Connect with us

Gulf

ഷീഷ ഉപയോഗത്തിലൂടെ സാംക്രമിക രോഗങ്ങള്‍ പകരുമെന്ന അഭ്യൂഹങ്ങള്‍ക്കെതിരെ നഗരസഭ

Published

|

Last Updated

ദുബൈ: റെസ്റ്റോറന്റുകളിലും കോഫീ ഷോപ്പുകളിലും ഉപയോഗിക്കുന്ന ഷീഷകളില്‍ നിന്ന് മാറാവ്യാധി പകരുമെന്നത് അഭ്യൂഹം മാത്രമെന്ന് നഗരസഭ. ഷീഷ ഉപയോഗിക്കുന്നത് സാംക്രമിക രോഗങ്ങള്‍ ഉണ്ടാക്കുമെന്ന സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളെയാണ് അധികൃതര്‍ നിഷേധിച്ചത്.

വാട്‌സ്ആപ്പ് സന്ദേശമായാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ദുബൈ നഗരസഭാ അധികൃതരാണ് ഇതിനെതിരെ വിശദീകരണവുമായി രംഗത്തു വന്നത്. ഇവ അടിസ്ഥാനമില്ലാത്തതും അത്തരത്തില്‍ രോഗങ്ങള്‍ പകരുന്നതെല്ലന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, പുകവലി ആരോഗ്യത്തിന് ഹാനികരമാണ്. അവ കാന്‍സറിനും ശ്വാസ കോശ സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സിഗരറ്റ് പോലുള്ളവ ഉപയോഗിക്കുന്നവര്‍ അഞ്ച് മുതല്‍ ഏഴ് മിനിറ്റുകള്‍ക്കുള്ളില്‍ 12 പഫ് വരെ എടുക്കുന്നുണ്ട്. ഒരു ലിറ്റര്‍ പുകയില്‍ നിന്ന് 0.6 ലിറ്റര്‍ വരെ അകത്തോട്ട് വലിക്കുന്നുണ്ട്. അതേസമയം ഷീഷ ഉപയോഗം 20 മിനുറ്റ് മുതല്‍ 80 മിനുറ്റ് വരെയാണ് നീണ്ടു നില്‍ക്കുന്നത്. 20 മുതല്‍ 50 പഫുകളാണ് ഈ സമയം ഷീഷ ഉപയോഗിക്കുന്നവര്‍ എടുക്കുക. ഒരു ലിറ്റര്‍ പുകയില്‍ നിന്ന് 0.15 ലിറ്റര്‍ പുക മാത്രമേ ഉള്ളിലേക്കെടുക്കൂവെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
ദുബൈ നഗരസഭ പൊതു ജനങ്ങളുടെ ആരോഗ്യ സുരക്ഷക്ക് ഉന്നതമായ സ്ഥാനമാണ് നല്‍കുന്നത്. ലോകോത്തരമായ മാനദണ്ഡങ്ങളോടെയാണ് സുരക്ഷ ഉറപ്പിക്കുന്നതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

2015 മുതല്‍ കോഫി ഷോപ്പുകളോടും റെസ്റ്റോറന്റുകളോടും ഷീഷ ഉപയോഗത്തിന് പരമ്പരാഗത പൈപ്പുകള്‍ക്ക് പകരം ഒരു വട്ടം ഉപയോഗിച്ച് മാറ്റാവുന്ന ഡിസ്‌പോസിബിള്‍ പൈപ്പുകള്‍ ഉപയോഗിക്കാന്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ടെന്നും അവയുടെ ഉപയോഗം നടപ്പില്‍ വരുത്തുന്നുണ്ടോയെന്ന് നിരീക്ഷിച്ചു വരുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ദുബൈ നഗരസഭയുടെ ഹോട്‌ലൈന്‍ നമ്പറായ 800900, വാട്‌സ്ആപ്പ് നമ്പറായ +971501 077799 എന്നിവയിലൂടെ വ്യാജ വാര്‍ത്തകളുടെ നിജസ്ഥിതി മനസ്സിലാക്കണമെന്ന് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest