കശ്മീരില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ പോലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ട നിലയില്‍

Posted on: July 6, 2018 11:17 am | Last updated: July 6, 2018 at 7:01 pm
SHARE
ജാവേദ് അഹമ്മദ് ദര്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ നിന്ന് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ പോലീസ് കോണ്‍സ്റ്റബിളിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജാവേദ് അഹമ്മദ് ദറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഷോപ്പിയാനിലെ കുല്‍ഗാമിലെ പരിവാനില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്.

ജാവേദ് അഹമ്മദ് ദറിന്റെ മൃതദേഹം ഖബറടക്കാന്‍ കൊണ്ടുപോകുന്നു

മൃതദേഹത്തില്‍ വെടിയേറ്റ പാടുകളുണ്ട്. വ്യാഴാഴ്ച രാത്രി മെഡിക്കല്‍ ഷോപ്പിലേക്ക് പോകുന്നതിനിടയിലാണ് ജാവേദിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. കഴിഞ്ഞ ഏപ്രിലില്‍ ഇതേ സ്ഥലത്തു വച്ച് അഞ്ച് ഭീകരവാദികളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വധിച്ചിരുന്നു.

റമസാന്‍ ദിനത്തില്‍ അവധിക്ക് വീട്ടിലേക്ക് പോകുന്നതിനിടെ സൈനികനായ ഔറംഗസേബിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു.