നാലിലേക്ക് ചുരുങ്ങാന്‍ നാളെ മുതല്‍ എട്ടിന്റെ കളി

Posted on: July 5, 2018 9:52 am | Last updated: July 5, 2018 at 9:52 am
SHARE

റഷ്യയില്‍ ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കം ആരംഭിച്ചത് 32 ടീമുകളുമായിട്ട്. ഗ്രൂപ്പ് റൗണ്ടും പ്രീക്വാര്‍ട്ടറും പിന്നിട്ട് എട്ട് ടീമുകള്‍ ക്വാര്‍ട്ടറിന്റെ ആവേശപ്പോരിന് തയ്യാറെടുക്കുന്നു. ലോകചാമ്പ്യന്‍മാരായ ജര്‍മനിയും ലോകഫുട്‌ബോളര്‍പട്ടത്തിന് മത്സരിച്ച മെസിയുടെ അര്‍ജന്റീനയും ക്രിസ്റ്റ്യാനോയുടെ പോര്‍ച്ചുഗലും മുഹമ്മദ് സാലയുടെ ഈജിപ്തും മടങ്ങിക്കഴിഞ്ഞു. വലിയ സാധ്യതയുണ്ടായിരുന്ന സ്‌പെയിനും പ്രതീക്ഷ തെറ്റിച്ച് വേഗം നാട്ടിലേക്ക് മടങ്ങി.

വാതുവെപ്പുകാരുടെ ഫേവറിറ്റ്ടീമായ ബ്രസീലിന് കാലിടറിയില്ല. യുവനിരയുമായെത്തിയ ഫ്രാന്‍സ് അതിവേഗ ഫുട്‌ബോളുമായി കളം വാഴുന്നു. ഇംഗ്ലണ്ട് പഴയ ഇംഗ്ലണ്ടല്ലെന്ന് തെളിയിച്ചു. കരുതിയിരുന്നോളൂ എന്ന സൂചന നല്‍കി ബെല്‍ജിയവും വരവറിയിച്ചു. ആതിഥേയരുടെ ആവേശമായി റഷ്യയുണ്ട് ക്വാര്‍ട്ടറില്‍. പ്രതാപം വീണ്ടെടുക്കാന്‍ ഉറുഗ്വെയും അട്ടിമറി സൃഷ്ടിക്കാന്‍ ക്രൊയേഷ്യയും സ്വീഡനും. ക്വാര്‍ട്ടറിലും സെമിയിലും ലൂസേഴ്‌സ് ഫൈനലിലും ഫൈനലിലും ക്ലാസിക് മത്സരം തന്നെ പ്രതീക്ഷിക്കാം. കാരണം, ഈസി വാക്കോവറില്‍ കടന്നുവന്നവരല്ല അവസാന എട്ടിലുള്ളത്. അവസാന നിമിഷം വരെ പൊരുതിയവര്‍.

സ്വപ്ന പോരാട്ടങ്ങള്‍ക്കുള്ള സാധ്യതകള്‍ ഏറെയാണ്. എല്ലാം ഒന്നിനൊന്ന് മെച്ചമാണല്ലോ. സെമിയില്‍ ഫ്രാന്‍സ്-ബ്രസീല്‍, ഫ്രാന്‍സ് ബെല്‍ജിയം, ബ്രസീല്‍-ഉറുഗ്വെ, ബെല്‍ജിയം-ഉറുഗ്വെ പോരാട്ടങ്ങളിലൊന്നുറപ്പല്ലേ. ഇതിലേതാണ് മോശമാവുക. എങ്കിലും ലോകം കാത്തിരിക്കുന്ന പോരാട്ടം ബ്രസീല്‍-ഫ്രാന്‍സ് ആയിരിക്കും. രണ്ടാം സ്ഥാനം ബ്രസീല്‍-ഉറുഗ്വെക്കാണ്. ബെല്‍ജിയം-ഫ്രാന്‍സ് മൂന്നാം സ്ഥാനത്തും ഉറുഗ്വെ-ബെല്‍ജിയം നാലാം സ്ഥാനത്തും.
രണ്ടാം സെമിയില്‍ റഷ്യ-സ്വീഡന്‍, റഷ്യ-ഇംഗ്ലണ്ട്, ക്രൊയേഷ്യ-ഇംഗ്ലണ്ട്, ക്രൊയേഷ്യ-സ്വീഡന്‍ പോരാട്ടങ്ങളിലൊന്ന് വരും. ഇതില്‍, ഇംഗ്ലണ്ട്-ക്രൊയേഷ്യ പോരാട്ടമാകും സൂപ്പര്‍. റഷ്യ-സ്വീഡന്‍ പോരാട്ടം ആവേശകരമാകും, പക്ഷേ അതിന് ഇംഗ്ലണ്ട്-ക്രൊയേഷ്യ മത്സരത്തിന് ലഭിക്കുന്ന ആഗോള സ്വീകാര്യതയുണ്ടാകില്ല.

