മൂന്ന് സ്വതന്ത്ര വ്യാപാര മേഖല കൂടി വാറ്റ് രഹിത കേന്ദ്രങ്ങളായി

Posted on: July 6, 2018 4:33 pm | Last updated: July 6, 2018 at 4:33 pm

ദുബൈ: മൂന്ന് സ്വതന്ത്ര വ്യാപാര മേഖലകള്‍ കൂടി വാറ്റ് രഹിത കേന്ദ്രമായതായി ഫെഡറല്‍ ടാക്‌സ് അതോറിറ്റി. ഈ വര്‍ഷം ഏര്‍പെടുത്തിയ അഞ്ചു ശതമാനം മൂല്യ വര്‍ധിത നികുതി ഇവിടെ ബാധകമാകില്ല. ഇതോടെ യു എ ഇ യില്‍ ഇത്തരത്തിലുള്ള 23 കേന്ദ്രങ്ങളായതായും എഫ് ടി എ അറിയിച്ചു.

അല്‍ ഐന്‍ രാജ്യാന്തര വിമാനത്താവള സ്വതന്ത്ര മേഖല, അബുദാബി അല്‍ ബതീന്‍ എക്‌സിക്യൂട്ടിവ് സ്വതന്ത്ര മേഖല, ദുബൈ ജബല്‍ അലി ഇന്റര്‍നാഷണല്‍ ഹ്യുമാനിറ്റേറിയന്‍ സിറ്റി എന്നിവയാണ് പുതിയ വാറ്റ് രഹിത സ്ഥലങ്ങള്‍. ജൂണ്‍ 18 മുതല്‍. ഇവിടെ എത്തിക്കുന്ന മിക്ക ഉത്പന്നങ്ങള്‍ക്കു വാറ്റ് ബാധകമായിരിക്കില്ല.നിലവില്‍ ദുബൈയില്‍ ഇത്തരത്തില്‍ എട്ട് കേന്ദ്രങ്ങളുണ്ട്.

അബുദാബിയില്‍ അഞ്ച്, റാസ് അല്‍ ഖൈമയില്‍ മൂന്ന്, ഫുജൈറ, ഷാര്‍ജ, ഉമ്മുല്‍ ഖുവൈന്‍ രണ്ടു വീതം, അജ്മാന്‍ ഒന്ന് എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കേന്ദ്രങ്ങള്‍. ദുബൈ ഹ്യുമാനിറ്റേറിയന്‍ സിറ്റിയില്‍ ഐക്യ രാഷ്ട്ര സഭയുടെ ഒമ്പത് ഏജന്‍സികള്‍ ഉള്‍പെടെ 70 അംഗങ്ങളുണ്ട്.