ഇനി ഞാനിരിക്കട്ടെ

സദാസമയം നിന്നുകൊണ്ട് സ്ത്രീകള്‍ ജോലി ചെയ്യുന്നത് ഒഴിവാക്കുന്നതിന് അവര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കാനുള്ള വ്യവസ്ഥ 'കേരള കടകളും സ്ഥാപനങ്ങളും നിയമ'ത്തില്‍ ഉള്‍പ്പെടുത്താനുള്ള മന്ത്രിസഭാ തീരുമാനം സ്ത്രീസുരക്ഷക്ക് കരുത്തു പകരുന്നതാണ്. കടകളിലും ഹോട്ടല്‍, റസ്‌റ്റോറന്റ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകള്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നത് തടയാനുള്ള കര്‍ശന വ്യവസ്ഥയും ഇതിലുണ്ട്. രാത്രി ഒമ്പതിന് ശേഷവും രാവിലെ ആറിന് മുമ്പും സ്ത്രീകളെ ജോലിക്ക് നിയോഗിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തും. സ്ത്രീകളുടെ അന്തസ്സിനും അഭിമാനത്തിനും സംരക്ഷണം നല്‍കുന്ന രീതിയിലേ രാത്രി ജോലി ചെയ്യിക്കാന്‍ പാടുള്ളൂ.
Posted on: July 6, 2018 9:18 am | Last updated: July 6, 2018 at 9:18 am
SHARE


പുരുഷന്മാരെക്കാള്‍ സ്ത്രീകള്‍ കൂടുതല്‍ അധിവസിക്കുന്ന പ്രദേശങ്ങളില്‍ ഒന്നാണ് കേരളം. രാജ്യത്തെ സ്ത്രീ പുരുഷ അനുപാതം കണക്കിലെടുത്താല്‍ തന്നെ ഇന്ത്യയിലെ മറ്റേതു സംസ്ഥാനത്തെക്കാളും കൂടുതല്‍ സ്ത്രീകളുള്ളത് ഇവിടെയാണെന്ന് കണ്ടെത്താനാകും. നേരത്തെയുള്ള സെന്‍സസ് പ്രകാരം ദേശീയ ശരാശരിയെക്കാള്‍ 144 സ്ത്രീകളാണ് കേരളത്തില്‍ കൂടുതലുള്ളത്. ഉയര്‍ന്ന ജീവിതനിലവാരം, വര്‍ധിച്ച സാക്ഷരതാ ശതമാനം, മേന്മയേറിയ ജീവിത സാഹചര്യങ്ങള്‍, ഉന്നതമായ ബൗദ്ധികനിലവാരം തുടങ്ങിയ വിവിധ ഘടകങ്ങളിലൂടെ ഇതര സംസ്ഥാനങ്ങളെക്കാളെല്ലാം മുന്‍പന്തിയിലാണ് കേരളം നില്‍ക്കുന്നതെങ്കിലും ഇപ്പോഴും നമ്മെ അസ്വാസ്ഥ്യപ്പെടുത്തുന്ന ചില യാഥാര്‍ഥ്യങ്ങളെ കാണാതിരിക്കാനാകില്ല. സ്ത്രീയും പുരുഷനും രണ്ട് വ്യത്യസ്ത വ്യക്തിത്വങ്ങളാണെന്നും അവരുടെ കഴിവുകള്‍ വ്യത്യസ്തമാണെന്നും അറിയാത്തവരായി ആരുമില്ല. സ്ത്രീയുടെയും പുരുഷന്റെയും പ്രകൃതിപരമായ സവിശേഷതകളിലെയും അവരുടെ ജനിതക സ്വഭാവങ്ങളിലെയും വൈരുധ്യങ്ങളും വൈജാത്യങ്ങളും പൊതുവില്‍ എല്ലാവരും അംഗീകരിക്കുന്നുണ്ടെങ്കിലും അതിനെ അഭിസംബോധന ചെയ്യാന്‍ പലപ്പോഴും നമുക്ക് കഴിയുന്നില്ല. മാത്രമല്ല, നാം നേടിയെടുത്ത എല്ലാ നേട്ടങ്ങളെയും കീഴ്‌മേല്‍ മറിക്കത്തക്കവിധത്തില്‍ സ്ത്രീ ഇവിടെ എത്രത്തോളം സുരക്ഷിതയാണെന്ന കാര്യവും പലപ്പോഴും നമ്മെ അലോസരപ്പെടുത്തുകയും അസ്വാസ്ഥ്യപ്പെടുത്തുകയും ചെയ്യുന്നു.

സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും സ്ത്രീകളുടെ പുരോഗമന കാഴ്ചപ്പാടുകളെക്കുറിച്ചുമെല്ലാം എപ്പോഴും സംസാരിക്കുന്നവര്‍ക്ക് പോലും രാജ്യത്തെ അടിസ്ഥാനപരമായ സ്ത്രീപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനോ പരിഹരിക്കാനോ കഴിഞ്ഞിട്ടില്ലെന്നതും പരമാര്‍ഥമാണ്. സ്ത്രീകള്‍ക്ക്് പ്രകൃതിനിയമങ്ങള്‍ക്കതീതമായ സ്വാതന്ത്ര്യം അസാധ്യമാണ് എന്ന വസ്തുത അംഗീകരിക്കുമ്പോള്‍ തന്നെ സ്ത്രീകള്‍ക്ക് എത്രത്തോളം സ്വാതന്ത്ര്യവും അവകാശവും പൊതു സമൂഹത്തില്‍, പ്രത്യേകിച്ച് തൊഴിലിടങ്ങളില്‍ അനുവദിച്ചു കിട്ടുന്നുവെന്ന കാര്യം ഇപ്പോഴും ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. രാജ്യത്തെ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ മുന്നേറുന്നുവെന്ന പഠനങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ കൂടി വേണം സ്ത്രീകളുടെ അവകാശങ്ങളെ കാണേണ്ടത്. അപ്രാപ്യമെന്ന് നേരത്തെ നാം ധരിച്ചുെവച്ച മേഖലകളില്‍ വരെ സ്ത്രീകളുടെ സാന്നിധ്യമെത്തിയെന്നാണ് ഇതു സംബന്ധിച്ച പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഐ ടി, ബേങ്കിംഗ്, ഇകൊമേഴ്‌സ്, ആരോഗ്യം, വ്യവസായം തുടങ്ങി സര്‍വമേഖലകളിലും സ്ത്രീകള്‍ സാന്നിധ്യമുറപ്പിച്ചിട്ടുണ്ട്. ഇന്ത്യ സ്‌കില്‍സ് റിപ്പോര്‍ട്ട് അനുസരിച്ച് ഐ ടി രംഗത്താണ് സ്ത്രീസാന്നിധ്യം ഇപ്പോള്‍ ഏറ്റവം കൂടുതലത്രെ. കേരളത്തില്‍ ജോലിക്കാരായുള്ള സ്ത്രീകളുടെ എണ്ണം വര്‍ഷം തോറും വര്‍ധിക്കുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് തൊഴില്‍ മേഖലയിലെ സ്ത്രീകളുടെ സുരക്ഷിതത്വത്തെക്കുറിച്ച് ഏറെ ചര്‍ച്ച ചെയ്യേണ്ടി വരുന്നത്. ആരോഗ്യ പൂര്‍ണവും സുരക്ഷിതവുമായ ഒരു തൊഴില്‍ അന്തരീക്ഷം ഉറപ്പു വരുത്തുന്നതിനായുള്ള നിയമം പോലും മിക്കയിടങ്ങളിലും ലംഘിക്കപ്പെടുന്നുണ്ടെന്നത് ഇതു സംബന്ധിച്ചുയരുന്ന പരാതികളുടെ എണ്ണം മാത്രമെടുത്താല്‍ മനസ്സിലാകും. തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തുന്നതിനായി ശൗചാലയങ്ങള്‍ വൃത്തിയായി സൂക്ഷിക്കണമെന്നും ശുദ്ധവായു കടന്നുവരാന്‍ പര്യാപ്തമായ ജനാലകള്‍ ഉണ്ടായിരിക്കണമെന്നും മതിയായ വെളിച്ചം, കുടിവെള്ളം എന്നിവ ഉണ്ടായിരിക്കണമെന്നെല്ലാമുള്ള അടിസ്ഥാന വ്യവസ്ഥകള്‍ പോലും പലയിടത്തും നടപ്പിലാകുന്നില്ലെന്ന് പല തൊഴിലിടങ്ങളും സന്ദര്‍ശിച്ചാല്‍ വ്യക്തമായി ബോധ്യപ്പെടും.

