തായ് ഗുഹയിലെ രക്ഷാപ്രവര്‍ത്തനത്തിടെ മുന്‍ നാവിക ഉദ്യോഗസ്ഥന് ദാരുണാന്ത്യം

Posted on: July 6, 2018 10:42 am | Last updated: July 6, 2018 at 3:10 pm

ബാങ്കോക്ക്: വടക്കന്‍ തായ്‌ലന്‍ഡില്‍ ഗുഹക്കുള്ളില്‍ കുടുങ്ങിയ ഫുട്‌ബോള്‍ താരങ്ങളായ കുട്ടികളെയും അവരുടെ കോച്ചിനെയും
രക്ഷിക്കുന്നതിനിടെ മുന്‍ നാവിക ഉദ്യോഗസ്ഥന്‍ മരിച്ചു. മുന്‍ നാവികസേന മുങ്ങല്‍ വിദഗ്ധന്‍ സമണ്‍ കുനന്‍ (38) ആണ് മരിച്ചത്. ഗുഹയില്‍ എയര്‍ടാങ്ക് സ്ഥാപിക്കുന്നതിനിടെ ഓക്‌സിജന്‍ കിട്ടാതാവുകയായിരുന്നു. അബോധാവസ്ഥയിലായ സമണ്‍ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

അതേസമയം, ഗുഹക്കുള്ളില്‍ കുടുങ്ങിയ കുട്ടികളെയും അവരുടെ കോച്ചിനെയും ഘട്ടംഘട്ടമായി പുറത്തെത്തിക്കുമെന്ന് തായ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എല്ലാവരെയും ഒരേസമയം ഗുഹക്ക് പുറത്തേക്ക് കൊണ്ടുവരികയെന്നത് അസാധ്യമായിരിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഗുഹക്കുള്ളില്‍ കുടുങ്ങിയ 13 പേരും ഒരേ സമയം പുറത്തെത്തുമെന്ന് പ്രതീക്ഷിക്കരുത്. സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍, ആരോഗ്യപരമായും മാനസികമായും നൂറ് ശതമാനം തയ്യാറായവരെ ആദ്യമാദ്യം പുറത്തെത്തിക്കും. ഇതിന് വേണ്ടി ഗുഹക്കകത്ത് കുടുങ്ങിയവരെ ഓരോ ദിവസവും തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. നീന്തുന്നതിനുള്ള മാസ്‌കുകള്‍ ഉപയോഗിച്ച് കുട്ടികള്‍ പരിശീലനം നേടിക്കൊണ്ടിരിക്കുകയാണ് ഇപ്പോഴെന്നും ചിയാംഗ് റായ് പ്രവിശ്യാ ഗവര്‍ണര്‍ നരോംഗ്‌സാക് പറഞ്ഞു.

ഗുഹക്കുള്ളില്‍ കുടുങ്ങിയ 12 കുട്ടികളും അവരുടെ കോച്ചും ഗുഹക്കകത്ത് തായ് നാവി ഉദ്യോഗസ്ഥര്‍ക്കൊപ്പമിരിക്കുന്ന പുതിയ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കട്ടിയുള്ള ബ്ലാങ്കറ്റുകളില്‍ ചുറ്റിപ്പൊതിഞ്ഞിരിക്കുന്ന നിലയിലാണ് കുട്ടികള്‍. ഓരോരുത്തരും രക്ഷാപ്രവര്‍ത്തകരോട് സ്വയം പരിചയപ്പെടുത്തുന്നതും വീഡിയോയിലുണ്ട്. ഗുഹക്കകത്തേക്ക് ഇന്റര്‍നെറ്റും കേബിളും സംവിധാനിച്ച് കുട്ടികള്‍ക്ക് മാതാപിതാക്കളുമായി സംസാരിക്കാനുള്ള സംവിധാനമൊരുക്കുകയാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍.
11നും 16നും ഇടയില്‍ പ്രായമുള്ള 12 കുട്ടികളും അവരുടെ കോച്ചും ചിയാംഗ് റായ് പ്രവിശ്യയിലെ താം ലുവാംഗ് നാംഗ് നോന്‍ ഗുഹയില്‍ കുടുങ്ങുകയായിരുന്നു. ശക്തമായ മഴ വന്നതോടെ ഗുഹയുടെ കവാടം അടയുകയും സംഘം ഇതിനകത്ത് അകപ്പെടുകയുമായിരുന്നു.