തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷ

Posted on: July 6, 2018 9:21 am | Last updated: July 6, 2018 at 9:21 am
SHARE

സത്രീ സമൂഹം നേരിടുന്ന വലിയൊരു പ്രശ്‌നമാണിന്ന് തൊഴിലിടങ്ങളിലെ സുരക്ഷ. കടകളില്‍, ഓഫീസുകളില്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍, പോലീസില്‍, സൈന്യത്തില്‍, മാധ്യമസ്ഥാ പനങ്ങളില്‍, നിയമ നിര്‍മാണ സഭകളില്‍ നീതിന്യായ മേഖലയില്‍ തുടങ്ങി ഏത് മേഖലയിലും ലൈംഗികാതിക്രമങ്ങളും സുരക്ഷാഭീഷണിയും നേരിടുകയാണ് സ്ത്രീ സമൂഹം. നിയമനിര്‍മാണത്തിലൂടെ ഇതിന് പരിഹാരം കാണണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. ഈ ലക്ഷ്യത്തില്‍ ചെറിയൊരു കാല്‍വെപ്പാണ് 1960ലെ കേരള കടകളും സ്ഥാപനങ്ങളും ആക്ടില്‍ സംസ്ഥാന സര്‍ക്കാര്‍ വരുത്തിയ ഭേദഗതി. ഹോട്ടല്‍, റസ്‌റ്റോറന്റ് ഉള്‍പ്പെടെയുളള സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകള്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നത് തടയുകയും തൊഴില്‍ സ്ഥലത്ത് ഇരിപ്പിടം ലഭ്യമാകുന്നുവെന്ന് ഉറപ്പ് വരുത്തുകയുമാണ് ഭേദഗതിയുടെ പ്രധാന ഉദ്ദേശ്യം.
സ്ത്രീകളുടെ അന്തസ്സിനും അഭിമാനത്തിനും സംരക്ഷണം നല്‍കുന്ന രീതിയില്‍ മാത്രമേ സ്ത്രീകളെ ജോലി ചെയ്യിപ്പിക്കാവൂ, രാത്രി ജോലി ചെയ്യുന്നവര്‍ക്ക് തിരിച്ചുതാമസ സ്ഥലത്തെത്താന്‍ ആവശ്യമായ വാഹന സൗകര്യം കടയുടമ ഏര്‍പ്പെടുത്തണം. സ്ത്രീ ജീവനക്കാരുടെ ശരീരത്തില്‍ സ്പര്‍ശിക്കുക, ലൈംഗികാവശ്യങ്ങള്‍ക്കുള്ള അഭ്യര്‍ഥന, ലൈംഗിക ചുവയുള്ള സംസാരം എന്നിവയെല്ലാം കുറ്റകരമാക്കിയിട്ടുണ്ട്. അഞ്ച് പേരെങ്കിലുമുളള ഗ്രൂപ്പുണ്ടെങ്കിലേ രാത്രി ഒമ്പത് മണിക്കും രാവിലെ ആറ് മണിക്കുമിടയിലുളള സമയങ്ങളില്‍ സ്ത്രീകളെ ജോലിക്ക് നിയോഗിക്കാവൂ. ഇവരില്‍ രണ്ട് സ്ത്രീകളായിരിക്കണം തുടങ്ങിയ വ്യവസ്ഥകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
തുച്ഛമായ ശമ്പളത്തിന് യന്ത്രങ്ങളെ പോലെ ജോലി ചെയ്യുന്നവരാണ്് തുണിക്കടകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങി അസംഘടിത മേഖലകളിലെ സത്രീ തൊഴിലാളികള്‍. ജീവിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാത്തവരോ കുടുംബത്തിന്റെ മുഴുവന്‍ ഭാരവും വഹിക്കുന്നവരോ ആണ് ഇവരില്‍ വലിയൊരു ശതമാനവും. അവരുടെ നിസ്സഹായാവസ്ഥ ഉടമകള്‍ ചൂഷണം ചെയ്യുകയാണ്. തുണിക്കടകളില്‍ ഇടക്കൊന്ന് ഇരിക്കാനുള്ള അനുവാദം പോലും നല്‍കുന്നില്ല. ആകെയുള്ള വരുമാനം നഷ്ടമാകുമോ എന്ന ഭയത്താല്‍ മിക്ക പേരും തൊഴിലിടങ്ങളില്‍ അനുഭവിക്കുന്ന ചൂഷണങ്ങളും പീഡനങ്ങളും പുറത്തുപറയാറുമില്ല. അധിക സമയം തുടര്‍ച്ചയായി നില്‍ക്കുന്നത് മൂലം ചെറുപ്രായത്തില്‍ തന്നെ വേരികോസ് വെയിന്‍സ്, മൂത്രാശയ സംബന്ധമായ രോഗങ്ങള്‍, ഗര്‍ഭാശയ സംബന്ധമായ രോഗങ്ങള്‍ എന്നിവ അനുഭവിക്കുന്നവരാണ് തുണിക്കട ജീവനക്കാരില്‍ നല്ലൊരു ഭാഗവും. തുണിക്കടകളില്‍ ഇരിക്കാനുള്ള അവകാശത്തിന് വേണ്ടി 2013ല്‍ കോഴിക്കോട്, തൃശൂര്‍, ആലപ്പുഴ നഗരങ്ങളില്‍ സ്ത്രീതൊഴിലാളികള്‍ നടത്തിയ സമരത്തെ തുടര്‍ന്ന് കടയുടമകള്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായെങ്കിലും ഇപ്പോഴും പലയിടത്തും അത് നിഷേധിക്കപ്പെടുന്നുണ്ട്.

ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം അംഗീകരിച്ച നിയമ ഭേദഗതി ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ചെറിയ തോതിലെങ്കിലും പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
അതേസമയം സ്ത്രീകളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിലും സമീപനത്തിലും മാറ്റം വരാത്ത കാലത്തോളം അവര്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളും പീഡനങ്ങളും പരിഹരിക്കപ്പെടുക പ്രയാസമാണെന്നാണ് അനുഭവങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. കേവലം ഉപഭോഗവസ്തുവായാണ് ആധുനിക സമൂഹം സത്രീകളെ കാണുന്നതെന്നതാണ് അവര്‍ അനുഭവിക്കുന്ന സുരക്ഷാ പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം. സ്ത്രീകളുടെ നടപ്പിലും പെരുമാറ്റത്തിലും വന്ന മാറ്റങ്ങളും സദാചാരപരമല്ലാത്ത ജീവിത രീതിയുമാണ് സമൂഹത്തിന്റെ ഈ കാഴ്ചപ്പാടിന് ഇടവരുത്തുന്നത്. ബോളിവുഡ് നടി മല്ലികാ ഷെരാവത് പി ടി ഐക്ക് അനുവദിച്ച അഭിമുഖത്തില്‍ ഇക്കാര്യം തുറന്നു സമ്മതിക്കുന്നുണ്ട്. പല സിനിമാ നടന്മാരും സംവിധായകരും കിടക്ക പങ്കിടാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ മല്ലികാ ഷെരാവത്ത്, സിനിമയില്‍ നഗ്നത മറയാത്ത വസ്ത്രങ്ങള്‍ ധരിക്കുകയും ചുംബന രംഗങ്ങളില്‍ അഭിനയിക്കുകയും ചെയ്യുന്നത് കണ്ട് സിനിമക്ക് വെളിയിലും ഇതിനൊക്കെ സന്നദ്ധമാകുമെന്ന ധാരണയിലാണ് അവര്‍ തന്നോട് കൂടുതല്‍ സ്വാതന്ത്ര്യമെടുക്കുന്നതെന്നാണ് അഭിമുഖത്തില്‍ പറയുന്നത്. സ്‌ക്രീനില്‍ ചെയ്യുന്നതുപോലെ എന്തുകൊണ്ട് തങ്ങളോട് അടുത്ത് ഇടപഴകിക്കൂടാ എന്നായിരുന്നുവത്രെ ആണ്‍സുഹൃത്തുക്കളുടെ ചോദ്യം. ഇത് ആധുനിക സമൂഹത്തിന്റെ തന്നെ പരിച്ഛേദമാണെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

സ്ത്രീകള്‍ തന്നെയാണ് പുരുഷന്മാരെ ഞരമ്പുരോഗികളാക്കുന്നതെന്നാണ് മല്ലിക പറഞ്ഞതിന്റെ ആെകത്തുക. നഗ്നത പൂര്‍ണായി മറക്കുന്ന വസ്ത്രങ്ങളായിരുന്നു മുന്‍കാലങ്ങളില്‍ സ്ത്രീകള്‍ ധരിച്ചിരുന്നത്. പുരുഷന്മാരോടുള്ള പെരുമാറ്റത്തില്‍ അവര്‍ സൂക്ഷ്മതയും അകലവും പാലിക്കുകയും ജീവിതത്തില്‍ സദാചാര മുല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇക്കാരണത്താല്‍ സ്ത്രീകളോട് സ്വതന്ത്രമായി ഇടപഴകാന്‍ പുരുഷന്മാര്‍ ഭയപ്പെട്ടു. ഇന്ന് പൊതുരംഗത്ത് സ്ത്രീകള്‍ കൂടുതല്‍ സ്വാതന്ത്ര്യം കാണിക്കുകയും തൊഴില്‍ ശാലകളിലും കലാലയങ്ങളിലും പുരുഷന്റെ അധമവികാരങ്ങളെ ഉത്തേജിപ്പിക്കുന്ന വിധത്തില്‍ വസ്ത്രങ്ങള്‍ ധരിച്ചെത്തുകയും ചെയ്യുമ്പോള്‍, സദാചാര ജീവിതത്തില്‍ കുറെയൊക്കെ വിട്ടുവീഴ്ചക്ക് അവള്‍ സന്നദ്ധമാകുമെന്ന് ധരിച്ചു വശാവുകയാണ് പുരുഷവര്‍ഗം. അതുകൊണ്ട് സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ നിയമം കര്‍ക്കശമാക്കുന്നതോടൊപ്പം വസ്ത്രധാരണത്തില്‍ മാന്യതയും പുരുഷന്മാരുമായുള്ള ഇടപഴകലില്‍ അല്‍പ്പം അകലവും കൂടി പാലിക്കേണ്ടത് ആവശ്യമാണ്. പര്‍ദ ധരിക്കാന്‍ തുടങ്ങിയതോടെയാണ് തനിക്ക് കൂടുതല്‍ സുരക്ഷാ ബോധം കൈവന്നതെന്ന് മുമ്പ് ഒരഭിമുഖത്തില്‍ കമലാ സുരയ്യ പറഞ്ഞത് ഇവിടെ അനുസ്മരിക്കട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here