ബ്രിട്ടനില്‍ വീണ്ടും രാസവിഷ പ്രയോഗം; മസ്തിഷ്‌കം തകര്‍ത്ത് ജീവച്ഛവമാക്കും

Posted on: July 6, 2018 9:10 am | Last updated: July 6, 2018 at 11:01 am
ഡോണ്‍ സ്റ്റെര്‍ഗസ്, ചാള്‍സ് റൗലെ

ലണ്ടന്‍: മനുഷ്യ മസ്തിഷ്‌കങ്ങളെ തകര്‍ത്ത് ജീവച്ഛവങ്ങളാക്കുന്ന രാസായുധം വീണ്ടും ബ്രിട്ടനില്‍. പേശികളുടെയും അവയവങ്ങളുടെയും പ്രവര്‍ത്തനങ്ങളെ തളര്‍ത്തി മനുഷ്യനെ വിചിത്ര സ്വഭാവത്തോടെ പെരുമാറുന്ന തരത്തിലേക്കും പിന്നീട് അബോധാവസ്ഥയിലേക്കും മാറ്റുന്ന രാസായുധ പ്രയോഗമാണ് ബ്രിട്ടനില്‍ വീണ്ടും അരങ്ങേറിയത്. ബ്രിട്ടീഷ് പൗരന്മാരായ രണ്ട് പേരാണ് രാസായുധ ആക്രമണത്തിന് ഇരയായത്. മുന്‍ റഷ്യന്‍ ചാരനും അവരുടെ മകള്‍ക്കും നേരെ കഴിഞ്ഞ മാര്‍ച്ചിലുണ്ടായ രാസായുധ ആക്രമണത്തിന് സമാനമാണ് പുതിയ ആക്രമണവും. നൊവിഷോക് എന്ന നര്‍വ് ഏജന്റാണ് രണ്ടിടങ്ങളിലും ഉപയോഗിച്ചിട്ടുള്ളത്. ഇതേത്തുടര്‍ന്ന് മുന്‍ റഷ്യന്‍ ചാരനു നേരെയുണ്ടായ ആക്രമണത്തിന്റെ വിവരങ്ങള്‍ റഷ്യയില്‍ നിന്ന് ബ്രിട്ടന്‍ തേടി.

ബ്രിട്ടീഷ് പൗരന്മാരായ ഡോണ്‍ സ്റ്റര്‍ഗെസ്, ഇവരുടെ ആണ്‍ സുഹൃത്ത് ചാള്‍സ് റൗലെ എന്നിവരാണ് രാസായുധ ആക്രമണത്തിനിരയായി ആശുപത്രിയില്‍ വിദഗ്ധ ചികിത്സയില്‍ കഴിയുന്നത്. ഇരുവരുടെയും ആരോഗ്യനില ഗുരുതരമാണ്. മുന്‍ റഷ്യന്‍ ചാരനായ സെര്‍ജി സ്‌ക്രിപാല്‍, മകള്‍ യുലിയ എന്നിവര്‍ക്ക് നേരെ ആക്രമണമുണ്ടായ വടക്കന്‍ സാലിസ്ബറിയില്‍ നിന്ന് പതിനൊന്ന് കിലോമീറ്റര്‍ അകലെയുള്ള അമെയ്ബറിയില്‍ വെച്ചാണ് ഇരുവര്‍ക്കും നേരെ വിഷപ്രയോഗം നടന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് ബ്രിട്ടീഷ് പൗരന്മാര്‍ക്ക് നേരെ വിഷപ്രയോഗം നടന്നത്. ഹെറോയ്ന്‍, കൊക്കെയ്ന്‍ തുടങ്ങിയ മയക്കുമരുന്നുകളുടെ അമിതോപയോഗത്തെ തുടര്‍ന്നാണ് ഇരുവരും ബോധരഹിതരായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. പോര്‍ട്ടോണ്‍ ഡൗണ്‍ മിലിട്ടറി റിസര്‍ച്ച് സെന്ററില്‍ നടത്തിയ പരിശോധനയിലാണ് നൊവിഷോക് പ്രയോഗമാണെന്ന് തിരിച്ചറിഞ്ഞത്. മുന്‍ സോവിയറ്റ് യൂനിയനുമായോ ചാരപ്രവര്‍ത്തനവുമായോ ഇരുവര്‍ക്കും ബന്ധമില്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായത്. ഇവര്‍ അത്യാസന്നനിലയിലാണെന്ന് ഡോക്ടര്‍മര്‍ അറിയിച്ചു.

വികസിപ്പിച്ചത് സോവിയറ്റ് യൂനിയന്‍
അബോധാവസ്ഥയില്‍ പെരുമാറിയ ഡോണ്‍ അപസ്വരങ്ങള്‍ പുറപ്പെടുവിക്കുകയും തല ചുമരില്‍ ശക്തമായി ഇടിക്കുകയും ചെയ്തതായി ഇവരുടെ സുഹൃത്ത് പറഞ്ഞു. വിയര്‍ത്തുകുളിച്ച ഇവരുടെ വായില്‍ നിന്ന് നുരവന്നതായും പറയുന്നു. പിന്നീടാണ് അബോധാവസ്ഥയില്‍ കുഴഞ്ഞുവീണത്.
ശീതയുദ്ധ കാലത്ത് സോവിയറ്റ് സൈന്യം വികസിപ്പിച്ച രാസായുധമാണ് നൊവിഷോക് എന്ന നര്‍വ് ഏജന്റ്. രണ്ടാം ലോകമഹായുദ്ധ കാലത്ത് യൂറോപ്പിലാണ് ഇത് ഉപയോഗിച്ചത്. മസ്തിഷ്‌കത്തിലെ നാഡിവ്യൂഹത്തെ തകര്‍ക്കുന്നതാണ് നൊവിഷോക്. പേശിസങ്കോചത്തിന് ഇത് കാരണമാകും. പിന്നീട് വിചിത്ര സ്വാഭാവത്തോടെയാകും ഇവര്‍ ആദ്യ ഘട്ടത്തില്‍ പ്രതികരിക്കുക. ഇതിന്റെ പ്രയോഗം ശ്വാസ തടസ്സം, ഹൃദയാഘാതം എന്നിവക്കും കാരണമാകും. വാതക രൂപത്തിലാണ് ഇവ സാധാരണഗതിയില്‍ ഉപയോഗിക്കുക. നൊവിഷോക് കുറഞ്ഞ അളവില്‍ പോലും അതീവ മാരകമാണ്. പരിചയസമ്പന്നരായ ശാസ്ത്രജ്ഞര്‍ അത്യാധുനിക ലാബുകളിലാണ് ഇവ പരിശോധിക്കുക.
അതേസമയം, മാര്‍ച്ചില്‍ ചാരന് നേരെയുണ്ടായ രാസായുധ ആക്രമണത്തില്‍ പങ്കില്ലെന്നാണ് റഷ്യ ആവര്‍ത്തിക്കുന്നത്. വീണ്ടുമുണ്ടായ രാസായുധ ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കി. പലയിടങ്ങളിലും ജനങ്ങളെ തടഞ്ഞു. ഉപേക്ഷിക്കപ്പെട്ട രീതിയില്‍ കാണപ്പെടുന്ന വസ്തുക്കള്‍ എടുക്കരുതെന്ന് മെഡിക്കല്‍ ഓഫീസര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.