ഉറുഗ്വെ-ഫ്രാന്‍സ് :

ഗ്രൂപ്പ് റൗണ്ടിലും പ്രീക്വാര്‍ട്ടറിലും സ്ഥിരതയുള്ള പ്രകടനമായിരുന്നു ഉറുഗ്വെയുടേത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ പ്രീക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചാണ് ഉറുഗ്വെ ഏറ്റവും ഒടുവില്‍ കരുത്തറിയിച്ചത്. എഡിന്‍സന്‍ കവാനിയുടെ സ്‌ട്രൈക്കിംഗ് പവര്‍ ഫുട്‌ബോള്‍ ലോകം കണ്ടറിഞ്ഞു. ലൂയിസ് സുവാരസും നിര്‍ണായക ഘട്ടത്തില്‍ സ്‌കോര്‍ ചെയ്തിരുന്നു.
ഡിയഗോ ഗോഡിന്‍ നയിക്കുന്ന ഡിഫന്‍സും ഉറുഗ്വെയുടെ ഹൈലൈറ്റാണ്. ഫ്രാന്‍സിന്റെത് യുവനിരയാണ്. അതിവേഗത്തില്‍ ലക്ഷ്യത്തിലേക്ക് കുതിക്കുന്ന കിലിയന്‍ എംബാപെയും കിടിലന്‍ പാസുകളുമായി കളം നിറയുന്ന ഗ്രിസ്മാനും ഗോള്‍ മുഖം വിറപ്പിക്കുന്ന ജിറൂദും മധ്യനിരയിലെ ശക്തികേന്ദ്രമായ കാന്റെയും ചേരുന്ന ഫ്രാന്‍സ് ലോകോത്തര നിരയാണ്. എന്നാല്‍, ഇനിയും മുഴുവന്‍ ഫോമിലേക്ക് ടീം എത്തിയിട്ടില്ല. അര്‍ജന്റീനയെയാണ് പ്രീക്വാര്‍ട്ടറില്‍ കെട്ടുകെട്ടിച്ചത്.

ബ്രസീല്‍ – ബെല്‍ജിയം :

