Connect with us

Kerala

അഭിമന്യുവിന്റെ കൊലപാതകം: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

Published

|

Last Updated

കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. കേസ് അന്വേഷിച്ചിരുന്ന സെന്‍ട്രല്‍ സിഐ അനന്ത് ലാലിനെയാണ് മാറ്റിയത്. കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷണര്‍ എസ് ടി സുരേഷ് കുമാറിനാണ് അന്വേഷണ ചുമതല നല്‍കിയത്. കേസ് അന്വേഷണം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണിത്. കേസിന്റെ മേല്‍നോട്ട ചുമതല ഡി.ജി.പി നേരിട്ട് വഹിക്കും. അഭിമന്യുവിനെ കൊലപ്പെടുത്തുകയും രണ്ടുപേരെ മാരകമായി കുത്തി പരുക്കേല്‍പ്പിക്കുകയും ചെയ്ത അക്രമി സംഘത്തിലെ ഭൂരിഭാഗം പേരും എസ്.ഡി.പി.ഐയുടേയും പോപുലര്‍ ഫ്രണ്ടിന്റേയും സജീവ പ്രവര്‍ത്തകരാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളില്‍ ആറ് പേര്‍ എറണാകുളം നെട്ടൂര്‍ സ്വദേശികളാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. എന്നാല്‍ മുഖ്യപ്രതികളുടെ പേര് വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല. കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ മൂന്ന് പേര്‍ മാത്രമാണ് പിടിയിലായത്. ബാക്കി പന്ത്രണ്ട് പേരും ഒളിവിലാണ്. പ്രതികള്‍ക്കായി സംസ്ഥാനത്തിന് പുറത്തേക്കും തിരച്ചില്‍ വ്യാപിച്ചിട്ടുണ്ട്.

അഭിമന്യുവിനെ കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് പോലീസിന്റെ എഫ് ഐ ആര്‍ റിപ്പോര്‍ട്ട് സൂചിപ്പിച്ചിരുന്നു. അഭിമന്യുവിന്റെ ശരീരത്തില്‍ കുത്തിയിറക്കിയ കത്തി സെക്കന്‍ഡുകള്‍ക്കുള്ളില്‍ തിരിച്ചെടുത്തുവെന്നും മരണം ഉറപ്പാക്കുന്ന വിധത്തിലുള്ള ഇത്തരം ആക്രമണങ്ങള്‍ കൃത്യമായി പരിശീലനം ലഭിച്ച പ്രൊഫഷനല്‍ സംഘത്തിന് മാത്രമേ സാധിക്കൂവെന്നും എഫ് ആറില്‍ ചൂണ്ടിക്കാട്ടുന്നു.
ക്യാമ്പസ് ഫ്രണ്ട്- എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷങ്ങളൊന്നുമില്ലാത്ത കോളജില്‍ നേരത്തെ തീരുമാനിച്ച പ്രകാരമാണ് പ്രതികള്‍ കൊലപാതകം നടത്തിയത്. രാത്രി 12.30നാണ് കൊലയാളി സംഘം അഭിമന്യുവിനെ കുത്തിവീഴ്ത്തിയതെങ്കിലും രാത്രി 9.30ന് കൊലയാളി സംഘം കോളജിലെത്തി സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ മടങ്ങിയതായി കണ്ടെത്തിയതായും എഫ് ഐ ആറില്‍ വ്യക്തമാക്കുന്നു. കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥി മുഹമ്മദും സംഘത്തിനൊപ്പമുണ്ടായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.
എന്നാല്‍ ബാക്കിയുള്ളവര്‍ കോളജ് വിദ്യാര്‍ഥികളായിരുന്നില്ല. മുഹമ്മദിനൊപ്പം കോളജിലെത്തിയ 15 അംഗ സംഘമാണ് അക്രമം അഴിച്ച് വിട്ടത്. ചിതറിയോടിയ എസ് എഫ് ഐ പ്രവര്‍ത്തകരില്‍ നിന്നും അഭിമന്യുവിനെ പ്രതികള്‍ പിന്നില്‍ നിന്നും കുത്തുകയായിരുന്നു.

നീല ഫുള്‍കൈ ഷര്‍ട്ടിട്ട പൊക്കം കുറഞ്ഞ കറുത്ത നിറമുള്ളയാളാണ് അഭിമന്യുവിനെ കുത്തിയത്. ഇതേ സംഘം തന്നെയാണ് അര്‍ജുനെയും ആക്രമിച്ചതെന്നും എഫ് ഐ ആറില്‍ ചൂണ്ടിക്കാട്ടുന്നു. ഇടത് നെഞ്ചിലേറ്റ കുത്താണ് മരണ കാരണമെന്നും ഒറ്റക്കുത്തില്‍ ഹൃദയം പിളര്‍ന്നാണ് അഭിമന്യു മരിച്ചതെന്നും നേരത്തെ പുറത്തുവന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു.

Latest