റോഡപകടങ്ങളും മരണനിരക്കും കുറഞ്ഞു

Posted on: July 6, 2018 4:40 pm | Last updated: July 6, 2018 at 4:40 pm
SHARE

ഷാര്‍ജ: ഷാര്‍ജയില്‍ റോഡപകടങ്ങളും മരണനിരക്കും ഗണ്യമായി കുറഞ്ഞു. ട്രാഫിക് ആന്‍ഡ് പട്രോള്‍ വിഭാഗം ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ മുഹമ്മദ് അലായ് അറിയിച്ചതാണിക്കാര്യം. നിയമം കര്‍ശനമാക്കിയതും ശക്തമായ ബോധവല്‍ക്കരണവുമാണ് അപകടവും മരണവും കുറയാന്‍ ഇടയാക്കിയത്. മരിച്ചവരില്‍ ഇന്ത്യക്കാരും പാക്കിസ്ഥാനികളുമാണു മുന്നില്‍.

കഴിഞ്ഞ ആറുമാസത്തിനിടെയുണ്ടായ 277 അപകടങ്ങളില്‍ 41 പേരാണു മരിച്ചത്. 30 പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. മരിച്ചവരില്‍ പന്ത്രണ്ടുപേരും ഇന്ത്യക്കാരാണ്. പാക്കിസ്ഥാന്‍, ബംഗ്ലദേശ് സ്വദേശികളാണ് തൊട്ടുപിന്നില്‍. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 461 അപകടങ്ങളുണ്ടായി. 61 പേര്‍ മരിച്ചു. 35 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മരിച്ചവരില്‍ 16 പാക്കിസ്ഥാനികളും 12 ഇന്ത്യക്കാരുമുണ്ട്.

അശ്രദ്ധയും പെട്ടെന്നു വാഹനം തിരിക്കുന്നതുമാണ് 90 ശതമാനം അപകടങ്ങള്‍ക്കും കാരണമെന്നു ട്രാഫിക് ആന്‍ഡ് പട്രോള്‍ വിഭാഗം ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ മുഹമ്മദ് അലായ് പറഞ്ഞു. അമിതവേഗം, റെഡ് സിഗ്‌നല്‍ മറികടക്കുക, മതിയായ അകലം പാലിക്കാതിരിക്കുക എന്നിവയാണു മറ്റു കാരണങ്ങള്‍. മലീഹ റോഡ്, അല്‍ ഇത്തിഹാദ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, എമിറേറ്റ്‌സ് റോഡ്, ദെയ്ദ് റോഡ് എന്നിവയാണ് അപകട പാതകളായി പോലീസ് കണ്ടെത്തിയത്. നിയമലംഘകര്‍ക്ക് 800 ദിര്‍ഹം പിഴയും നാലു ബ്ലാക്ക് പോയിന്റുമാണു ശിക്ഷ. പെട്ടെന്നു വാഹനം തിരിച്ച് അപകടമുണ്ടാക്കുന്നവര്‍ക്ക് ആയിരം ദിര്‍ഹം പിഴയുണ്ട്. കൂടാതെ ലൈസന്‍സില്‍ നാലു ബ്ലാക്ക് പോയിന്റും ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here