തൊഴിലിടങ്ങളില്‍ തുല്യമായ വരുമാനമോ മറ്റവകാശങ്ങളോ ഇല്ലാതെ കഴിയുന്ന സ്ത്രീകള്‍ എപ്പോഴും സര്‍ക്കാറുകളുടെ കാഴ്ചക്കപ്പുറത്തായിരുന്നു. ഔദ്യോഗിക കണക്കുകളില്‍പ്പെടാത്ത ഇത്തരം തൊഴിലിടങ്ങളിലെ പീഡനകഥകള്‍ പലരും പങ്കുവെക്കാന്‍ ധൈര്യപ്പെടാറുമില്ല. രാജ്യത്ത് ഓരോ ദിവസവും രണ്ട് സ്ത്രീകള്‍ വീതം തൊഴിലിടങ്ങളില്‍ പീഡനം നേരിടുന്നതായി നേരത്തെ പുറത്തുവന്ന സര്‍വേകളുടെ കണക്കുകള്‍ മാത്രം ചേര്‍ത്തു വായിക്കുമ്പോള്‍ തന്നെ ഇതിന്റെ ആഴം വ്യക്തമാകും. എന്നാല്‍ ഇപ്പോള്‍ സ്ത്രീസുരക്ഷയുമായി സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട ചില തീരുമാനങ്ങള്‍ കേരളത്തിലെ സ്ത്രീസമൂഹത്തിന് തന്നെ വലിയ ഊര്‍ജമാണ് പകര്‍ന്നു നല്‍കുന്നതെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമുണ്ടാകില്ല. സ്ത്രീകള്‍ സദാസമയം നിന്നുകൊണ്ട് ജോലി ചെയ്യുന്നത് ഒഴിവാക്കുന്നതിന് അവര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കാനുള്ള വ്യവസ്ഥ നിയമത്തില്‍ ഉള്‍പ്പെടുത്താനുള്ള മന്ത്രിസഭയുടെ തീരുമാനം സ്ത്രീസുരക്ഷക്ക് കരുത്തു പകരുന്നതാണ്. ചില വസ്ത്രശാലകളിലടക്കം സ്ത്രീ തൊഴിലാളികളുടെ മോശം അവസ്ഥയെക്കുറിച്ചുള്ള പരാതിയില്‍ വിശദീകരണം ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷനടക്കം നേരത്തെ രംഗത്ത് വന്നിരുന്നു. തൊഴില്‍ സ്ഥാപനങ്ങളില്‍ പത്ത് മണിക്കൂറിലേറെ നീളുന്ന തൊഴില്‍ സമയത്തില്‍ ഇരിക്കാനോ മൂത്രമൊഴിക്കാനോ അനുവാദം നല്‍കാതെ മനുഷ്യാവകാശം ലംഘിക്കുന്നുവെന്നായിരുന്നു പരാതി. മണിക്കൂറോളം നിന്നുകൊണ്ടു തന്നെ തങ്ങളുടെ ജോലി ചെയ്യേണ്ടി വന്നിരുന്ന ഈ സ്ത്രീകള്‍ക്ക് സ്ഥാപനത്തില്‍ നിന്നുണ്ടായിക്കൊണ്ടിരുന്നത് ഒട്ടും ആശ്വാസ്യകരമല്ലാത്ത അനുഭവങ്ങളായിരുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സ്ത്രീകള്‍ സമരരംഗത്തിറങ്ങിയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. രാവിലെ തുടങ്ങുന്ന ജോലി രാത്രി എട്ടരക്ക് കട അടച്ചാലും ചിലയിടങ്ങളില്‍ അവസാനിക്കില്ലത്രെ. തുണിത്തരങ്ങള്‍ അട്ടിവെക്കാനും മറ്റുമായി പിന്നെയും നീണ്ടു പോകും. ഉച്ചക്ക് കിട്ടുന്ന അര മണിക്കൂറിനുളളില്‍ വിശ്രമവും ഭക്ഷണവും എല്ലാം നടക്കണം. ഒരു ദിവസത്തിന്റെ പകുതിയോളം കഠിനമായ ജോലിയെടുത്താലും