Connect with us

Ongoing News

ഫ്രാന്‍സ്- ഉറുഗ്വെ, ബ്രസീല്‍- ബെല്‍ജിയം; ഇന്ന് രണ്ട് ക്ലാസിക്കുകള്‍

Published

|

Last Updated

കസാന്‍: ഫിഫ ലോകറാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരായ ജര്‍മനി തലതാഴ്ത്തി മടങ്ങി. എന്നാല്‍, രണ്ടും മൂന്നും സ്ഥാനത്തുള്ള ബ്രസീലും ബെല്‍ജിയവും ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടാനുള്ള തയ്യാറെടുപ്പിലാണ്. കസാനില്‍ ഇന്ന് തീ പാറും. ഫുട്‌ബോള്‍ ലോകം കാത്തിരിക്കുകയാണ് ഈ ക്ലാസിക് പോരിന്. ടൂര്‍ണമെന്റിലെ ഫോം പരിശോധിച്ചാല്‍ ബെല്‍ജിയം ഒരു പടി മുന്നിലാണ്. എന്നാല്‍, ബ്രസീല്‍ ഒട്ടും പിറകിലല്ല താനും.
കിരീട ഫേവറിറ്റുകളായി അറിയപ്പെട്ട ബ്രസീല്‍ ഓരോ മത്സരത്തിലും വ്യത്യസ്തമായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനോട് സമനിലയായി. മഞ്ഞപ്പടയുടെ സാധ്യതകള്‍ ചോദ്യം ചെയ്യപ്പെട്ടു. കോസ്റ്റാറിക്കയോട് ജയിച്ചെങ്കിലും അധ്വാനിക്കേണ്ടി വന്നു. സെര്‍ബിയയെ പരാജയപ്പെടുത്തിയപ്പോഴും ബ്രസീലിന്റെ കരുത്ത് പൂര്‍ണമായും പ്രകടമായില്ല. പ്രീക്വാര്‍ട്ടറിലെത്തിയപ്പോള്‍ കഥ മാറി. മെക്‌സിക്കോക്കെതിരെ നെയ്മറിന്റെ ബ്രില്യന്റ് പ്രകടനം ലോകം കണ്ടു. ബ്രസീല്‍ ബ്രസീലായിക്കൊണ്ടിരിക്കുന്നതിന്റെ സൂചനകള്‍ ലഭിച്ച മത്സരം. ബെല്‍ജിയം കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനെസ് ബ്രസീലിനെ നേരിടുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമിനെ നേരിടാന്‍ പോകുന്നുവെന്നാണ്.
ഏതൊരു താരത്തിനും ബ്രസീലിനെതിരെ ലോകകപ്പ് കളിക്കുക എന്ന സ്വപ്‌നമുണ്ടാകും. ബെല്‍ജിയം കളിക്കാര്‍ അതാസ്വദിക്കാന്‍ പോവുകയാണ്. നെയ്മറിനെയും ഫിലിപ് കുടീഞ്ഞോയെയും എങ്ങനെ നേരിടണമെന്നത് സംബന്ധിച്ച് വ്യക്തമായ ഗെയിം പ്ലാന്‍ തന്റെ ടീമിനുണ്ടെന്നും മാര്‍ട്ടിനെസ് പ്രതികരിച്ചു.
പന്ത്രണ്ട് തവണ ലോകകപ്പില്‍ നോക്കൗട്ട് മത്സരങ്ങള്‍ കളിച്ച ബെല്‍ജിയത്തിന് ക്ലീന്‍ ഷീറ്റില്ല. 28 ഗോളുകളാണ് വഴങ്ങിയത്. പക്ഷേ, ഇതൊന്നും കോച്ച് മാര്‍ട്ടിനെസ് നെഗറ്റീവായി കാണുന്നില്ല. നോക്കൗട്ട് റൗണ്ടില്‍ ഗോളുകള്‍ വഴങ്ങുന്നതിന്റെ കണക്കൊന്നും എടുക്കേണ്ടതില്ല. ജയം, അത് മാത്രമാണ് പ്രധാനം. ജപ്പാനെതിരെ രണ്ട് ഗോളുകള്‍ക്ക് പിറകിലായതിന് ശേഷം മൂന്ന് ഗോളുകള്‍ തിരിച്ചടിച്ച് പ്രീക്വാര്‍ട്ടര്‍ ജയിച്ചത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയെന്ന് മാര്‍ട്ടിനെസ് സാക്ഷ്യപ്പെടുത്തുന്നു.
