Connect with us

Gulf

ഹജ്ജ് തീര്‍ഥാടകര്‍ക്കായി എമിറേറ്റ്‌സ് കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പെടുത്തുന്നു

Published

|

Last Updated

ദുബൈ: ദുബൈ ആസ്ഥാനമായി സര്‍വീസ് നടത്തുന്ന എമിറേറ്റ്‌സ് എയര്‍ലൈന്‍ ഹജ്ജ് തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിനായി അടുത്ത മാസം മുതല്‍ മികച്ച വിമാന സര്‍വീസുകള്‍ ഏര്‍പെടുത്തുന്നു.
ജിദ്ദ, മദീന എന്നിവിടങ്ങളിലെക്കും തിരിച്ചും 33 അധിക വിമാന സര്‍വീസുകളാണ് ഏര്‍പെടുത്തുക. ദിനം പ്രതി എമിറേറ്റ്‌സ് ഈ നഗരങ്ങളിലേക്ക് നടത്തുന്ന സര്‍വീസുകള്‍ക്ക് പുറമെയാണിത്.

ഇന്ത്യ, പാകിസ്ഥാന്‍, സെനഗല്‍, അമേരിക്ക, യു കെ, ആസ്ട്രേലിയ, ഇന്തോനേഷ്യ, ഐവറി കോസ്റ്റ്, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഒട്ടനവധി തീര്‍ഥാടകരെയാണ് എമിറേറ്റ്‌സ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം 25,000 ഹജ്ജ് തീര്‍ഥാടകരെയാണ് എമിറേറ്റ്‌സിലൂടെ യാത്ര ചെയ്യുമെന്ന് പ്രതീക്ഷയെന്ന് എമിറേറ്റ്‌സ് ഗ്രൂപ്പ് കൊമേഴ്സ്യല്‍ ആന്‍ഡ് ഓപറേഷന്‍സ് വൈസ് പ്രസിഡന്റ് ആദില്‍ അല്‍ ഗൈത് പറഞ്ഞു.

ഹജ്ജ് തീര്‍ഥാടകരുടെ സേവനങ്ങള്‍ക്കായി ദുബൈ വിമാനത്താവളത്തില്‍ പ്രത്യേകം ജീവനക്കാരെ പരിശീലിപ്പിച്ചു കര്‍മനിരതമാക്കിയിട്ടുണ്ട്. വിമാനത്താവളത്തില്‍ പ്രത്യേക ചെക്കിന്‍, ബാഗേജ് ട്രാന്‍സ്ഫര്‍ സംവിധാനം ഒരുക്കും. യാത്ര വേളയില്‍ അംഗ ശുദ്ധീകരണത്തിനുള്ള സംവിധാനം, ഹജ്ജിന് ഇഹ്റാം കെട്ടേണ്ടുന്ന മീഖാത്തിനെ കുറിച്ചുള്ള വിവരണം തുടങ്ങിയ സൗകര്യങ്ങള്‍ തീര്‍ഥാടകര്‍ക്കായി ഒരുക്കും.
ഹജ്ജ് വേളയില്‍ കൈകൊള്ളേണ്ടുന്ന സുരക്ഷാ നടപടികളെ വിശദീകരിക്കുന്ന വീഡിയോ എമിറേറ്റിസിന്റെ പ്രസിദ്ധമായ “ഐ സി ഇ” സംവിധാനത്തിലൂടെ പ്രദര്‍ശിപ്പിക്കും. ജിദ്ദയില്‍ നിന്ന് മടങ്ങുന്ന വിമാനങ്ങളില്‍ അഞ്ച് ലിറ്റര്‍ സംസം ജലം കൊണ്ട് വരുന്നതിനുള്ള സംവിധാനവും ഏര്‍പെടുത്തും.
കൂടാതെ എമിറേറ്റ്‌സിന്റെ മറ്റ് സര്‍വീസുകളില്‍ ഹജ്ജ് തീര്‍ഥാടകര്‍ക്ക് 35 കിലോ എക്കണോമി ക്ളാസിലും 40 കിലോ ബിസിനസ്സ് ക്ലാസിലും 50 കിലോ ഫസ്റ്റ് ക്ലാസിലും ബാഗേജ് ആനുകൂല്യം ഏര്‍പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

Latest