ലഭിക്കുന്ന കൂലി വളരെ തുച്ഛമാണ്. ഇതു പുറത്തു പറയാന്‍ പോലും പലരും തയ്യാറാകാറില്ല. മാസത്തില്‍ 30 ദിവസത്തോളം ഇവര്‍ക്ക് ജോലിക്കു ഹാജരാകേണ്ടിവരും. കുടുംബ പ്രാരാബ്ദം മൂലമാണ് പലരും സകല കഷ്ടപ്പാടും സഹിച്ച് ഇത്തരം ഇടങ്ങളില്‍ ജോലി ചെയ്യുന്നത്. ഇത്തരത്തിലുള്ള, പറഞ്ഞാല്‍ തീരാത്ത നിരവധി പ്രശ്‌നങ്ങള്‍ക്കാണ് സര്‍ക്കാര്‍ തീരുമാനം കൊണ്ട് ഒരു പരിധി വരെ പരിഹാരമാകുന്നത്. തൊഴില്‍ സ്ഥലത്ത് ഇരിപ്പിടം ലഭിക്കുന്നില്ലെന്ന തൊഴിലാളികളുടെയും വിവിധ സംഘടനകളുടെയും ഏറെ നാളായുള്ള പരാതിയുടെയും പ്രക്ഷോഭങ്ങളുടെയും ഫലമായാണു തീരുമാനമെന്ന് സര്‍ക്കാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.
ആഴ്ചയില്‍ ഒരു ദിവസം കടകള്‍ പൂര്‍ണമായി അടച്ചിടണമെന്ന വ്യവസ്ഥ ഒഴിവാക്കി തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ ഒരുദിവസം അവധി അനുവദിക്കണമെന്ന വ്യവസ്ഥയടക്കം പുതിയ നിയമത്തിന്റെ കരട് ബില്ലില്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കടകളിലും ഹോട്ടല്‍, റസ്‌റ്റോറന്റ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകള്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നത് തടയാനുള്ള കര്‍ശന വ്യവസ്ഥയും ഇതിലുണ്ട്. രാത്രി ഒമ്പതിന് ശേഷവും രാവിലെ ആറിന് മുമ്പും സ്ത്രീകളെ ജോലിക്ക് നിയോഗിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തും. അഞ്ച് പേരെങ്കിലുമുള്ള ഗ്രൂപ്പുണ്ടെങ്കിലേ ഈ സമയത്ത് സ്ത്രീകളെ ജോലിക്ക് നിയോഗിക്കാവൂ. ഈ അഞ്ച് പേരില്‍ രണ്ടു സ്ത്രീകള്‍ വേണം. സ്ത്രീകളുടെ അന്തസ്സിനും അഭിമാനത്തിനും സംരക്ഷണം നല്‍കുന്ന രീതിയിലേ രാത്രി ജോലി ചെയ്യിക്കാന്‍ പാടുള്ളൂ. രാത്രി ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് തിരിച്ച് താമസസ്ഥലത്തെത്താന്‍ വാഹനസൗകര്യം കടയുടമ ഏര്‍പ്പെടുത്തണം. ഇങ്ങനെ പോകുന്നു കരട് ബില്ലിലെ സ്ത്രീസുരക്ഷക്കു കരുത്തേകുന്ന വ്യവസ്ഥകള്‍. ഏജന്‍സികള്‍ വഴി ജോലിക്ക് നിയോഗിക്കുന്ന താത്കാലിക സെക്യൂരിറ്റി ജീവനക്കാരെയും നിയമപരിധിയില്‍ കൊണ്ടുവരുമെന്നതും ആശ്വാസകരമായ കാര്യമാണ്. ഇതിനുവേണ്ടി തൊഴിലാളിയെന്ന പദത്തിന്റെ നിര്‍വചനം വിപുലീകരിക്കുമെന്നതടക്കമുള്ള വ്യവസ്ഥകള്‍ പൊതുസമൂഹത്തിന് തന്നെ വലിയ പ്രതീക്ഷ പകരുന്നുണ്ട്.