2016 മാര്‍ച്ചിലാണ് ബെല്‍ജിയം ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയത്. നാല് മാസങ്ങള്‍ക്ക് ശേഷം യൂറോ കപ്പില്‍ ക്വാര്‍ട്ടറില്‍ വെയില്‍സിനോട് തോറ്റ് അവര്‍ പുറത്തായി. 2014 ലോകകപ്പിലും ബെല്‍ജിയം പുറത്തായത് ക്വാര്‍ട്ടറിലാണ്. റണ്ണേഴ്‌സപ്പായ അര്‍ജന്റീനയായിരുന്നു ബെല്‍ജിയത്തെ വീഴ്ത്തിയത്.
ചരിത്രം തിരുത്താന്‍ ബെല്‍ജിയം ആഗ്രഹിക്കുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കരുത്തിലാണ് ബെല്‍ജിയം വിശ്വാസമര്‍പ്പിക്കുന്നത്. കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനെസ് എവര്‍ട്ടന്‍, വിഗാന്‍ അത്‌ലറ്റിക്, സ്വാന്‍സി സിറ്റി ക്ലബ്ബുകളുടെ പരിശീലകനായിരുന്നു. പതിമൂന്ന് താരങ്ങള്‍ പ്രീമിയര്‍ ലീഗ് ജേതാക്കളാണ്. ഡിഫന്‍ഡര്‍ വിന്‍സെന്റ് കൊംപാനി, ഗോള്‍ കീപ്പര്‍ തിബോട്ട് കുര്‍ടോയിസ്, മിഡ്ഫീല്‍ഡര്‍ കെവിന്‍ ഡി ബ്രൂയിന്‍, വിംഗര്‍ എദെന്‍ ഹസാദ് എന്നിവരെല്ലാം ചേര്‍ന്ന് എട്ട് തവണ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായിട്ടുണ്ട്. വ്യത്യസ്ത ക്ലബ്ബുകള്‍ക്കൊപ്പമാണെന്ന് മാത്രം.
ജപ്പാനെ പ്രീക്വാര്‍ട്ടറില്‍ വീഴ്ത്തിയത് ബെല്‍ജിയം എന്ന ടീമിന്റെ ക്യാരക്ടര്‍ വ്യക്തമാക്കിയെന്ന് മുന്‍ ഇംഗ്ലണ്ട് ലോകകപ്പ് താരം റിയോ ഫെര്‍ഡിനാന്‍ഡ് അഭിപ്രായപ്പെട്ടു. 48 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലോകകപ്പ് നോക്കൗട്ടില്‍ ഒരു ടീം 2-0ന് പിറകിലായതിന് ശേഷം ജയിക്കുന്നത്.
1986 ല്‍ ഡിയഗോ മറഡോണയുടെ അര്‍ജന്റീനയോട് സെമിഫൈനലില്‍ പരാജയപ്പെട്ട ബെല്‍ജിയം 2014 ല്‍ മെസിയുടെ അര്‍ജന്റീനയോട് ക്വാര്‍ട്ടറില്‍ തോറ്റു. 2018 ല്‍ വഴി തടയാന്‍ അര്‍ജന്റീനയില്ല. പക്ഷേ, ലാറ്റിനമേരിക്കയില്‍ നിന്നുള്ള ബ്രസീല്‍ ക്വാര്‍ട്ടറില്‍ എതിരാളിയായി നില്‍ക്കുന്നു.
ആദ്യ മത്സരത്തില്‍ കണ്ട നെയ്മറിനെയല്ല മെക്‌സിക്കോക്കെതിരെ കണ്ടത് എന്നത് തന്നെയാണ് ബ്രസീലിന്റെ പ്രത്യേകത. മഞ്ഞക്കുപ്പായമിട്ടു കഴിഞ്ഞാല്‍ ആരാണ് ഹീറോ ആവുക എന്നത് പ്രചവിക്കാനാകില്ല. നെയ്മര്‍ വലിയ ചലനമുണ്ടാക്കാതിരുന്നപ്പോള്‍ ഫിലിപ് കുടീഞ്ഞോ താരമായി. പകരക്കാരനായെത്തിയ ഫിര്‍മിനോ വല കുലുക്കിയതും പൗളിഞ്ഞോ ഗോളടിച്ചതും ഡിഫന്‍ഡര്‍ തിയഗോ സില്‍വയുടെ ഹെഡര്‍ ഗോളും എതിരാളികള്‍ക്ക് നല്‍കുന്ന സൂചന ഭയപ്പാടിന്റെതാണ്. അര്‍ജന്റീന കളിക്കുമ്പോള്‍ മെസിയെ മാര്‍ക്ക് ചെയ്യാന്‍ പദ്ധതിയിടാം.

