Connect with us

National

കനയ്യക്കെതിരായ അച്ചടക്ക നടപടി ശരിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: സ്റ്റുഡന്റ്‌സ് യൂനിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാറിനും ഗവേഷക വിദ്യാര്‍ഥി ഉമര്‍ ഖാലിദിനുമെതിരായ അച്ചടക്ക നടപടി ജെ എന്‍ യു ഉന്നതാന്വേഷണ സമിതി ശരിവെച്ചു. കനയ്യ കുമാറിന് പിഴയും ഉമര്‍ ഖാലിദിന് വിലക്കും ഏര്‍പ്പെടുത്തിയ നടപടിയാണ് ശരിവെച്ചിരിക്കുന്നത്.

2016ല്‍ ക്യാമ്പസില്‍ നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് മുദ്രാവാക്യം വിളിച്ചതിന് അച്ചടക്ക നടപടിയുടെ ഭാഗമായി കനയ്യ കുമാറിന് ജെ എന്‍ യു പതിനായിരം രൂപ പിഴ ചുമത്തിയിരുന്നു. ഇതേ പരിപാടിയുമായി ബന്ധപ്പെട്ട് ഗവേഷക വിദ്യാര്‍ഥിയായ ഉമര്‍ ഖാലിദിന് ഇരുപതിനായിരം രൂപ പിഴക്കൊപ്പം സെമസ്റ്റര്‍ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത് ഉമര്‍ ഖാലിദും കനയ്യ കുമാറും അടക്കം അച്ചടക്ക നടപടി നേരിട്ട 14 വിദ്യാര്‍ഥികള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, സംഭവത്തെ കുറിച്ച് ഉന്നതാന്വേഷണ സമിതിയെ നിയോഗിച്ച് അവലോകനം ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഈ സമിതിയാണ് നടപടികള്‍ ശരിവെച്ചത്.
കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് എന്നിവരെ കൂടാതെ മുജീബ് ഗാട്ടു, അനിര്‍ബന്‍ ഭട്ടാചാര്യ തുടങ്ങിയവര്‍ക്കെതിരെയാണ് നടപടിയെടുത്തിരുന്നത്. മുജീബ് ഗാട്ടുവിനെ രണ്ട് സെമസ്റ്ററില്‍ നിന്നാണ് വിലക്കിയത്. അശുതോഷിന് ജെ എന്‍ യു ഹോസ്റ്റലില്‍ ഒരു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തുകയായിരുന്നു.

പാര്‍ലിമെന്റ് ആക്രമണ കേസില്‍ അഫ്‌സല്‍ ഗുരു തൂക്കിലേറ്റപ്പെട്ടതിന്റെ സ്മരണക്ക് സര്‍വകലാശാലയില്‍ 2016 ഫെബ്രുവരി ഒമ്പതിന് നടന്ന പരിപാടിയില്‍ പങ്കെടുത്തതിനാണ് വിദ്യാര്‍ഥികള്‍ക്കെതിരെ സര്‍വകലാശാല അച്ചടക്ക നടപടി സ്വീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട കേസില്‍ കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇരുവര്‍ക്കും ജാമ്യം ലഭിക്കുകയും ചെയ്തു.
വിവാദമായ ഈ പരിപാടിയുടെ സംഘാടകന്‍ എന്ന് ആരോപിച്ചായിരുന്നു ഉമര്‍ ഖാലിദിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. പരിപാടിയില്‍ സംബന്ധിച്ച് രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കി എന്നതാണ് കനയ്യ കുമാര്‍ നേരിട്ട ആരോപണം.

Latest