കരിപ്പൂരില്‍ ഇടത്തരം വിമാനങ്ങള്‍ക്ക് അനുമതി ഉടന്‍

Posted on: July 5, 2018 9:41 am | Last updated: July 5, 2018 at 12:53 pm
SHARE

കൊണ്ടോട്ടി: വലിയ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചതിന് പിറകെ ഇടത്തരം വിമാനങ്ങളെയും കരിപ്പൂരില്‍ നിന്നകറ്റിയ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നിഷേധ നിലപാടിനെതിരെ കേരളത്തില്‍ നിന്നുള്ള എം പി മാര്‍ സമ്മര്‍ദം ശക്തമാക്കിയതോടെ നീക്കത്തില്‍ നിന്ന് അധികൃതര്‍ പിന്മാറുന്നു. 410 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ജംബോ വിമാനങ്ങള്‍ കരിപ്പൂരില്‍ വര്‍ഷങ്ങളോളം സര്‍വീസ് നടത്തിയിരുന്നു. റണ്‍വേ റീകാര്‍പെറ്റിംഗിന് വേണ്ടി താത്കാലികമായി വിമാനങ്ങള്‍ക്കുള്ള അനുമതി റദ്ദാക്കിയിരുന്നു. റണ്‍വേ റീകാര്‍പെറ്റിംഗ് പ്രവര്‍ത്തികള്‍ പൂര്‍ത്തിയായതിന് ശേഷവും വലിയ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചു. മംഗലാപുരം വിമാന ദുരന്തവും റണ്‍വേക്ക് നീളം പോരെന്നുമുള്ള അടിസ്ഥാന രഹിതമായ കാരണങ്ങളാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഇതിന് കാരണമായി പറഞ്ഞിരുന്നത്.

രാജ്യത്തെ മികച്ച വിമാനത്താവളങ്ങളിലും ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുക്കുന്ന ഏഴ് വിമാനത്താവളങ്ങളിലും ഉള്‍പ്പെട്ട കരിപ്പൂരില്‍ ഇടത്തരം വിമാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കരിപ്പൂര്‍ വിമാനത്താവളാധികൃതര്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡി ജി സി എയിലെയും അതോറിറ്റിയിലെയും ഉന്നത ഉദ്യോഗസ്ഥര്‍ കരിപ്പൂര്‍ സന്ദര്‍ശിക്കുകയും റണ്‍വേ, ടെര്‍മിനല്‍ സൗകര്യങ്ങള്‍ തുടങ്ങിയവ പരിശോധിച്ച് അനുമതി നല്‍കുന്നതിന് തടസ്സമില്ലെന്ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.
ഡല്‍ഹി കേന്ദ്ര ഓഫീസില്‍ ഇടത്തരം വിമാനങ്ങള്‍ക്ക് അനുമതി തേടിയുള്ള കത്ത് ലഭിച്ച് ആറ് മാസമായിട്ടും അനുകൂല തിരുമാനമില്ലാത്തതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശ പ്രകാരം കേരളത്തില്‍ നിന്നുള്ള എം പി മാര്‍ വ്യോമയാന മന്ത്രാലയത്തിലും എയര്‍പോര്‍ട്ട് അതോറിറ്റിയിലും സമ്മര്‍ദം ശക്തമാക്കുകയും പാര്‍ലിമെന്റിനകത്തും പുറത്തും പ്രതിഷേധ സമരത്തിന് തയ്യാറാകുകയും ചെയ്തിരുന്നു. പ്രതിഷേധം ശക്തമാകുമെന്ന് ഉറപ്പായതോടെ ഇന്നലെ ഡല്‍ഹിയില്‍ എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ യോഗം ചേര്‍ന്നു. കരിപ്പൂരില്‍ ഇടത്തരം വിമാനങ്ങള്‍ക്ക് അനുമതി നല്‍കുന്നതിന് തടസ്സമില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ എം പിമാരെ അറിയിച്ചതായാണ് വിവരം. മലയാളിയായ ഉദ്യോഗസ്ഥന്‍ തന്നെ അനുമതി നല്‍കുന്നതിനെതിരെ പ്രവര്‍ത്തിച്ചെന്നുള്ള ആരോപണമുണ്ടായിരുന്നു.

കരിപ്പൂരില്‍ ഇടത്തരം വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കുന്നതോടെ സഊദി എയര്‍ലൈന്‍സ് ജിദ്ദ കോഴിക്കോട് സെക്ടറിലേക്ക് സര്‍വീസ് നടത്താന്‍ തയ്യാറായിട്ടുണ്ട്. സഊദി എയര്‍ലൈന്‍സിന് അനുമതി ലഭിക്കുന്നതോടെ എയര്‍ ഇന്ത്യയും ഈ സെക്ടറില്‍ സര്‍വിസ് ആരംഭിക്കും. നേരത്തെ എയര്‍ ഇന്ത്യ, സഊദി എയര്‍ലൈന്‍സ്, ഇത്തിഹാദ് കമ്പനികളുടെ ജംബോ വിമാനങ്ങള്‍ സര്‍വിസ് നടത്തിയിരുന്നു. ഇടത്തരം വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചതിനാല്‍ വര്‍ഷങ്ങളായി കരിപ്പൂരില്‍ ഹജ്ജ് സര്‍വീസ് മുടങ്ങിയിരിക്കയാണ്.