Connect with us

Kerala

കോഴിക്കാല്‍ വിപണിയില്‍ എത്തുന്നതിന് മുമ്പ് സൂക്ഷ്മ പരിശോധന

Published

|

Last Updated

കൊച്ചി: അമേരിക്കയില്‍ നിന്ന് വന്‍തോതില്‍ കോഴിക്കാല്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ വിപണിയില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കം തുടങ്ങി. ഇത്തരം മാംസത്തിന്റെ ഉപയോഗം ഗുരുതരമായ ആരോഗ്യ പ്രശ്‌നമുണ്ടാക്കുമെന്നതിനാല്‍ കോഴിക്കാല്‍ വിപണിയിലെത്തുന്നതിന് മുമ്പ് സൂക്ഷ്മ പരിശോധന നടത്താനാണ് നീക്കം. ഇതിനായി സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി രൂപവത്കരിച്ച് റിസ്‌ക് അനാലിസിസ് നടത്തും.

കുറഞ്ഞ വിലയില്‍ കോഴിക്കാല്‍ ഇറക്കുമതി ചെയ്യുന്നതോടെ ആഭ്യന്തര കോഴി ഉത്പാദകരും പ്രതിസന്ധിയിലാകും. ഈ വിഷയം ചൂണ്ടിക്കാട്ടി കോഴി ഉത്പാദകരുടെ സംഘടന സംസ്ഥാന സര്‍ക്കാറിന് പരാതി നല്‍കിയിരുന്നു. ആളോഹരി കോഴിയിറച്ചി ഉപയോഗത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്താണ് കേരളം. പ്രതിദിനം ഒരു ലക്ഷം കിലോഗ്രാം കോഴിയിറച്ചി മലയാളികള്‍ അകത്താക്കുന്നുവെന്നാണ് കണക്ക്. എന്നാല്‍ ഉത്പാദിപ്പിക്കുന്നത് ഇതിന്റെ പത്ത് ശതമാനം മാത്രമാണ്. തമിഴ്‌നാട്ടില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിനാലാണ് നിലവില്‍ ഇറച്ചിക്കോഴി ക്ക് ക്ഷാമമില്ലാത്തത്.

കോഴിയിറച്ചിയുടെ ആഭ്യന്തര ഉത്പാദനം, വിപണനം, വിലനിയന്ത്രണം, ഗുണമേന്മ എന്നിവ ലക്ഷ്യമാക്കി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ, കെപ്‌കോ എന്നിവയുടെ സഹായത്തോടെ ഇറച്ചിക്കോഴി വളര്‍ത്തല്‍ സംരംഭം നടപ്പാക്കിവരുന്നതിനിടെയാണ് ഭീഷണിയായി കോഴിക്കാല്‍ എത്തുന്നത്. കുടുംബശ്രീ യൂനിറ്റ് വഴി വളര്‍ത്തുന്ന കോഴികള്‍ വിപണന പ്രായമെത്തുമ്പോള്‍ 85 രൂപ നിരക്കില്‍ കെപ്‌കോ വഴി വിപണനം നടത്താനാണ് സര്‍ക്കാര്‍ പദ്ധതി. ഇതിനായി തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ 1000 കോഴികളുള്ള 20 യൂനിറ്റുകള്‍ ആരംഭിച്ചിട്ടുണ്ട്. അടുത്ത നാല് വര്‍ഷം കൊണ്ട് ഇത്തരത്തില്‍ സംസ്ഥാനത്ത് 5000 യൂനിറ്റുകള്‍ ആരംഭിക്കാനാണ് ലക്ഷ്യം. എന്നാ ല്‍ ഇറക്കുമതി ചെയ്യുന്ന കോഴിക്കാല്‍ കുറഞ്ഞ വിലക്ക് ലഭിക്കുകയാണെങ്കില്‍ കെപ്‌കോയുടെ കോഴിയിറച്ചി സംരംഭം പരാജയപ്പെടും. ഇതെല്ലാം പരിഗണിച്ച് കോഴിക്കാലിന് നികുതി ഏര്‍പ്പെടുത്തി ആഭ്യന്തര കര്‍ഷകരെ സഹായിക്കണമെന്ന ആവശ്യവുമായി കേന്ദ്രത്തിന് കേരളം കത്തയച്ചിട്ടുണ്ട്.
അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷനുമായി കേന്ദ്ര സര്‍ക്കാര്‍ കരാറുണ്ടാക്കിയതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര മൃഗക്ഷേമ മത്സ്യ മന്ത്രാലയം ഇത് സംബന്ധിച്ച ചട്ടങ്ങളില്‍ ഇളവ് വരുത്തിയിരുന്നു. ഇതോടെയാണ് കോഴിക്കാല്‍ ഇറക്കുമതിക്ക് വഴിതുറന്നത്. കുറഞ്ഞ വിലക്ക് കോഴിയിറച്ചി ലഭ്യമാക്കുകയെന്ന ലക്ഷ്യം മാത്രം മുന്നില്‍കണ്ട് കേന്ദ്ര സര്‍ക്കാര്‍ ഗുണനിലവാരം ഒട്ടുമില്ലാത്ത മാംസം ഇറക്കുമതി ചെയ്യാന്‍ കരാറിലേര്‍പ്പെടുകയായിരുന്നു. ജനിതക മാറ്റം വരുത്തിയ തീറ്റയിനങ്ങളും ആന്റിബയോട്ടിക്കുകളും നല്‍കി വളര്‍ത്തുന്ന കോഴികളുടെ ശീതീകരിച്ച് സൂക്ഷിക്കുന്ന മാംസത്തിന്റെ ഉപയോഗം ജനങ്ങളില്‍ ഗുരുതര ആരോഗ്യ പ്രശ്‌നമുണ്ടാക്കുമെന്നാണ് ആശങ്ക. ഇക്കാരണത്താല്‍ മറ്റ് രാജ്യങ്ങളൊന്നും കോഴിക്കാല്‍ ഇറക്കുമതിക്ക് അനുമതി നല്‍കിയിരുന്നില്ല.

ജനിതക മാറ്റം വരുത്തിയ വിത്തിനങ്ങള്‍ ഉപയോഗിച്ച് വളര്‍ത്തിയെടുക്കുന്ന ധാന്യങ്ങള്‍ തീറ്റയായി നല്‍കിയും ആന്റിബയോട്ടിക് മിശ്രിതങ്ങള്‍ തീറ്റകളില്‍ ചേര്‍ത്തുമാണ് അമേരിക്കയില്‍ ഇറച്ചിക്കോഴികളെ വളര്‍ത്തുന്നത്. ജനിതക മാറ്റം വരുത്തിയ വിത്തിനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യയില്‍ അനുമതിയില്ലെന്നിരിക്കെയാണ് അമേരിക്ക ഭക്ഷ്യയോഗ്യമല്ലാത്തതിനാ ല്‍ ഉപേക്ഷിക്കുന്ന കോഴിക്കാല്‍ വില്‍പ്പനക്കെത്തിക്കുന്നത്.

Latest