ബ്രസീല്‍ കളിക്കുമ്പോള്‍ നെയ്മറിന് വേണ്ടി വല വിരിക്കുന്നത് ആനമണ്ടത്തരമാകുമെന്ന് കോസ്റ്റാറിക്കയും സെര്‍ബിയയും മെക്‌സിക്കോയും തിരിച്ചറിഞ്ഞതാണ്. പരല്‍മീനിനെ പോലെ വില്യന്‍ നടത്തുന്ന അതിവേഗ വെട്ടിക്കലുകളും ഡിഫന്‍ഡറായും മിഡ്ഫീല്‍ഡറായും സ്‌ട്രൈക്കറായും അധ്വാനിക്കുന്ന ഗബ്രിയേല്‍ ജീസസും ഇനിയും ശരിയായ രീതിയില്‍ അടയാളപ്പെടുത്തല്‍ നടത്തിയിട്ടില്ല. മാഞ്ചസ്റ്റര്‍ സിറ്റി സ്‌ട്രൈക്കറായ ജീസസ് എന്താണ് ഗോളടിക്കാത്തത് എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. ആദ്യ ലൈനപ്പില്‍ ടിറ്റെ ജീസസിനെ ഉള്‍പ്പെടുത്തുമോ എന്നത് വ്യക്തമല്ല.
തുടരെ രണ്ട് മത്സരങ്ങളില്‍ മഞ്ഞക്കാര്‍ഡ് കണ്ട ഹോള്‍ഡിംഗ് മിഡ്ഫീല്‍ഡര്‍ കാസിമെറോ സസ്‌പെന്‍ഷനിലാണ്. ഇന്ന് കാസിമെറോക്ക് പകരം മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഫെര്‍നാണ്ടീഞ്ഞോ ഇറങ്ങും. സിറ്റിയില്‍ സഹതാരമായ ബെല്‍ജിയത്തിന്റെ കെവിന്‍ ഡി ബ്രൂയിനെ തടയുക എന്ന ദൗത്യം ഫെര്‍നാണ്ടീഞ്ഞോക്കാകും ടിറ്റെ നല്‍കുക.
ബെല്‍ജിയം കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനെസ് തന്റെ ഗെയിം പ്ലാനില്‍ മാറ്റം വരുത്തിയേക്കുമെന്ന് സൂചനയുണ്ട്. കെവിന്‍ ഡി ബ്രൂയിന് പൊസിഷന്‍ വിട്ട് പൂര്‍ണ സ്വാതന്ത്രത്തോടെ കളിക്കാനുള്ള അനുമതി നല്‍കിയേക്കും. ഇതിന്റെ പേരില്‍ ഇവര്‍ തമ്മില്‍ ചെറിയ ഉടക്കുണ്ട്. ജപ്പാനെതിരെ ഡി ബ്രൂയിന്‍ വിജയ ഗോളിന് വഴിയൊരുക്കിയത് കോച്ചിനെ മാറ്റിച്ചിന്തിപ്പിക്കും.

നെയ്മറിനെ തടയുക എളുപ്പമല്ല. പന്ത് ലഭിച്ചാല്‍ അയാള്‍ അപ്രതീക്ഷിത നീക്കത്തിന് പദ്ധതിയിടും. ഒപ്പം കളിച്ചവരിലും എതിരെ കളിച്ചവരിലും നെയ്മര്‍ ആണ് ഏറ്റവും മികച്ചത് എന്ന് തോന്നിയിട്ടുണ്ട് – ബെല്‍ജിയത്തിന്റെ തോമസ് മ്യൂനിയര്‍ പറഞ്ഞു.
ഫ്രാന്‍സില്‍ പാരിസ് സെയിന്റ് ജെര്‍മെയിന്‍ ക്ലബ്ബ് താരങ്ങളാണിവര്‍. നാല് മത്സരങ്ങളും ജയിച്ചാണ് ബെല്‍ജിയം ക്വാര്‍ട്ടറിലെത്തിയത്.
പന്ത്രണ്ട് ഗോളുകളും നേടി. ടൂര്‍ണമെന്റില്‍ ഏറ്റവും മികച്ച ഫോമില്‍ കളിക്കുന്ന ടീം ബെല്‍ജിയമാണ്. എന്നാല്‍ ബ്രസീലിനെ വീഴ്ത്താന്‍ ഇതുവരെയുള്ള കളിയൊന്നും പോരെന്നാണ് മ്യൂനിയര്‍ പറയുന്നത്. നെയ്മറിനെ മാത്രം ശ്രദ്ധിച്ചാല്‍ പോരല്ലോ, കുടീഞ്ഞോ, ഫിര്‍മിനോ, ജീസസ്, മാര്‍സലോ, ടീം മുഴുവന്‍ പ്രതിഭകളാണ് – മ്യൂനിയര്‍ പറയുന്നു.