റഷ്യ ലോകകപ്പിലെ ഏറ്റവും ആവേശം കൊള്ളിക്കുന്ന ഫിക്‌സിചറാണിത്. ഓരോ മത്സരം കഴിയും തോറും കരുത്താര്‍ജിക്കുന്ന ബ്രസീലും യൂറോപ്യന്‍ പവര്‍ഹൗസുകളെ പോലെ ആക്രമിച്ചു കളിക്കുന്ന ബെല്‍ജിയവും ഫുട്‌ബോള്‍ വിരുന്നൊരുക്കും. സ്വിറ്റ്‌സര്‍ലന്‍ഡിന് മുന്നില്‍ കളി മറന്ന ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍ മെക്‌സിക്കോയെ തോല്‍പ്പിച്ചത് വ്യക്തമായ ഗെയിം പ്ലാനോടെയായിരുന്നു. നെയ്മര്‍ പതിയെ ഫോം കണ്ടെത്തുന്നു. കുടീഞ്ഞോയും പൗളിഞ്ഞോയും ഫിര്‍മിനോയും തിയഗോ സില്‍വയും മിറാന്‍ഡയും എണ്ണയിട്ട യന്ത്രം പോലെ കളിക്കുന്നു.
ബെല്‍ജിയം അവരുടെ മുഴുവന്‍ ആയുധങ്ങളെയും പരിചയപ്പെടുത്തിക്കഴിഞ്ഞു. ജപ്പാനെതിരെ പ്രീക്വാര്‍ട്ടറില്‍ രണ്ട് ഗോളുകള്‍ക്ക് പിറകിലായ ശേഷം മൂന്ന് ഗോളുകള്‍ തിരിച്ചടിച്ചാണ് അവര്‍ ഞെട്ടിച്ചത്.

റഷ്യ-ക്രൊയേഷ്യ:

ആതിഥേയരായ റഷ്യ ഗോള്‍ വര്‍ഷത്തോടെയാണ് തുടങ്ങിയത്. പ്രീക്വാര്‍ട്ടറില്‍ സ്‌പെയ്‌നിനെ ഷൂട്ടൗട്ടില്‍ വീഴ്ത്തിയ റഷ്യയില്‍ നിന്ന് അത്ഭുതങ്ങള്‍ ഇനിയും പ്രതീക്ഷിക്കാം. കറുത്ത കുതിരകള്‍ ആരെന്ന ചോദ്യത്തിന് ക്രൊയേഷ്യെന്ന് പറയേണ്ടി വരും. 1998 ലോകകപ്പിലേത് പോലെ ക്രൊയേഷ്യ കുതിക്കുകയാണ്. ഗ്രൂപ്പ് റൗണ്ടില്‍ അര്‍ജന്റീനയെ തകര്‍ത്തുവിട്ടതാണ് ലൂക മോഡ്രിച് നയിക്കുന്ന ക്രൊയേഷ്യക്ക് ടൂര്‍ണമെന്റില്‍ കപ്പോളമെത്താനുള്ള ആത്മവിശ്വാസം നല്‍കുന്നത്. പ്രീക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിനെ ഷൂട്ടൗട്ടില്‍ കീഴടക്കിയതോടെ അവരുടെ മനസാന്നിധ്യം പരീക്ഷിക്കപ്പെട്ടു.

സ്വീഡന്‍ – ഇംഗ്ലണ്ട് :

ഇംഗ്ലണ്ട് ഗംഭീരമാണ്. പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ താര നിര. ഗോളടിച്ച് കൂട്ടുന്ന ക്യാപ്റ്റന്‍ ഹാരി കാന്‍. യുവാക്കളുടെ ട്രെന്‍ഡറിയുന്ന കോച്ച് സൗത്‌ഗേറ്റ്. ഏത് പൊസിഷനിലും മികച്ച താരങ്ങള്‍ മാത്രം. കപ്പടിക്കാന്‍ ഇംഗ്ലണ്ടിന് ഇനി കാത്തിരിക്കേണ്ടതില്ല. റഷ്യയില്‍ വലിയ സാധ്യതയുണ്ട്. ഷൂട്ടൗട്ടില്‍ കൊളംബിയയെ കീഴടക്കിയതോടെ പതറിപ്പോകുന്നവര്‍ എന്ന ദുഷ്‌പ്പേരും ത്രീ ലയണ്‍സ് മാറ്റിയെടുത്തു.
സ്വീഡന്റെ ഗെയിം ആകര്‍ഷകമല്ല. പക്ഷേ, അവര്‍ ജയിക്കുന്നു. അതാണ് പരമപ്രധാനം.സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ ഒരു ഗോളിന് ജയിച്ച് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച സ്വീഡന് ഇംഗ്ലണ്ടിനെ മറികടക്കുക ഭഗീരഥ പ്രയത്‌നമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here