ഇന്ത്യയിലേക്കില്ലെന്ന് സാക്കിര്‍ നായിക്ക്

Posted on: July 5, 2018 12:31 pm | Last updated: July 5, 2018 at 8:33 pm
SHARE

ന്യൂഡല്‍ഹി: വിവാദ സലഫി പ്രചാരകന്‍ സാക്കിര്‍ നായിക്കിന് നാടുകടത്തല്‍ നോട്ടീസ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍.
സുതാര്യമായ വിചാരണ നേരിടാന്‍ കഴിയുമെന്ന് ഉറപ്പുവരുന്നതുവരെ ഇന്ത്യയിലേക്കില്ലെന്നും സര്‍ക്കാറില്‍ നിന്ന് നീതി ലഭിക്കുമെന്ന് ബോധ്യപ്പട്ടാല്‍ ഇന്ത്യയിലേക്ക് മടങ്ങുമെന്നുമാണ് സാക്കിറിന്റെ നിലപാട്.അദ്ദേഹത്തെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ മലേഷ്യന്‍ സര്‍ക്കാര്‍ നടപടിയെടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വിവാദ മതപ്രഭാഷണങ്ങളുടെ പേരില്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നിന്ന് രക്ഷതേടിയാണ് സാക്കിര്‍ നായിക്ക് മലേഷ്യയില്‍ അഭയം തേടിയത്. 2016 ജൂലൈയിലാണ് സാക്കിര്‍ ഇന്ത്യ വിട്ടത്.

സാക്കിര്‍ നായിക് മലേഷ്യയില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിന് പിന്നാലെ അദ്ദേഹത്തെ വിട്ടുകിട്ടാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നീക്കം തുടങ്ങിയിരുന്നു.
സാക്കിര്‍ നായിക്കിന്റെ ചില മതപ്രഭാഷണങ്ങള്‍ ആളുകളെ തീവ്രവാദത്തിലേക്ക് നയിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് എതിരെ ഇന്ത്യയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ബംഗ്ലാദേശിലെ ധാക്കയിലുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരരുമായി സാക്കിര്‍ നായിക്കിന് ബന്ധമുള്ളതായും ആരോപണമുയര്‍ന്നിരുന്നു.