Connect with us

Kerala

സുല്‍ത്താനില്ലാതെ കാല്‍ നൂറ്റാണ്ട്; സ്മാരകം കടലാസില്‍ തന്നെ

Published

|

Last Updated

കോഴിക്കോട്: വിട പറഞ്ഞ് കാല്‍ നൂറ്റാണ്ടാകുമ്പോഴും ബേപ്പൂര്‍ സുല്‍ത്താന് സ്മാരകം ഉയര്‍ന്നില്ല. വൈക്കം മുഹമ്മദ് ബശീറിന്റെ 24 ാം ചരമദിനമാണിന്ന്. കഥയുടെ സുല്‍ത്താനെ കുറിച്ചുള്ള അനുസ്മരണങ്ങളും ചര്‍ച്ചകളും നഗരത്തിലും പരിസരത്തും പൊടിപൊടിക്കുമ്പോഴും സ്മാരക ചര്‍ച്ചകള്‍ മാത്രം എവിടെയുമെത്തിയില്ല.

സ്മാരകത്തിനായി സര്‍ക്കാര്‍ അനുവദിച്ച തുക പലിശയടക്കം ഇരട്ടിയോളമെത്തി നില്‍ക്കുകയാണ്. എം എ ബേബി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് സ്മാരകത്തിനായി 50 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചത്. ഇത് ഇന്ന് ഏകദേശം 84 ലക്ഷം രൂപയായി ജില്ലാ ഭരണകൂടത്തിന്റെ അക്കൗണ്ടില്‍ കിടക്കുകയാണ്. ഉചിതമായ സ്ഥലം കണ്ടെത്താന്‍ നഗരസഭയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍, ഇതുവരെ സ്ഥലം കണ്ടെത്തിയിട്ടില്ല. ജനപ്രതിനിധികളും ജില്ലാ കലക്ടറും ബഷീറിന്റെ മകന്‍ അനീസ് ബഷീറും മറ്റും അംഗങ്ങളായി സ്മാരകനിര്‍മാണ കമ്മറ്റിയുമുണ്ടാക്കിയിരുന്നു. എന്നാല്‍, പുനഃസംഘടിപ്പിക്കാത്തതിനാല്‍ ഈ കമ്മിറ്റിയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. പഴയ കമ്മിറ്റിക്ക് ഇനി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാകില്ല.

ബഷീറിന് സ്മാരകം കണ്ടെത്തുന്നതിനായി കോര്‍പറേഷന്‍ പല സ്ഥലങ്ങളും നിര്‍ദേശിച്ചിരുന്നുവെങ്കിലും ഒന്നും ഫലപ്രദമായില്ല. ബഷീറിന് ലഭിച്ച പുരസ്‌കാരങ്ങള്‍, അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍, കൈയെഴുത്ത് പ്രതികള്‍, ബഷീറിന്റെ പ്രമുഖ എഴുത്തുകാരുമായി ചേര്‍ന്നുള്ള ഫോട്ടോകള്‍ എന്നിവ സൂക്ഷിക്കാനും എഴുത്തുകാര്‍ക്ക് രചന നടത്താനുമുള്ള സംവിധാനങ്ങള്‍, വായനാമുറി തുടങ്ങിയവ ഉള്‍പ്പെട്ടതായിരുന്നു നേരത്തെ തീരുമാനിച്ചിരുന്ന ബശീര്‍ സ്മാരകം. എന്നാല്‍, സ്ഥലം കണ്ടെത്താതെ സ്മാരകം എങ്ങനെ യാഥാര്‍ഥ്യമാകുമെന്ന് ആര്‍ക്കും ഒരു ധാരണയുമില്ല.
ബേപ്പൂരില്‍ സ്ഥലം കണ്ടെത്തുമെന്ന് കോര്‍പറേഷന്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും യാഥാര്‍ഥ്യമായില്ല. വൈലാലിലെ ബശീറിന്റെ വീടും ഒറ്റ മുറിയില്‍ സൂക്ഷിച്ച ബശീറിന്റെ കൃതികളും അദ്ദേഹത്തിന് ലഭിച്ച പുരസ്‌കാരങ്ങളുമാണ് ഇപ്പോഴത്തെ സ്മാരകം. ജീവിതാനുഭവങ്ങളുടെ മൂശയില്‍ ഒരുക്കിയ നിരവധി കഥാപാത്രങ്ങളുടെയും കഥകളുടെയും സ്രഷ്ടാവായ ബശീറിനെ അറിയാനും ആ പ്രതിഭാ വിലാസത്തിന്റെ ശേഷിപ്പുകള്‍ കാണാനും ഇപ്പോഴും ബേപ്പൂരിലെ വൈലാലില്‍ വീട്ടില്‍ വിദ്യാര്‍ഥികളും ഗവേഷകരും എത്തുന്നുണ്ട്. വിവിധ സ്‌കൂളുകളില്‍ നിന്ന് നൂറ് കണക്കിന് വിദ്യര്‍ഥികളാണ് ഇവിടെ എത്തുന്നത്.
ഇന്നലെ നഗരത്തില്‍ വിവിധ പരിപാടികള്‍ ബഷീറിന്റെ ഓര്‍മക്കായി നടന്നു. ഇന്ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലും പരിപാടികളുണ്ട്. എല്ലാ വര്‍ഷവും നടക്കുന്നത് പോലെ ഇന്ന് വൈകുന്നേരവും എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും പതിവുപോലെ വൈലാലില്‍ ഒത്തുചേരും. ബഷീറിന്റെ മക്കളായ അനീസ് ബശീറും ഷാഹിനയും അതിഥികളെ സ്വീകരിക്കും. ഔപചാരികതകള്‍ മാറ്റിവെച്ചുള്ള കൂട്ടായ്മയില്‍ ആരെങ്കിലും ഒരാള്‍ ബശീറിനെ കുറിച്ച് സംസാരിക്കും.

Latest