കോടതി വിധിക്കും പുല്ലുവില

Posted on: July 7, 2018 9:52 am | Last updated: July 7, 2018 at 9:52 am
SHARE

ജനാധിപത്യ സര്‍ക്കാറിനാണ് ഭരണ കാര്യങ്ങളില്‍ പരമാധികാരമെന്നു സുപ്രീംകോടതി ഭരണഘടനാ ബഞ്ച് വിധി പ്രസ്താവിച്ചിട്ടും ഡല്‍ഹിയില്‍ സര്‍ക്കാറും ഉദ്യോഗസ്ഥരും തമ്മിലുള്ള അധികാര വടംവലി അവസാനിക്കുന്നില്ല. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനുള്ള അധികാരം മുഖ്യമന്ത്രിക്കായിരിക്കും എന്നറിയിച്ചുകൊണ്ട് സുപ്രീം കോടതി വിധിക്കു ശേഷം ഉപമുഖ്യമന്ത്രി മനീഷ് സിസോദി ഇറക്കിയ ഉത്തരവ് നിയമവിരുദ്ധമാണെന്നു കാണിച്ചു സേവന വകുപ്പു സെക്രട്ടറി മടക്കിയതോടെ എ എ പി സര്‍ക്കാറിനെ ഭരിക്കാന്‍ അനുവദിക്കാതെ പ്രതിസന്ധി സൃഷ്ടിക്കാനാണ് ലഫ്. ഗവര്‍ണറുടെയും ഉദ്യോഗസ്ഥരുടെയും തീരുമാനമെന്ന് വ്യക്തമായി. സുപ്രീം കോടതി വിധി സേവന വകുപ്പിന് ബാധകമല്ലെന്നും ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനുള്ള അധികാരം ലഫ്. ഗവര്‍ണര്‍ക്കായിരിക്കുമെന്ന 2015 മേയിലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് കോടതി റദ്ദാക്കിയിട്ടില്ലെന്നും കാണിച്ചാണ് ഉദ്യോഗസ്ഥ മേധാവി ഉത്തരവ് മടക്കിയത്.

ഭൂമി, പോലീസ്, ക്രമസമാധാനം എന്നിവയൊഴിച്ചു മറ്റു വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന് അധികാരമുണ്ട്. അതിനു ഗവര്‍ണറുടെ അനുമതി ആവശ്യമില്ല. ഒഴിവാക്കപ്പെട്ട മേഖലകളിലൊഴികെ, സര്‍ക്കാറിന്റെ ഉപദേശവും സഹായവും സ്വീകരിക്കാന്‍ ബാധ്യസ്ഥനാണെന്നല്ലാതെ ഗവര്‍ണര്‍ ഭരണാധികാരിയായി ചമയരുതെന്നാണ് ബുധനാഴ്ച സുപ്രീം കോടതി വ്യക്തമാക്കിയത്. ഭരണഘടനയുടെ 239 എ പ്രകാരമുള്ള വിവേചനാധികാരം ഉപയോഗിക്കുമ്പോള്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത രീതിയിലാകണം അദ്ദേഹം തീരുമാനമെടുക്കേണ്ടത്. ലഫ്. ഗവര്‍ണറും സര്‍ക്കാറും സ്വരച്ചേര്‍ച്ചയോടെ പ്രവര്‍ത്തിക്കണം. ഗവര്‍ണര്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തരുതെന്ന് നിര്‍ദേശിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറാണ് ജനങ്ങളോട് ഉത്തരം പറയേണ്ടതെന്നു ഗവര്‍ണറെ ഓര്‍മിപ്പിക്കുകയും ചെയ്തു. രാഷ്ട്രപതിയുടെയും ലഫ്.ഗവര്‍ണറുടെയും അനുമതിയില്ലാതെ സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന ഏതു തീരുമാനവും അസാധുവാണെന്നായിരുന്നു കേന്ദ്ര നിലപാട്. എന്നാല്‍ സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനങ്ങള്‍ ലഫ്.ഗവര്‍ണര്‍ക്ക് പരിശോധിക്കാമെങ്കിലും എല്ലാ വിഷയങ്ങളും രാഷ്ട്രപതിയുടെ പരിഗണനക്കുവിടേണ്ട ആവശ്യമില്ലെന്നാണ് ബഞ്ചിന്റെ തീര്‍പ്പ്. ഗവര്‍ണര്‍ രാജ്യതലസ്ഥാനമെന്ന നിലയില്‍ ഡല്‍ഹിയിലെ പരമാധികാരിയെന്ന ഡല്‍ഹി ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു.

കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്മി സര്‍ക്കാറും ലഫ്.ഗവര്‍ണറുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഉദ്യോഗസ്ഥ വൃന്ദവും തമ്മിലുള്ള പോര് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 2015ലെ തിരഞ്ഞടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ കെജ്‌രിവാള്‍ അധികാരത്തിലെത്തിയതു മുതല്‍ തുടര്‍ന്നു വരുന്നതാണ്. നിര്‍ണായക പദവികളില്‍ സര്‍ക്കാറിന് താത്പര്യമില്ലാത്ത ഉദ്യോഗസ്ഥരെ നിയമിക്കുക, സര്‍ക്കാര്‍ തീരുമാനങ്ങളും ബില്ലുകളും ഗവര്‍ണര്‍ തടയുക, ആംആദ്മി മന്ത്രിമാരെയും എം എല്‍ എമാരെയും കള്ളക്കേസില്‍ കുടുക്കുക, ഇരട്ടപ്പദവി ആരോപിച്ചു എം എല്‍ എമാരെ അയോഗ്യരാക്കുക, കെജ്‌രിവാളിന്റെ ഓഫീസില്‍ റെയഡ് നടത്തി ബുദ്ധിമുട്ടിക്കുക എന്നിത്യാദി നടപടികളിലൂടെ സര്‍ക്കാറിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് ഉദ്യോഗസ്ഥരെ ആയുധമാക്കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ഭരണപ്രദേശമായിരുന്ന ഡല്‍ഹി 1991-ല്‍ കൂടുതല്‍ സ്വതന്ത്ര അധികാരമുള്ള സംസ്ഥാനമായി ഉയര്‍ത്തപ്പെട്ടെങ്കിലും ദേശീയ തലസ്ഥാന പ്രദേശമെന്ന നിലയില്‍ ചില അധികാരങ്ങള്‍ കേന്ദ്രത്തില്‍ നിക്ഷിപ്തമാക്കിയിരുന്നു. ആ പിടിവള്ളി ഉപയോഗിച്ചാണ് കെജ്‌രിവാള്‍ സര്‍ക്കാറിനെ കേന്ദ്രം ശ്വാസംമുട്ടിക്കുന്നത്. സഹികെട്ട കെജ്‌രിവാളും സഹമന്ത്രിമാരും ലഫ്.ഗവര്‍ണറുടെ ഔദ്യോഗിക വസതിയില്‍ എട്ട് ദിവസം നിരാഹാര സമരം നടത്തിയിരുന്നു.
വ്യക്തമായ ജനവിധിയിലൂടെ അധികാരത്തിലേറിയ ജനകീയ സര്‍ക്കാറിനെ നോക്കുകുത്തിയാക്കി അധികാരങ്ങള്‍ കൈയടക്കുക വഴി ജനാധിപത്യത്തെ അപഹസിച്ച ലഫ്.ഗവര്‍ണറും ഉദ്യോഗസ്ഥ മേധാവികളും ബുധനാഴ്ചത്തെ സുപ്രീംകോടതി വിധിയെ അവഗണിക്കുക വഴി നീതിന്യായ വ്യവസ്ഥയെയും അവഹേളിക്കുകയാണ്. ജനക്ഷേമകരവും പൊതുതാത്പര്യപ്രദവുമായ നിയമങ്ങള്‍ ആവിഷ്‌കരിക്കാനും നയരൂപവത്കരണത്തിനുമായി ജനങ്ങള്‍ തിരഞ്ഞെടുത്തത് ജനപ്രതിനിധികളെയാണ്. ഉദ്യോഗസ്ഥര്‍ അവരുടെ സഹായികള്‍ മാത്രമാണ്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറും ഉദ്യോഗസ്ഥ മേധാവികളും തമ്മില്‍ അധികാരത്തര്‍ക്കം ഉടലെടുക്കുമ്പോള്‍, ഉദ്യോഗസ്ഥര്‍ക്ക് മേധാവിത്വം സ്ഥാപിക്കാന്‍ അവസരമൊരുക്കുകയല്ല, ജനപ്രതിനിധികളുടെ സ്ഥാനം അംഗീകരിക്കാന്‍ സന്നദ്ധമാവുകയാണ് കേന്ദ്ര ഭരണകൂടം ചെയ്യേണ്ടത്. കക്ഷിരാഷ്ട്രീയ ഭിന്നത ഇതിന് തടസ്സമാകരുത്. കക്ഷിരാഷ്ട്രീയം ജനാധിപത്യത്തിന് ശക്തിപകരാനുള്ളതായിരിക്കണം. അതിനെ ദുര്‍ബലപ്പെടുത്താനാകരുത്.

LEAVE A REPLY

Please enter your comment!
Please enter your name here