട രജിസ്റ്ററുകളില്‍ രേഖപ്പെടുത്താതെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം നടത്തിയതായും വിജിലന്‍സ് സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതോടൊപ്പം ബന്ധപ്പെട്ട രജിസ്റ്ററുകളില്‍ പതിച്ച 300 ഓളം എന്‍ ഒ സി സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ലഭിച്ച അപേക്ഷകളും പോക്ക് വരവിനായി ലഭിച്ച 250 ഓളം അപേക്ഷകളും മറ്റ് വിവിധ ആവശ്യങ്ങള്‍ക്കായി ലഭിച്ച 700 ഓളം അപേക്ഷകളും സേവനാവകാശ നിയമ പ്രകാരമുള്ള കാലാവധി കഴിഞ്ഞിട്ടും തീര്‍പ്പ് കല്‍പ്പിക്കാതെയും കെട്ടി കിടക്കുന്നതായും കണ്ടെത്തി. സേവനാവകാശ നിയമ പ്രകാരം പ്രദര്‍ശിപ്പിക്കേണ്ട ബോര്‍ഡുകള്‍ ഒട്ടു മിക്ക വില്ലേജ് ഓഫീസുകളിലും പ്രദര്‍ശിപ്പിച്ചിരുന്നില്ല. മലപ്പുറം ജില്ലയിലെ കരുളായിവില്ലേജ് ഓഫീസിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് സംഘത്തെ കണ്ട് പേഴ്സ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വിജിലന്‍സ് സംഘം തടഞ്ഞ് നിര്‍ത്തി നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 7450 രൂപ ഇയാളില്‍ നിന്നും പിടിച്ചെടുത്തു. പത്തനംതിട്ട ജില്ലയിലെ കൂടല്‍ വില്ലേജ് ഓഫീസില്‍ നിന്ന് കണക്കില്‍ പെടാത്ത 10100 രൂപയും പിടച്ചെടുത്തു.

ഇതിന് പുറമെ വിജിലന്‍സ് പരിശോധന നടത്തിയ ഭൂരിഭാഗം വില്ലേജ് ഓഫീസുകളിലും ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്റര്‍, മൂവ്‌മെന്റ് രജിസ്റ്റര്‍, ഹാജര്‍ ബുക്ക് എന്നിവ കൃത്യമായി ഉപയോഗിച്ചിരുന്നില്ല.
അതേസമയം, മാതൃകാ വില്ലേജ് ഓഫീസായി പ്രഖ്യപിച്ച തിരുവനന്തപുരം ജില്ലയിലെ കരകുളം വില്ലേജ് ഓഫീസ് പരിശോധനാ സംഘത്തിന്റെ പ്രശംസ പിടിച്ചുപറ്റി.
തിരുവനന്തപുരം, പത്തനംതിട്ട എന്നീ ജില്ലകളില്‍ 10 വീതവും പാലക്കാട് ജില്ലയില്‍ ഒമ്പതും കൊല്ലം, ആലപ്പുഴ, കോട്ടയം ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ അഞ്ച് വീതവും വയനാട് ജില്ലയില്‍ ആറും തൃശ്ശൂര്‍ ജില്ലയില്‍ നാല് വില്ലേജ് ഓഫീസുകളിലുമാണ് വിജിലന്‍സ് സംഘം പരിശോധന നടത്തിയത്.